സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ ദൈവം കൂടുതല്‍ സ്‌നേഹത്താല്‍ നമ്മെ സമ്മാനിതരാക്കും

നമുക്ക് സ്‌നേഹിക്കാന്‍ എളുപ്പം ആരെയാണ്? നമ്മെ ഇഷ്ടപ്പെടുന്നവരെ.. നമുക്ക് പ്രിയപ്പെട്ടവരെ. രക്തബന്ധത്തിലും ഹൃദയബന്ധത്തിലും നമ്മോട് ചേര്‍ന്നിരിക്കുന്നവരെ.. എന്നാല്‍ ക്രിസ്തു ആഗ്രഹിക്കുന്ന സ്‌നേഹം ഇപ്രകാരമുളളതാണോ? ഒരിക്കലുമല്ല. ശത്രുക്കളെ സ്‌നേഹിക്കണമെന്നാണ് ക്രിസ്തുവിന്റെ പ്രബോധനം. വിശുദ്ധഗ്രന്ഥം പുതിയ നിയമത്തില്‍ ഉടനീളം നമുക്ക് കാണാന്‍ കഴിയുന്നതും ഇതേ പ്രബോധനമാണ്.

ഇതുതന്നെയാണ് സ്വകാര്യവെളിപാടുകളിലും ക്രിസ്തു ആവര്‍ത്തിക്കുന്നത്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ക്രിസ്തു ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. അയല്‍ക്കാരെയും കുടുംബക്കാരെയും സ്‌നേഹിതരെയും മാത്രംസ്വാഗതം ചെയ്യാതെ ശത്രുക്കളെയും സ്വീകരിച്ചു അവരോടും നിങ്ങളുടെ പ്രിയപ്പെട്ടവരെന്ന പോലെ സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്നാണ് അവിടുത്തെ വാക്കുകള്‍.

ചില അവസരങ്ങളില്‍ ഇത് ചില മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും യേശു പറയുന്നു. അപ്പോള്‍ നാം ഓര്‍ക്കേണ്ടത്, നിന്നെ സൃഷ്ടിച്ച അതേ സ്‌നേഹത്താല്‍ തന്നെയാണ് ദൈവം നിന്റെ ശത്രുവിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നായിരിക്കണം.

കാരണം ദൈവത്തിന് എല്ലാവരും തുല്യരാണ്. ഇക്കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ശത്രുക്കളെ സ്‌നേഹിക്കാനുള്ള ബുദ്ധിമുട്ട് മാറികിട്ടും. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ളകരുത്തും ലഭിക്കം. ശത്രുക്കളെ ഇങ്ങനെ സ്‌നേഹിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന പ്രതിസമ്മാനം എന്തായിരിക്കുമെന്നും യേശുവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങള്‍ സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ ദൈവം കൂടുതല്‍ കൂടുതല്‍ സ്‌നേഹത്താല്‍ നിങ്ങളെ സമ്മാനിതരാക്കും.

അതെ ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ സമ്മാനിതരാകാന്‍ നമുക്ക് ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിക്കാം,ശ്രമിക്കാം. അതിനുള്ള ചെറിയൊരു ചുവടുവയ്പ് ഈ പ്രഭാതത്തില്‍ നമുക്ക് നടത്താം. ഈശോയോട് നമുക്ക് അതിന് വേണ്ടി യാചിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.