ഒഡീഷയിലെ ഹൈന്ദവവിധവയ്ക്ക് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടപ്പോള്‍…

കോമള ദേവി  എന്നായിരുന്നു ആ ഹൈന്ദവ സ്ത്രീയുടെ പേര്. വിധവയായിരുന്നു അവര്‍. പതിവുപോലെ അടുക്കളയിലേക്ക് ആവശ്യമായ വിറകുപെറുക്കാനായി പാര്‍ട്ടാമ മലയിലേക്ക് പോയതായിരുന്നു കോമള ദേവി. വര്‍ഷം 1994 മാര്‍ച്ച് അഞ്ച് പെട്ടെന്നാണ് വെളുത്തവസ്ത്രം ധരിച്ച ഒരു യുവാവിനെ ഇത്തിരി അകലെയായി അവര്‍ കണ്ടത്. നീണ്ട താടിയും മുടിയുമുള്ള സുന്ദരനായ ചെറുപ്പക്കാരന്‍.  ഏതാനും നിമിഷങ്ങള്‍ക്കകം അയാള്‍ മാഞ്ഞുപോയി. എവിടെ നിന്ന് വന്നുവെന്ന് അറിയാത്തതുപോലെ എവിടേയ്ക്ക് പോയി എന്നും കോമളദേവിക്ക് മനസ്സിലായില്ല. കണ്ട കാഴ്ചയുടെ അമ്പരപ്പില്‍ കോമള ദേവി നില്ക്കുമ്പോള്‍ മറ്റൊരു അത്ഭുതംകൂടി അവരുടെ കണ്‍മുമ്പില്‍ തെളിഞ്ഞു. ആ ചെറുപ്പക്കാരന്‍ നിന്നിരുന്നിടത്ത് അതാ സുന്ദരിയായ ഒരു സ്ത്രീ. ആ സുന്ദരി കോമളാദേവിയെ തന്റെ അടുക്കലേക്ക് വിളിച്ചു.

കോമളാദേവി ഒരിക്കല്‍ പോലും മനസ്സില്‍ വിചാരിക്കാതിരുന്ന കാര്യമാണ്  ആ സുന്ദരി ആവശ്യപ്പെട്ടത്. ഇവിടെയുള്ള കത്തോലിക്കാ പുരോഹിതനോട് ഒരു ദേവാലയം നിര്‍മ്മിക്കാന്‍ പറയുക. നിത്യവുംപാപികളുടെ മാനസാന്തരത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. കോമള ദേവി തന്റെ അനുഭവം അയല്‍ക്കാരുമായി പങ്കുവച്ചു. പക്ഷേ അവര്‍ അവളെ പരിഹസിക്കുകയാണ് ചെയ്തത്.  ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പന്ത്രണ്ടുവയസുകാരനായ ഒരു ബാലന്‍ കോമളദേവിയുടെ അടുക്കലെത്തുകയും തന്നോടുകൂടി മലമുകളിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെവച്ച് കോമളദേവി വീണ്ടും ആ സുന്ദരിയെ കണ്ടുമുട്ടി. അന്ന്  ആ സുന്ദരി താന്‍ ആരാണെന്ന് കോമളദേവിക്ക് പരിചയപ്പെടുത്തി. ഞാന്‍ ക്രിസ്തുവിന്റെ അമ്മയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, ദൈവത്തിന്റെ സമാധാനവും ശാന്തിയും സ്‌നേഹവുമുള്ള  രാജ്യം ഇവിടെ സ്ഥാപിതമാകുന്നതിന് വേണ്ടി.. ഇത്തവണ കോമള ദേവി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത് നഗനപാദനായി ജീവിക്കുന്ന മിഷനറി വൈദികനായ ഫാ. അല്‍ഫോന്‍സിനോടായിരുന്നു. അച്ചന്‍ കോമളാദേവിയെ വിശ്വസിച്ചു. അദ്ദേഹം ഉടന്‍ തന്നെ ഒരു കമ്മിറ്റി രൂപീകരിച്ചു, മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ട ആല്‍മരത്തിന് സമീപം ഒരു ഗ്രോട്ടോ ഉണ്ടാക്കാനുള്ള തീരുമാനം അവര്‍ എടുത്തത് അങ്ങനെയാണ്. 

കോമളാദേവി പിന്നീട് മാമ്മോദീസാ മുങ്ങി ആഗ്നസായി. ഇന്ന് ഇവിടം ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. തന്നെ തേടിവരുന്നവര്‍ക്കെല്ലാം അഭയവും ആശ്വാസവും നല്കുന്ന വരപ്രസാദപൂര്‍ണ്ണയായ അമ്മയായി പരിശുദ്ധ കന്യാമറിയം ഇവിടെ  സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.