മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ കാരണം അറിയാമോ?

കത്തോലിക്കരായ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഒരു മുഖ്യപങ്കും മുട്ടുകുത്തിയുള്ള പ്രാര്‍ത്ഥനകളാണ്. വിശുദ്ധ കുര്‍ബാനയിലും നാം മുട്ടുകുത്താറുണ്ട്. എന്നാല്‍ ഇതെന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ക്രിസ്തുതന്നെയാണ് നമുക്ക് ഇവിടെയും മാതൃകയായിട്ടുള്ളത്. മാത്രവുമല്ല ക്രിസ്തുവിനെ മുട്ടുകുത്തി വണങ്ങിയ സംഭവങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാ: യോഹ 9:35-38

യഥാര്‍ത്ഥത്തില്‍ ദൈവാരാധനയുടെ ഒരു ഭാഗമാണ് മുട്ടുകുത്തിയുള്ള പ്രാര്‍ത്ഥന. നമ്മുടെ ആത്മീയമനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. എളിമയുടെ ഭാഗമാണ് ഇത്. സര്‍വസ്രഷ്ടാവായ ദൈവത്തിന് മുമ്പില്‍ നാം നമ്മുടെ നിസ്സാരത തിരിച്ചറിയുന്നു, നമ്മുടെ അഹങ്കാരവും ഞാനെന്ന ഭാവവും ഉപേക്ഷിച്ച് ദൈവത്തിന് മുമ്പില്‍ എളിമപ്പെടാനും വിനീതരാകാനും നാം തയ്യാറാകുന്നുവെന്നതിന്റെ സൂചനയും ഇതിലുണ്ട്.

അതെ സര്‍വ്വശക്തനായ ദൈവത്തിനു ആരാധനയും മഹത്വവും അര്‍പ്പിക്കുന്നതിന്റെയും അവിടുത്തെ മുമ്പില്‍ എളിമപ്പെടുന്നതിന്റെയും ഭാഗമായാണ് നാം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.