ഫ്രാൻസിസ് മാർപാപ്പ: മൂന്നാം ക്രിസ്തു ?

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ഫ്രാൻസിസ് മാർപാപ്പയെന്ന ‘ക്രിസ്‌തുവിൻറെ ദാസന്മാരുടെ ദാസൻ’ വാക്കിലും പ്രവൃത്തിയിലും ശ്രദ്ധേയനാണ്. സ്വീകരിക്കുന്ന നിലപാടുകളിലും ആളുകളോടുള്ള സമീപനത്തിലും പൊതുജനമധ്യത്തിൽ കാണപ്പെടുന്ന രീതിയിലും ഒരു സവിശേഷ ‘ഫ്രാൻസിസ് ഇഫക്ട്’ സൃഷ്ടിക്കാൻ അദ്ദേഹത്തിന് വളരെപ്പെട്ടന്ന് സാധിച്ചു. ജീവിത ശൈലിയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തത പുലർത്തുന്ന അദ്ദേഹത്തെ ഇക്കാലഘട്ടത്തിലെ ജീവിക്കുന്ന ക്രിസ്തുസാന്നിധ്യമായി ലോകം മനസ്സിലാക്കുന്നു. 

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജീവിതമാതൃക അതേപടി സ്വജീവിതത്തിലേക്കു സ്വാംശീകരിച്ച വി. ഫ്രാൻസിസ് അസ്സീസിയെ അക്കാലത്തെ ആളുകൾ ‘രണ്ടാം ക്രിസ്തു’ എന്ന് വിളിച്ചപ്പോൾ, ക്രിസ്‌തുവിൻറെ വികാരിയായ, വി. ഫ്രാൻസിസിൻറെ പേരുകാരനായ ഫ്രാൻസിസ് മാർപാപ്പയെന്ന നമ്മുടെ വലിയ ഇടയനെ ഇക്കാലത്തു ലോകം ‘മൂന്നാം ക്രിസ്തു’ എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. കാരണം, ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ മാതൃകകളും ജീവിതവുമാണ് അദ്ദേഹം ലോകത്തിനു കൊടുക്കുന്നത് എന്നതുകൊണ്ടുതന്നെ. 

കുറച്ചു ദിവസങ്ങൾക്കുമുമ്പ്, വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ ആശീർവദിച്ചു നടന്നു നീങ്ങുന്നതിനിടെ, ഭക്തിയുടെയും സ്നേഹത്തിൻറെയും പാരവശ്യത്തിൽ, തൻ്റെ കയ്യിൽ കടന്നുപിടിച്ചു ബലമായി പിടിച്ചുനിർത്താൻ ശ്രമിച്ച ഒരു സ്ത്രീയുടെ കയ്യിൽ, മാർപാപ്പ അല്പം നീരസത്തോടെ ചെറുതായി അടിച്ച് തൻ്റെ കൈ അവരുടെ പിടിയിൽനിന്നും വിടുവിച്ചെടുത്ത വാർത്തയും അതിൻ്റെ വീഡിയോയും ഉടൻ തന്നെ  ആധുനിക മാധ്യമങ്ങളിൽ വൻ പ്രചാരം നേടി. മാർപാപ്പയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും പരാമർശങ്ങൾ ഉയർന്നു. ഏതായാലും, തൊട്ടടുത്ത ദിവസം നടന്ന  പതിവ് പൊതുപ്രാർത്ഥനാചടങ്ങിൽ പങ്കെടുത്ത് സന്ദേശം നൽകുന്ന അവസരത്തിൽ, മാർപാപ്പ കഴിഞ്ഞ ദിവസം തനിക്കു പറ്റിയ ഈ തെറ്റിന് (ശാന്തത നഷ്ടപ്പെട്ട്, അരിശത്തോടെ ഈ സ്ത്രീയോട് പെരുമാറിയതിനെക്കുറിച്ച്)  ലോകത്തോട് മുഴുവൻ ഇടറുന്ന സ്വരത്തിൽ മാപ്പു ചോദിച്ചു. മാർപാപ്പയുടെ വാക്കുകൾ അമ്പരപ്പോടെ കേട്ടുകൊണ്ടിരുന്ന ജനത്തോട്, ഒരു സാധാരണ മനുഷ്യനെപ്പോലെ, ഈ അസാധാരണ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “ഇന്നലെ ഞാൻ നൽകിയ മോശം മാതൃകയ്ക്ക് നിങ്ങളോടു ഞാൻ ക്ഷമ ചോദിക്കുന്നു.”

തൻ്റെ ചെറിയ തെറ്റിനെ ന്യായീകരിക്കാനും മറ്റുള്ളവരുടെ മുൻപിൽ നല്ലവനായി നിൽക്കാനും മാർപാപ്പായ്ക്ക് എല്ലാ സാധ്യതയും ഉണ്ടായിരുന്നു: അദ്ദേഹത്തിൻ്റെ പ്രായം, നടക്കുമ്പോഴുള്ള ബുദ്ധിമുട്ട്, മാർപ്പാപ്പയെന്ന സ്ഥാനമഹിമയും അതിൻ്റെ സുരക്ഷാപ്രശ്നങ്ങളും, എല്ലാവരുടെയും അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ ഒരിടത്തുതന്നെ പിടിച്ചു നിർത്താൻ ശ്രമിച്ചതിൻറെ അനൗചിത്യം… അങ്ങനെ പലതും. പക്ഷേ, ഈ വലിയ മുക്കുവൻ അതിലേക്കൊന്നും പോയില്ല, ആ സ്ത്രീയെ അല്പം പോലും കുറ്റപ്പെടുത്താതെ, തനിക്കു പറ്റിയ തെറ്റെന്താണന്നു മനസ്സിലാക്കുകയും അത് ലോകം മുഴുവനോടും എറ്റു പറയുകയും തിരുത്തുകയും ചെയ്തിരിക്കുന്നു! ഒരു പക്ഷേ, മാർപാപ്പ ഈ കാര്യം തൻ്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി പറഞ്ഞില്ലായിരുന്നെങ്കിൽ, പൊതുസമൂഹം ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അറിയുകപോലുമില്ലായിരുന്നു! മറുവശം എന്താണെങ്കിലും, തൻ്റെ ഭാഗത്തുനിന്ന് വന്ന ഒരു വീഴ്ചയെ വെള്ള പൂശാതെ ഏറ്റു പറഞ്ഞതാണ്, കാലം ഇന്ന് സുവിശേഷത്തിന്റെ നൂതന വ്യാഖ്യാനമായി ഈ പ്രവൃത്തിയിലൂടെ വായിച്ചെടുത്തിരിക്കുന്നത്. സ്വന്തം ഭാഗത്തെ വലിയ വീഴ്ചപോലും മറുഭാഗത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്തിൽ  പൊതുവായും  പെരുകിവരുന്നതിനിടയിലാണ്, ക്രിസ്തുവിന്റെ ഈ വികാരി എളിമയുള്ള മനസ്സുകൊണ്ടും സ്വന്തം തെറ്റ് അംഗീകരിക്കാൻ കാണിച്ച മനസ്സിൻറെ വലുപ്പം കൊണ്ടും വീണ്ടും ലോകം കീഴടക്കിയിരിക്കുന്നത്. മറ്റുള്ളവരെ കുറ്റപ്പെടുത്തി കൈ കഴുകുന്നതല്ല, സ്വന്തം തെറ്റ് അംഗീകരിക്കുന്നതാണ് മഹത്വം എന്ന് പത്രോസിൻറെ ഈ പിൻഗാമി ലോകത്തെ പഠിപ്പിക്കാൻ ആഗ്രഹിച്ചു!

എല്ലാ മനുഷ്യരിലും ഒരു മനുഷ്യഭാവവും ദൈവ അംശവും ഉണ്ട്. പലപ്പോഴും മാനുഷിക രീതിയിലുള്ള വികാരങ്ങളും അതേത്തുടർന്നുള്ള പ്രവർത്തനങ്ങളുമാണ് മിക്ക പ്രതിസന്ധിഘട്ടങ്ങളിലും ആദ്യം പുറത്തുവരുന്നത്. ലോകം മുഴുവനും ആദരവോടെ നോക്കിക്കാണുന്ന ആത്മീയ ആചാര്യനാണെങ്കിലും ഒരു ദുർബലനിമിഷത്തിൽ ആരിലും സംഭവിക്കാവുന്നതുപോലെ അദ്ദേഹത്തിലും മാനുഷികമായി പ്രതികരിക്കാനുള്ള ത്വര കടന്നുവന്നു, അദ്ദേഹം കൈ തട്ടിമാറ്റി അരിശത്തോടെ പ്രതികരിച്ചു. പല സാധാരണ മനുഷ്യരും അവിടം കൊണ്ട് തീർക്കുന്നിടത്ത്, ഈ അസാധാരണ മനുഷ്യൻ, മനുഷ്യഭാവത്തിൻ്റെ പോരായ്മയെ, ദൈവഭാവം കൊണ്ട് കീഴടക്കി: അദ്ദേഹത്തിൻ്റെ ഏറ്റു പറച്ചിലിൽ ലോകം വായിച്ചെടുത്തത് അതാണ്. അങ്ങനെ ഒരു ഏറ്റുപറച്ചിലിനു തൻ്റെ സ്ഥാനമോ, പദവികളോ ഒന്നും ഈ വലിയ ഇടയന് തടസ്സമായില്ല. ഇത്രയും വലിയ സ്ഥാനത്തിരിക്കുന്ന ആത്മീയ ആചാര്യനായ താൻ അത് ചെയ്തില്ലങ്കിലാണ് കൂടുതൽ തെറ്റ് എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. സ്വയം എളിമപ്പെട്ട്, സ്വന്തം തെറ്റ് ഏറ്റു പറഞ്ഞപ്പോൾ ഫ്രാൻസിസ് മാർപാപ്പ തൻ്റെ മനുഷ്യഭാവത്തെ തന്നിലുള്ള ദൈവാംശം കൊണ്ട് കീഴടക്കി. ചെറുതെങ്കിലും ഓരോ പദവികളും സ്ഥാനങ്ങളും നമുക്കെല്ലാവർക്കുമുണ്ട്. ആത്മീയ നേതാക്കളെന്നോ, രാഷ്ട്രീയ നേതാക്കളെന്നോ, മാതാപിതാക്കളെന്നോ ഒക്കെ പല രീതിയിൽ സവിശേഷ സ്ഥാനങ്ങൾ വഹിക്കുന്ന ഓരോരുത്തരും മറ്റുള്ളവർക്ക് മുൻപിൽ കൊടുക്കുന്ന ഇത്തരം മാതൃകകൾ കുടുംബത്തിലും സമൂഹത്തിലും മറ്റനേകർക്ക് വഴിവിളക്കാകേണ്ടതാണ്. 

ഭക്തിയും സ്നേഹവും കൊണ്ടാണെങ്കിലും മാർപാപ്പയുടെ കയ്യിൽ കടന്നുപിടിച്ച്, തന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ച ആ സ്ത്രീയുടെ പ്രവൃത്തിയും വിശകലനം ചെയ്യപ്പെടേണ്ടതാണ്. മറ്റുള്ളവരുടെ ജീവിതവും സാഹചര്യങ്ങളും കൂടി ഇത്തരക്കാർ ചിന്തിക്കണം. ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായ മാർപാപ്പ പോലൊരു വ്യക്തിത്വത്തോട് അടുത്തുചെല്ലുമ്പോൾ, പാലിക്കേണ്ട മര്യാദകൾ ആ സ്ത്രീയും മറക്കരുതായിരുന്നു. ഒരു പക്ഷേ, ജീവിതത്തിൽ തനിക്കൊരിക്കലും ഇത്തരമൊരു അസുലഭ അവസരം കിട്ടാൻ ഇടയില്ല എന്ന ചിന്തയാവാം അവരെ അങ്ങനെ ചെയാൻ പ്രേരിപ്പിച്ചത്. ഇവിടെ, ആ സ്ത്രീ തന്റെ ഭാഗ്യത്തെക്കുറിച്ചുമാത്രമേ ചിന്തിച്ചുള്ളൂ, മാർപാപ്പയെന്ന ആ സവിശേഷ വ്യക്തിത്വത്തിൻറെ ഭാഗത്തുനിന്ന്കൂടി ചിന്തിച്ചിരുന്നെങ്കിൽ, തൻ്റെ അടുത്തുനിന്ന മറ്റെല്ലാ ആളുകളെയും പോലെ ഈ സ്ത്രീക്കും മാന്യതയോടെ പെരുമാറാമായിരുന്നു. നമ്മുടെ സാധാരണ മനുഷ്യജീവിതങ്ങളിലും ഈ ചിന്ത പ്രസക്തമാണ്. നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സാഹചര്യങ്ങൾ നോക്കാതെ, വെട്ടിത്തുറന്നു പറയുന്നതും ചെയ്യുന്നതും, അത് ചെയ്യുന്നവർക്ക് സന്തോഷവും ശരിയും ആണെങ്കിലും, മറുവശത്തുള്ളവർക്കും കണ്ടുനിൽക്കുന്നവർക്കും വേദനാജനകമായിത്തീരാം. 

ഒരു ശുഭപര്യവസാന ചിന്ത കൂടി: ‘എല്ലാം നല്ലതിനായിരുന്നു’. മാർപാപ്പയ്ക്കും കണ്ടുനിന്നവർക്കും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയപ്പോൾ ഒരു പക്ഷേ ആ സ്ത്രീക്കും, സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വിഷമം തോന്നിയിരിക്കാം. എന്നാൽ അതിനിതാ ഒരു നല്ല അവസാനം ഉണ്ടായിരിക്കുന്നു! ഭഗവത് ഗീതയുടെ സാരാംശം പോലെ, “സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാനിനിരിക്കുന്നതും നല്ലതിന്“. അത്ര ശുഭകരമല്ലാത്ത ഒരു കാര്യം ലോകം മുഴുവൻ വലിയ നന്മയുടെ പാഠം നൽകുന്ന കാര്യമായി മാറിയത്, അതിൽ ഉൾപ്പെട്ട ഒരു വ്യക്തിയുടെ നല്ല മനസ്സിന്റെ പ്രവർത്തനത്താലാണ്. തീരെ ചെറിയ ഒരു പ്രശ്നത്തെ, ഊതിപ്പെരുപ്പിച്ച് അനേകർക്ക്‌ പൊള്ളലേൽപ്പിക്കുന്ന അഗ്നിനാളമാക്കാനും മറുവശത്ത്, തണുത്തുറഞ്ഞുപോയ സ്‌നേഹത്തിൻറെ മനസ്സിനെ ആർദ്രമാക്കുന്ന ഇളം ചൂടായി ഊഷ്മളത പകരാനുമാവും. പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രധാനം എന്നത് ശ്രദ്ധേയം. ഒരു ചെറിയ കത്തിയുടെ ഉപയോഗം പോലെ: ഒരു കുറ്റവാളിയുടെ കയ്യിൽ അത് മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കാനുള്ള ആയുധമാകുമ്പോൾ, വിദഗ്ധനായ ഒരു ഡോക്ടറുടെ കയ്യിൽ അത് സൗഖ്യത്തിലേക്കു നയിക്കാനുള്ള ഒരു ശസ്ത്രക്രിയയ്ക്കുപയോഗിക്കാവുന്ന  സുപ്രധാന ഉപകരണമാണ്. എന്തിന് ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതത്രേ പ്രധാനം. നമ്മുടെ നാവും അതിന്റെ ഉപയോഗവും ഏതാണ്ടിങ്ങനെ തന്നെ: ഹൃദയം മുറിക്കുന്ന വാളാകാനും മുറിവിനെ ഉണക്കുന്ന മരുന്നാവാനും നാവില്നിന്നു പുറപ്പെടുന്ന വാക്കുകൾക്കാവും.

നമ്മുടെ വാക്കുകളും പ്രവൃത്തികളും എല്ലാവരെയും നന്മയിലേക്കും സൗഖ്യത്തിലേക്കും നയിക്കട്ടെ. തെറ്റുകൾ ഏറ്റുപറയാനുള്ള ആർജ്ജവം ഏവർക്കും ലഭിക്കട്ടെ. നമ്മിലെ മനുഷ്യഭാവത്തിൻ്റെ വികാരപ്രക്ഷോഭങ്ങളെ ദൈവാംശം ഭരിക്കട്ടെ. ഫ്രാൻസിസ് മാർപാപ്പായെപ്പോലെ നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് മാതൃകയാകട്ടെ. ലോകത്തെ നന്മയുടെ പുതിയ പാഠങ്ങൾ ഇനിയും പഠിപ്പിക്കാൻ ക്രിസ്‌തുവിൻറെ വികാരി നീണാൾ വാഴട്ടെ. 

നന്മനിറഞ്ഞ ദിവസങ്ങളും ദൈവാനുഗ്രഹങ്ങളും ഏവർക്കും സ്നേഹപൂർവ്വം ആശംസിക്കുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട് മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.