ദാരിദ്ര്യം: ന്യൂനപക്ഷ പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്


ലാഹോര്‍: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളിലെ പെണ്‍കുട്ടികള്‍ ദാരിദ്ര്യം കാരണം ഇസ്ലാം മതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവ- ഹിന്ദു മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളാണ് ഇത്തരമൊരു മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നത്. ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്.

ചില സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. ദരിദ്രകുടുംബങ്ങളിലെ സാഹചര്യം മുതലെടുത്ത് ജോലിക്കെന്നും സഹായിക്കാനെന്നും പറഞ്ഞ് ഇസ്ലാം മതത്തിലെ ചിലര്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ ഇവരെ കാണാതാകുകയും ചെയ്യുന്നു. മാതാപിതാക്കള്‍ നല്കുന്ന പരാതിയെതുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അപ്പോഴേയ്ക്കും ഇസ്ലാം മതം സ്വീകരിച്ചുകഴിഞ്ഞിരിക്കും. തങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അവര്‍ കോടതിയില്‍ അറിയിക്കുന്നതോടെ കേസ് അവസാനിക്കുകയും ചെയ്യുന്നു.

വര്‍ഷം തോറും ഇത്തരത്തില്‍ ആയിരത്തോളം പെണ്‍കുട്ടികള്‍ മതം മാറുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയും ബലാത്സംഗം ചെയ്തും മതന്യൂനപക്ഷങ്ങളിലെ പെണ്‍കുട്ടികളെ മതംമാറ്റി വിവാഹം ചെയ്യുന്ന രീതി ഇതിനകം പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദാരിദ്ര്യം കാരണം പെണ്‍കുട്ടികള്‍ സ്വമേധയാ മതം മാറുന്നവാര്‍ത്തകള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

എന്നാല്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഇത്തരം വാര്‍ത്തകളെ നിഷേധിച്ചിരിക്കുകയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്നാണ് ഗവണ്‍മെന്റ് ഭാഷ്യം.

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ കടുത്തവിവേചനത്തിലും ദാരിദ്ര്യത്തിലും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടുമാണ് കഴിയുന്നതെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.