സന്യസ്തര്‍ക്കെതിരായ അപവാദ പ്രചരണം: നിയമനടപടിക്ക് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ നീക്കം

കൊച്ചി: സന്യസ്തരെ ലക്ഷ്യം വച്ചുള്ള അപവാദപ്രചാരണങ്ങള്‍ക്കെതിരെ കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു. സന്യാസിനികളെ അവഹേളിച്ചു നടത്തിയ ഫോട്ടോഷൂട്ടിനെതിരെയും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ഐക്യജാഗ്രത കമ്മീഷന്റെ സമര്‍പ്പിത കൂട്ടായ്മയായ വോയ്‌സ് ഓഫ് നണ്‍സിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സന്യാസിനികള്‍ കേരളത്തിലുടനീളം പരാതികള്‍ നല്കി.

സ്ത്രീത്വത്തെയും ക്രൈസ്തവവിശ്വാസത്തെയും സന്യാസജീവിതാന്തസിനെയും നിരന്തരം അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വോയ്‌സ് ഓഫ് നണ്‍സ് എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

സന്യസ്തരെ സംരക്ഷിക്കാനെന്ന പേരില്‍ ചില രാഷ്ട്രീയ മതസംഘടനകള്‍ രംഗത്തുവരികയും അവഹേളനപരമായ അപവാദ പ്രചാരണങ്ങള്‍ നിരന്തരം നടത്തുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ ആസൂത്രണങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും സത്വര നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളോട് കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ നേതൃത്വത്തില്‍ ആവശ്യപ്പെടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.