നിത്യസഹായമാതാവിന്റെ ചിത്രം എല്ലാ കുടുംബങ്ങളിലും ഉണ്ടായിരിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

മാതാവിന്റെ ചിത്രങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഉണ്ടാവാം. എന്നാല്‍ നിത്യസഹായ മാതാവിന്റെ ചിത്രങ്ങള്‍ എത്ര കുടുംബങ്ങളിലുണ്ട്? മാതാവിന്റെ നിരവധിയായ ചിത്രങ്ങളുടെയും രൂപങ്ങളുടെയും കൂട്ടത്തില്‍ നിര്‍ബന്ധമായും നിത്യസഹായമാതാവിന്റെയും ഉണ്ടായിരിക്കണമെന്നാണ് മരിയന്‍പണ്ഡിതന്മാരുടെയും മരിയഭക്തകരുടെയും അഭിപ്രായം. അതിലേക്കായി അവര്‍ പറയുന്നത് പ്രധാനമായും മൂന്നു കാരണങ്ങളാണ്.

1 മാതാവിന്റെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു

നിത്യസഹായമാതാവിന്റെ ചിത്രത്തില്‍ നാം കാണുന്നത് മാതാവിന്റെ കൈകളില്‍ ഭയചകിതനായിരിക്കുന്ന ഉണ്ണീശോയെയാണ്. ഇതില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ദൈവം പോലും ഈ ലോകത്തിലെ ഏറ്റവും വിശുദ്ധയായ സ്ത്രീയുടെ കൈകളില്‍ അഭയം കണ്ടെത്തിയിരിക്കുന്നു എന്നതാണ്. ജീവിതത്തില്‍ നിരവധിയായ പരീക്ഷണങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ നമുക്ക് നിശ്ചയമായും സഹായം തേടാവുന്ന ഉത്തമ സങ്കേതമാണ് മറിയം എന്നതാണ് ഈ ചിത്രം നമുക്ക് നല്കുന്ന പ്രതീക്ഷയും പ്രത്യാശയും.

2 കൂടെയുണ്ടെന്ന് ആ ചിത്രം നമ്മോട് പറയുന്നു


മുകളില്‍ സൂചിപ്പിച്ചതുപോലെ ഭയചകിതനായ ഈശോയെ ആശ്വസിപ്പിക്കുന്ന മാതാവ് നമ്മോട് പറയുന്നതും ഇതാണ്. ഞാന്‍ നിന്റെ കൂടെയുണ്ട്. ഞാനൊരിക്കലും നിന്നെ തനിയെ വിടുകയില്ല. ജീവിതത്തിലെ ഏതു സങ്കടങ്ങളിലും പരിശുദ്ധ അമ്മ നമ്മുടെ കൂടെയുണ്ട്.

3 നമുക്ക് പ്രത്യാശ നല്കുന്നു

തനിക്ക് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പീഡാനുഭവങ്ങളെയോര്‍ത്താണ് ഈശോ ഭയപ്പെട്ടതെന്നും അങ്ങനെ ഭയന്ന് മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നതിന്റെ ചിത്രമാണ് അതെന്നുമാണല്ലോ പാരമ്പര്യവിശ്വാസം. പീഡാനുഭവങ്ങള്‍ക്ക് ശേഷം ഉത്ഥാനത്തിന്റെ സന്തോഷവും നമുക്കുണ്ട്. ക്രിസ്തുവിന്റെ ശിരസില്‍ അണിഞ്ഞിരിക്കുന്ന കിരീടം സൂചിപ്പിക്കുന്നത് അവിടുന്ന് ഭൂമിയുടെയും രാജാവാണ് എന്നാണ്. ജീവിതത്തില്‍ എന്തെല്ലാം കുരിശുകള്‍ ചുമക്കേണ്ടിവന്നാലും ഈശോയോടും മാതാവിനോടും ചേര്‍ന്നിരിക്കുമ്പോള്‍ നമുക്ക് അവയെല്ലാം പ്രത്യാശയേകുന്നു.. മരണത്തിന്റെ മേല്‍ വിജയംനേടിയവനാണ് ക്രിസ്തു. ഈ ചിത്രം പരിശുദ്ധ അമ്മയിലും ഈശോയിലുമുള്ള പ്രത്യാശയും വിശ്വാസവും നമ്മുക്ക് നല്കുന്നു.

അതുകൊണ്ട് നിത്യസഹായമാതാവിന്റെ ചിത്രം നമ്മുടെ ഭവനങ്ങളിലുണ്ടായിരിക്കട്ടെ. നമുക്ക് അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.