പന്തക്കുസ്താ ദിനത്തിന് അമ്മയോട് ചേര്‍ന്നൊരുങ്ങാം


പരിശുദ്ധ മാതാവിനോടുള്ള  ആദരവും സ്നേഹവും മെയ് മാസം മുഴുവൻ  വിവിധ രീതിയിൽ നാം പ്രകടിപ്പിച്ചു . ഈശോ നമുക്ക് അമ്മയായി നൽകിയ മാതാവിനോട് ചേർന്ന് നിരന്തരം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു . 
 

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സ്വന്തം അമ്മയെ പോലെതന്നെ വിലമതിക്കാനാവാത്ത ഒരു അമൂല്യ നിധിയാണ് സ്വർഗ്ഗീയ മദ്ധ്യസ്ഥനായ പരിശുദ്ധ കന്യകാ മാതാവ് എന്നതിൽ സംശയമില്ല. ദൈവഹിതത്തിന് പൂർണമായി വിധേയമായ ഒരു വിശ്വസ്ഥ ദാസിയും ദൈവമകളുമായിട്ടാണ്  മറിയത്തെ നാം ആദ്യം കാണുക.

“നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.”(ലൂക്കാ 1 : 31)

ദൈവപുത്രനായ യേശുവിന്റെ അമ്മയാകാനുള്ള വിളി പൂർണ്ണ മനസ്സോടെ ഏറ്റെടുക്കുന്നു. ദൈവഹിതത്തിന് വിധേയമായ അവസ്ഥയിൽ മാതാവ് കരുതിയിട്ടുണ്ടാവില്ല തന്റെ ജീവിതം ഏറ്റവും ദുരിതപൂർണ്ണമായ ഒരു യാത്ര ആയിരിക്കുമെന്ന്. എന്നാൽ അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയാണ് മാതാവ് ചെയ്യുന്നത്.
 

രണ്ടാമതായി മാതാവിനെ ദർശിക്കാൻ സാധിക്കുന്നത് പരാതികൾ ഇല്ലാത്ത ഒരു അമ്മയായിട്ടാണ്.

“നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്‍െറ പിതാവിന്‍െറ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?”(ലൂക്കാ 2 : 49).
 

പന്ത്രണ്ടാമത്തെ വയസ്സിൽ ദേവാലയത്തിൽ വച്ച് ഈശോയേ കാണാതാകുന്നു. കണ്ടെത്തിക്കഴിയുമ്പോൾ ഈശോയോട് ഒരു ചോദ്യം മാത്രമേ അമ്മ ചോദിക്കുന്നുള്ളൂ.  അതിന് ഈശോ നൽകിയ മറുപടി മാതാവിനോ യൗസേപ്പി താവിനോ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചില്ല . മാതാവ് എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയാണ്.

ഒരു പരാതിയുമില്ലാതെ ദൈവഹിതത്തിന് പൂർണമായി വിധേയപ്പെട്ടുകൊണ്ട് ഈശോയെ പരിചരിക്കുന്നു.നമ്മുടെയൊക്കെ വീടുകളിലേക്ക് നോക്കിയാൽ മക്കളെക്കുറിച്ചുള്ള പരാതികൾ മാത്രമെ കേൾക്കാനുള്ളു..
 

മൂന്നാമതായി നാം കാണുന്നത് കാനായിലെ കല്യാണ വിരുന്നിൽ ആ കുടുംബത്തിന്റെ ആവശ്യമറിഞ്ഞ് സഹായിക്കുന്ന ഒരു നല്ല കൂട്ടുകാരിയായ മറിയത്തെയാണ്.
” ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു.”(യോഹന്നാന്‍ 2 : 1)
ആ കുടുംബവുമായി മാതാവിന് ഒരു ഹൃദയ ഐക്യമുണ്ട്. ആത്മബന്ധമുണ്ട്.

അതുകൊണ്ടുതന്നെയാണ് ആരും പറയാതെതന്നെ ആ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കാനും ഉടനടി ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാനും  മാതാവിന് സാധിച്ചത്.
 ഇതിനിടയിൽ സംഭവിക്കുന്ന മറ്റൊരു കാര്യമാണ് ബന്ധുവായ എലിസബത്തിനെ കാണാൻ പോകുന്നത്. കുടുംബബന്ധങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിലും മാതാവ് അതീവ താല്പര്യം കാണിച്ചിരുന്നു എന്ന് നമുക്ക് ഇതിലൂടെ  മനസ്സിലാക്കാൻ സാധിക്കും. 

ഇതുമായി തുലനം ചെയ്യുമ്പോൾ നമ്മുടെ സാമൂഹിക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും എത്ര ശുഷ്ക്കമാണ് എന്ന് മനസ്സിലാക്കാം. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരവസ്ഥയിലേക്ക് നാം ഒതുങ്ങിമാറി. അതിന്റെ പരിണിത ഫലമാണ് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ..
 

അടുത്തതായി നമുക്ക് കാണാൻ സാധിക്കുന്നത് കുരിശിൻ ചുവട്ടിൽ നിൽക്കുന്ന അമ്മയെയാണ് .
” യേശുവിന്‍റെ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍െറ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.”(യോഹന്നാന്‍ 19 : 25)
 

തന്റെ ജീവന്റെ ജീവനായ  മകൻ അനുഭവിക്കുന്ന അതിക്രൂരമായ പീഡനങ്ങൾ മുഴുവൻ ഈ അമ്മയുടെയും ജീവിതത്തിലൂടെ കടന്നു പോവുകയാണ്. മകൻ അനുഭവിച്ചതിനേക്കാൾ വലിയ വേദന ഈ മാതൃഹൃദയം അനുഭവിക്കുന്നു. എന്നിട്ടും ആരെയും കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്യുന്നില്ല. ദൈവ തിരുമനസ്സിന് പൂർണമായി വിധേയപ്പെട്ടുകൊണ്ട്  എല്ലാം സഹിക്കുന്നു.

നാമാകട്ടെ ഒരു ചെറിയ പ്രയാസം നേരിടുമ്പോൾ ,സഹനം ഉണ്ടാകുമ്പോൾ പരാതി പറയുകയും പ്രാർത്ഥന വേണ്ടെന്നു വച്ച് ദൈവത്തെ ഉപേക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു.
“യേശു തന്‍െറ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്‍െറ മകന്‍ .”(യോഹന്നാന്‍ 19 : 26 )
 

ഇപ്രകാരം കുരിശിൻ ചുവട്ടിൽ നിൽക്കുന്ന അമ്മയെയാണ് ഈശോ നമുക്കെല്ലാം  അമ്മയായി പകുത്തു നൽകുന്നത്. സ്നേഹനിധിയായ ഒരമ്മ എന്താണ് എന്ന് മനസ്സിലാക്കിയ ഒരു മകന്റെ പ്രവൃത്തിയാണിത്.

ഏത് വേദനയിലും മക്കൾക്ക് ശക്തിസ്രോതസ്സായി മാറുന്ന അമ്മമാരുടെ പ്രതീകമായി  മാതാവ് ഉയർത്തപ്പെടുന്നു. അമ്മയോടുള്ള സ്നേഹവും കരുതലും ഏറ്റവും ഉചിതമായ രീതിയിൽ മകനായ യേശു പ്രകടിപ്പിക്കുന്നു.
മാതാപിതാക്കളെ പ്രത്യേകിച്ച് നൊന്തു പെറ്റ അമ്മമാരെ നട തള്ളുന്ന മക്കളുള്ള നാട്ടിൽ യേശുവിന്റെ ഈ പ്രവർത്തി ഏറെ ധ്യാനിക്കേണ്ട ഒന്നാണ്.

യേശുവിന്റെ മരണശേഷം മകന്റെ ശരീരം ഏറ്റുവാങ്ങി മടിയിൽ കിടത്തുന്ന അമ്മ അനുഭവിച്ച വേദനകൾ അവർണ്ണനീയമാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വേദനകളുമായി  താരതമ്യം ചെയ്യുമ്പോൾ പതിൻമടങ്ങ് വലുതാണിത് എന്ന് മനസ്സിലാക്കാം.

അത്തരത്തിൽ ഒരു അവസ്ഥയിലൂടെ നമ്മളൊന്നും കടന്നു പോയിട്ടുണ്ടാവില്ല . ലോക രക്ഷകനായ യേശു ജീവനില്ലാത്ത ഒരു ശരീരമായി മാതാവിന്റെ മടിയിൽ കിടക്കുന്ന അവസ്ഥ എത്ര ധ്യാനിച്ചാലും നമുക്കതിന്റെ വ്യാപ്തി ഉൾക്കൊള്ളാനാവില്ല. അമ്മ അതും സഹിക്കുകയാണ്. ഈ ലോകത്തെ മുഴുവൻ രക്ഷിക്കുന്നതിനു വേണ്ടി .
 

ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം പതറിപ്പോയ ശിഷ്യന്മാർക്ക് പ്രത്യാശയുടെ കിരണങ്ങൾ വിതറി ഊർജ്ജം പകർന്നു അവരോടൊപ്പം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അമ്മയെയാണ് തുടർന്ന് നാം കാണുന്നത്.

ഏകമനസ്‌സോടെ യേശുവിന്‍െറ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്‍റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.”(അപ്പ. പ്രവര്‍ത്തി. 1 : 14 )
 

പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുവേണ്ടി മനമുരുകി പ്രാർത്ഥിക്കുന്ന മറിയം  ശിഷ്യന്മാർക്ക് വലിയ ശക്തിയായി, സാന്ത്വനമായി ഇവിടെ മാറുന്നു .
 

നമ്മുടെ ജീവിതവുമായി തുലനം ചെയ്യുമ്പോൾ, നമ്മുടെ ജീവിതത്തിൽ മാതാവിന് നൽകപ്പെടുന്ന സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ, മാതാവ് കൂടെയുള്ള കുടുംബങ്ങളിൽ പ്രശ്നങ്ങളും പ്രതിസന്ധികളും വളരെ ലളിതമാണ്. എന്തിനുമേതിനും ആശ്വാസമായി അമ്മയുടെ സാന്നിധ്യവും കരുതലും അവിടെ എപ്പോഴുമുണ്ട്.  
 ജപമാല ചൊല്ലുന്ന കുടുംബങ്ങളിലും വ്യക്തികളിലും അമ്മയുടെ സംരക്ഷണം എപ്പോഴുമുണ്ടാകും എന്നുള്ളത് അനുഭവിച്ചറിഞ്ഞിട്ടുള്ളവർ ധാരാളമുണ്ട്.

അതുകൊണ്ടുതന്നെയാണ് ഒരുപാട് കുടുംബങ്ങളിൽ മാതാവിനോടുള്ള ഭക്തി ഒരു കെടാവിളക്ക് പോലെ പരിപാലിക്കപ്പെടുന്നത്. എന്നാൽ പുതു തലമുറയിലേക്ക് വരുമ്പോൾ ഇതെല്ലാം അർത്ഥമില്ലാത്ത ആചാരങ്ങളായി, എഴുതപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .കുടുംബ പ്രാർത്ഥനയിൽ നിന്നും വ്യക്തിപരമായ പ്രാർത്ഥനയിൽ നിന്നും ജപമാല ചൊല്ലുന്നതിൽ നിന്നും പിന്നോട്ട് പോകുന്ന കുടുംബങ്ങളിൽ പ്രശ്നങ്ങളും പ്രതിസന്ധികളും വർധിച്ചുകൊണ്ടിരിക്കുന്നു .
 

യേശു നമുക്ക് നൽകിയ സ്വർഗ്ഗീയ മധ്യസ്ഥയായ മാതാവിനോട് ചേർന്ന് യേശുവിലൂടെ പിതാവിന്റെ ഹിതത്തിന് വിധേയമായി ജീവിക്കുമ്പോൾ നമ്മുടെ കുടുംബങ്ങളിൽ ദൈവാനുഗ്രഹം സമൃദ്ധമായി  നിലനിൽക്കും.
 

അതിനുള്ള കൃപ ദൈവം നമുക്ക് നൽകട്ടെ. ആഗതമാകുന്ന പന്തക്കുസ്താദിനം മാതാവിനോട് ചേർന്ന് അനുഗ്രഹപൂരിതമായി  ആചരിക്കാൻ, ആഘോഷിക്കാൻ നമുക്ക് നമ്മെത്തന്നെ ഒരുക്കാം.

പ്രേംജി മുണ്ടിയാങ്കൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.