പെസഹായുടെ ഓർമ്മയിൽ                                                                                                                                                                                                                                                         ️

ഈശോ അന്ന് നടത്തിയ പാദക്ഷാളനവും കുർബാന സ്ഥാപനവും ധ്യാനിക്കുന്ന ദിനമാണിന്ന്. കർത്താവായ ഈശോയെ കുറച്ചുകൂടി അടുത്തറിയുവാനും അവൻ ജീവിതംകൊണ്ടെഴുതിയ സ്നേഹത്തിന്റെ പുതിയ കൽപന ജീവിതഭാഗമാക്കാനും ഈ ദിനത്തിലെ ബലിയർപ്പണവും പ്രാർഥനകളും സഹായകമാകട്ടെ.

മനുഷ്യനായവതരിച്ച ദൈവപുത്രൻ ഇതാ തന്റെ ശിഷ്യരുടെ പാദങ്ങൾ ഒരു ദാസനെപ്പോലെ കഴുകുന്നു. അതെല്ലാം കഴിയുമ്പോൾ അവരെ ആകപ്പാടെ അതിശയിപ്പിച്ചുകൊണ്ട് അവനിതാ സ്വയം കുർബാനയാകുന്നു. അന്നോളം അവരുപയോഗിച്ചിരുന്ന അപ്പവും വീഞ്ഞും തന്റെ ശരീരത്തിന്റേയും രക്തത്തിന്റേയും പ്രതീകമാക്കിമാറ്റി തന്റെ പ്രിയപ്പെട്ടവർക്കായി പകുത്തേകുന്നു. ലോകത്ത് അന്നോളം കേട്ടുകേൾവിയില്ലാത്തതും ആരും കണ്ടിട്ടില്ലാത്തതുമായ ഒരു മഹാസംഭവം. വിസ്മയഭരിതരായി നിൽക്കുന്ന ശിഷ്യരോട് അവൻ ആവശ്യപ്പെട്ടത് “നിങ്ങൾ ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് മാത്രം…” അധികം വാക്കുകളില്ല, വിശദീകരണങ്ങളില്ല.. എങ്കിലും മനസിലാകേണ്ടവർക്ക് മനസിലാക്കാൻ അതിൽ എല്ലാമുണ്ടായിരുന്നു. ഇതായിരുന്നു ഈശോയുടെ അവസാന അത്താഴം, ഇങ്ങനെയായിരുന്നു ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്.

ഇങ്ങനെയൊക്കെയായിരുന്നു പെസഹായുടെ ആ രാതിയിൽ സംഭവിച്ചതെന്ന് വിശുദ്ധ യോഹന്നാനും പൗലോസും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതേ പകുത്തേകൽ എന്നും തുടരുന്നതിനായാണ് അവൻ പൗരോഹിത്യം സ്ഥാപിച്ചത് എന്ന സത്യം ആർക്കും വിസ്മരിക്കാനുമാവില്ല.. അവന്റെ പൗരോഹിത്യത്തിൽ വ്യത്യസ്തമായ രീതികളിൽ ഭാഗഭാക്കുകളായവർ അനേകരാണ്. ചിലർ പൗരോഹിത്യമെന്ന കൂദാശ സ്വീകരിച്ചും മറ്റുള്ളവർ അവന്റെ രാജകീയ പൗരോഹിത്യത്തിലേക്ക് മാമോദീസയിലൂടെ പങ്കുചേർന്നുമാണിത് സാധ്യമാക്കുന്നത്.

ഞാൻ പുരോഹിതനായതും ഇതേ ലക്ഷ്യം മുന്നിൽ കണ്ടല്ലേ. എന്നിട്ടോ…?

ക്രിസ്തു അന്ന് സ്ഥാപിച്ച പൗരോഹിത്യം എന്താണ് എന്ന് കൃത്യമായി മനസിലാക്കുകയും അവൻ തുറന്നിട്ട വഴിയാണ് എന്റേതും എന്ന് ഉള്ളിൽ ഉറപ്പിക്കുകയും കുറേയേറെ വർഷങ്ങൾ പ്രാർഥിക്കുകയും പരിശീലനത്തിനത്തിലേർപ്പേടുകയും ചെയ്താണ് ഞാനും പുരോഹിതനായത്. ഈയൊരു പൗരോഹിത്യ യാത്രയിൽ, മറ്റൊരു ക്രിസ്തുവായി ജീവിക്കാം എന്നുള്ള ഏറ്റുപറച്ചിലിനെ അനേകരെ സാക്ഷിയാക്കി വലിയ ആഘോഷമാക്കി മാറ്റുകയും അതിൽ ഏറെ സന്തോഷിക്കുകയും ചെയ്തു എന്നത് സത്യമാണ്. ഈയൊരു ദിനത്തിലേക്കെത്താനും അതിൽ മതിമയങ്ങി ജീവിക്കാനുമായിരിക്കരുത് ഒരാൾ പുരോഹിതനാകുന്നത് എന്ന വസ്തുതയും പരിശീലനനാളുകളിൽ ഓർമ്മിച്ചിട്ടുണ്ട്. എന്നാൽ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞപ്പോൾ എന്നിലെ പുരോഹിതന് എന്താണ് സംഭവിച്ചത്? ഞാൻ ശരിക്കും മറ്റൊരു ക്രിസ്തുവായോ? അതോ ഞാനിപ്പോഴൂം യാത്ര തുടങ്ങിയ അതേ സ്ഥലത്തുതന്നെ നിൽക്കുകയാണോ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എളുപ്പമാണോ എന്ന് സ്വയം ചോദിച്ചാൽ അതെയെന്നും അല്ലായെന്നും ഞാൻ പറയും. കർത്താവിലേക്ക് കൃത്യമായി നോക്കിയാൽ മാത്രം മതി ഞാനെത്രമാത്രം ക്രിസ്തുവായി മാറിയിട്ടുണ്ട് എന്നറിയാൻ, ഉത്തരം കിട്ടാൻ.

ഈ പെസഹാദിനം ഒരു തിരിഞ്ഞുനോട്ടത്തിന്റെ ദിനമാണെനിക്ക്. ഞാൻ ശരിക്കും എവിടെയെത്തിയെന്നതിനെ പരിശോധിക്കുന്ന ദിവസം. ഈശോയുടെ ഓർമ്മയ്ക്കായി പെസഹായുടെ കർമങ്ങൾ അനുഷ്ഠിക്കുവാൻ ഏത് പുരോഹിതനും എളുപ്പമാണ്. എന്നാൽ അവൻ അന്ന് കടന്നുപോയതുപോലുള്ള വൈകാരികത അതിലുണ്ടാകില്ലാ എന്നുമാത്രം. ഞാൻ അവനാകാതെ പോകുന്ന എന്റെ പൗരോഹിത്യം ശരിക്കും അവനെ കളിയാക്കുകയല്ലേ?

പലയിടങ്ങളിൽ നിന്നായി പൗരോഹിത്യദിനാശംസകൾ ലഭിക്കുമ്പോൾ അതെന്നെ സന്തോഷിപ്പിക്കുന്നുണ്ട്, അതുപോലെ ഭയപ്പെടുത്തുന്നുമുണ്ട്. നീയെന്ന പുരോഹിതനാൽ ഞങ്ങൾ അനുഗ്രഹീതരാണ് എന്ന വാചകങ്ങളൊക്കെ എത്രയോ വലിയ പ്രതീക്ഷകളെയാണ് ഓർമ്മപ്പെടുത്തുന്നത്. എന്നെ ഒരു പുരോഹിതനായി കാണുന്നവരും കർത്താവിന്റെ പേരിൽ ഞാൻ നടത്തുന്ന എന്റെ ശൂശ്രൂഷകളുടെ ഭാഗമാകുന്നവരും പ്രതീക്ഷിക്കുന്നത് എന്നിൽ മറ്റൊരു ക്രിസ്തുവിനെത്തന്നെയാണ്. ഇപ്രകാരമായിരിക്കണം എപ്പോഴും എന്റെ ജീവിതം എന്ന് ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും കൂടുതൽ സമയവും ഞാൻ ക്രിസ്തുവാകാതെ വെറുമൊരു മനുഷ്യനായാണല്ലോ ജീവിക്കുന്നത് എന്നതാണെന്റെ ഭയം.

ഈശോയെ, ശരിക്കും നിന്റെ ഓർമ്മയ്ക്കായി ബലിപീഠത്തിലേക്കണയാൻ എന്നിൽ എന്തെങ്കിലും നന്മ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ…? ഇനിയെന്നാണ്, എപ്പോഴാണ് ഞാൻ നീയാകുന്നത്…?

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.