വണക്കമാസം കൊണ്ട് സഭ എന്താണ് ലക്ഷ്യമാക്കുന്നത് ?

 ഏതെങ്കിലും ഒരു പുണ്യവിഷയത്തെയോ വ്യക്തിയെയോ കേന്ദ്രീകരിച്ച്  ഒരു നിശ്ചിതമാസം മുഴുവന്‍ അനുഷ്ഠിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഭക്ത്യാഭ്യാസവുമാണ് വണക്കമാസം. എന്നാല്‍  വണക്കമാസം കൊണ്ട് സഭ എന്താണ് ലക്ഷ്യമാക്കുന്നത് എന്ന്തിനെക്കുറിച്ച് അറിയാമോ. പ്രധാനമായും മൂന്നു ഫലങ്ങളാണ് വണക്കമാസാചരണം കൊണ്ട് സഭയില്‍ സാധ്യമായിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
 

ഒന്നാമതായി കൂട്ടായ്മ വളര്‍ത്തിയെന്നതാണ്. പണ്ടുകാലങ്ങളില്‍ മാത്രമല്ല ഇപ്പോഴും വണക്കമാസാചരണങ്ങള്‍ കൂട്ടായ്മയായി ആചരിച്ചുപോരുന്ന പതിവുണ്ട്. ഏതെങ്കിലും ഒരു ഭവനത്തിലായിരുന്നു പണ്ട് വൈകുന്നേരങ്ങളില്‍ എല്ലാവരും ഒരുമിച്ചുകൂടിയിരുന്നതെങ്കില്‍ ഇന്ന് അത് കുരിശുപള്ളികളിലോ കപ്പേളകളിലോ ആയിട്ടുണ്ടെന്ന് മാത്രം. എന്തായാലും വണക്കമാസങ്ങള്‍ നമ്മുടെ കൂട്ടായ്മ വളര്‍ത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.

ഭക്തിയിലും വിശ്വാസത്തിലുമുള്ള വളര്‍ച്ചയാണ് രണ്ടാമത്തേത്. പഴയതലമുറയിലെ വണക്കമാസാചരണങ്ങള്‍ അവരുടെ വിശ്വാസജീവിതത്തിന്‌റെ നേര്‍സാക്ഷ്യങ്ങളായിരുന്നു. ദേവാലയങ്ങളുടെ രൂപീകരണം എന്നതായിരുന്നു മൂ്ന്നാമത്തെ ഫലം. പണ്ടുകാലങ്ങളില്‍ ഏതെങ്കിലും ഭവനങ്ങളിലായിരുന്നു വണക്കമാസാചരണത്തിനായി ഒരുമിച്ചുകൂടിയിരുന്നത് എന്ന് പറഞ്ഞുവല്ലോ. അത്തരമൊരു കൂട്ടായ്മയില്‍ നിന്നാണ് തങ്ങള്‍ക്കൊരു പൊതുവായ ഇടം അഥവാ ദേവാലയം വേണമെന്ന ചിന്ത ഉണ്ടായതും ക്രമേണ ദേവാലയങ്ങള്‍ രൂപപ്പെട്ടതും.
 

ഇനിസഭയില്‍ ആഘോഷിക്കുന്ന വണക്കമാസാചരണങ്ങളെക്കുറിച്ചു കൂടി പറയാം. നാലു വണക്കമാസങ്ങളാണ് സഭയില്‍ ആചരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം, പരിശുദ്ധ അമ്മയുടെ വണക്കമാസം, ഈശോയുടെ തിരുഹൃദയ വണക്കമാസം, ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം എന്നിവയാണവ.

എങ്കിലും വണക്കമാസങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും ഏറെ പ്രചാരത്തിലുള്ളതുമായത് മാതാവിന്റെ വണക്കമാസമാണ്. വണക്കമാസത്തിലെ പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളില്‍ കുടുംബങ്ങളിലും ദേവാലയങ്ങളിലും ഉപയോഗിക്കാനായി രചിക്കപ്പെട്ടിട്ടുള്ള വണക്കമാസപ്പുസ്തകങ്ങള്‍ കത്തോലിക്കാഭക്തിസാഹിത്യത്തിന്റെ പ്രധാനഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

മാതാവിന്റെ വണക്കമാസപ്പുസ്തകങ്ങളിലൊന്ന് നിധീരിക്കല്‍ മാണിക്കത്തനാര്‍ രചിച്ചതാണ്. പ്രബോധന പരമായ വായന, ദൃഷ്ടാന്ത കഥ, ജപം, സുകൃതജപം, സല്‍കൃത്യം എന്നിങ്ങനെ  ക്രമീകരിക്കപ്പെട്ടിരിക്കുന്നവയാണ് വണക്കമാസപ്രാര്‍ത്ഥനകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.