പുതിയ വർഷം, പുതിയ തീരുമാനങ്ങൾ

“യജമാനനേ, ഈ വർഷം കൂടി അത് നിൽക്കട്ടെ” (ലൂക്കാ 13: 8)

ജീവിതവൃക്ഷത്തിന്‍റെ ഒരില കൂടി കൊഴിഞ്ഞു വീഴുന്നു, ഏറെ അറിവുകളും പാഠങ്ങളും ബോധ്യങ്ങളും സമ്മാനിച്ച് 2019 വിടവാങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി. കാലത്തിൻറെ പുസ്തകത്തിലെ ഒരു പേജ് കൂടി മറിക്കുമ്പോൾ, അതിൽ എഴുതി ചേർക്കപ്പെട്ട കാര്യങ്ങൾ ഒരുപിടി. നേട്ടങ്ങളും വീഴ്ചകളും കണ്ണീരും കിനാവും എല്ലാം അതിലുണ്ട്. കഴിഞ്ഞു പോകുന്ന വർഷം നൽകിയ പാഠങ്ങളുടെ വെളിച്ചത്തിൽ പുതിയ വർഷത്തിൻറെ പുതിയ പേജിൽ എഴുതിച്ചേർക്കേണ്ടത് കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങളാവണം. പുതിയ തീരുമാനങ്ങളിലൂടെ നമ്മെയും ലോകത്തെയും മെച്ചമാക്കാൻ വേണ്ടിത്തന്നെയല്ലേ ദൈവം നമുക്ക് പുതിയ ഒരു വർഷം കൂടി തരുന്നത്? എല്ലാം പുതുതായിത്തുടങ്ങാൻ ഒരവസരം കൂടി. 

ക്രിസ്തുമസിന്‍റെ ആരവങ്ങൾ അടങ്ങിയിട്ടില്ല. മഞ്ഞിന്‍റെ നനുത്ത സ്പർശം ഭൂമിയെ മൃദുവായി തൊടുന്നതുപോലെ, രക്ഷകന്‍റെ വരവ് നമ്മുടെ മനസ്സിനെയും ജീവിതത്തെയും തൊട്ടു. ഈ രക്ഷകസ്പർശം ഒരു പുതിയ തുടക്കത്തിന്റെ നാന്ദിയായെടുക്കുന്നതാണ് പ്രധാനം. രക്ഷകനായ ഈശോയെ ജീവിതത്തിൽ കിട്ടിയവർക്ക് എല്ലാം പുതുതായി തുടങ്ങാൻ ഒരവസരം കൂടി ലഭിക്കുന്നു എന്നാണ് ക്രിസ്തുമസിനുശേഷം ഉടനെ വരുന്ന പുതുവർഷത്തെ നാം ആത്മീയമായി മനസ്സിലാക്കുന്നത്. 

ദൈവത്തെ കണ്ടുമുട്ടിയവർക്ക്, ജീവിതത്തിൽ പുതിയ വഴികൾ തുറന്നു കിട്ടുന്നു എന്നുകൂടി നാം മനസ്സിലാക്കുന്നു. ഈശോയുടെ ജനനവാർത്ത ഒരു പ്രത്യേക നക്ഷത്രം വഴി അറിഞ്ഞ രാജാക്കന്മാർ, പൗരസ്ത്യദേശത്തുനിന്ന് ബെത്ലെഹെമിലെത്തി. എന്നാൽ അതിനിടയിൽ ഈശോയെ നശിപ്പിക്കാൻ ചതിക്കുഴിയൊരുക്കുകയായിരുന്ന ഹേറോദേസിൻറെ കള്ളത്തരം അവർക്കു മനസ്സിലായില്ല. പക്ഷേ, ദൈവത്തെ പുൽക്കൂട്ടിൽ കണ്ടു മടങ്ങാനൊരുങ്ങിയ ഈ രാജാക്കന്മാർക്ക് തിരിച്ചുപോകാൻ ദൈവം സ്വപ്നത്തിലൂടെ മറ്റൊരു വഴി ഒരുക്കുന്നു. ഒരു പുതിയ വഴി തുറന്നു കിട്ടിയ അവർ സുരക്ഷിതരായി തങ്ങളുടെ സ്വന്തം നാട്ടിലെത്തുന്നു. തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ രാജാക്കന്മാരായിരുന്നവർ, ഈശോയെ കണ്ടെത്തിയതോടുകൂടി ‘ജ്ഞാനികളായി’ മാറുന്നു. അവർക്ക്, ദൈവം തന്നെ സംരക്ഷണം ഒരുക്കി, അപകടമില്ലാത്ത ഒരു പുതിയ വഴി ദൈവം തുറന്നു കൊടുക്കുന്നു. ദൈവത്തെ ഈ ദിവസങ്ങളിൽ കണ്ടെത്തിയ നമുക്കും ദൈവം അപകടങ്ങളില്ലാത്ത പുതിയ വഴികൾ പുതിയ വർഷത്തിൽ തുറന്നു തരട്ടെ. 
 

വി. ലൂക്കായുടെ സുവിശേഷത്തിൽ (അദ്ധ്യായം 13, 6- 9), ദീർഘകാലമായി ഫലം തരാത്ത ഒരു അത്തിവൃക്ഷം വെട്ടിക്കളയാൻ നിർദ്ദേശിക്കുന്ന സ്ഥലം ഉടമയെയും അതിനു ഒരു വര്ഷം കൂടി ഇളവ് ചോദിക്കുന്ന കൃഷിക്കാരനെയും കാണുന്നു. പ്രതീക്ഷിച്ച ഫലം കൊടുക്കാൻ പറ്റാത്തത് വൃക്ഷത്തിൻ്റെ പോരായ്മ തന്നെയാണ്. അതുകൊണ്ടുതന്നെ, ഇനി അത് നിലം പാഴാക്കാതെ വെട്ടിക്കളയാൻ പറയുന്ന ഉടമസ്ഥനെ കുറ്റം പറയാനാകില്ല. പക്ഷേ, ഇടയ്ക്കുകയറി ഇടപെട്ടു ഒരു അവസരം കൂടി അതിനു നേടിക്കൊടുത്ത കൃഷിക്കാരനാണ് ശ്രദ്ധ നേടുന്നത്. ദീർഘകാലത്തേക്കുള്ള ഒരു സമയപരിധി അല്ല, ഒരു വർഷത്തേക്കുള്ള, ഒരു അവസരം കൂടി മാത്രം. 

ദൈവപിതാവ് നട്ട വൃക്ഷങ്ങളായ നമ്മളൊക്കെ, ദൈവം പ്രതീക്ഷിക്കുന്ന നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാതിരിക്കുമ്പോൾ, അവിടുത്തെ പുത്രനായ ഈശോ നമുക്കുവേണ്ടി, കൃഷിക്കാരനെന്നപോലെ ഒരു അവസരം കൂടി നമുക്ക് വാങ്ങിത്തരുന്നു, കൂടുതൽ മെച്ചപ്പെട്ടവരാകാൻ. അതിന്, ചുവടു കിളച്ചു വളമിടണം (13: 9). ചുവട് എന്നത് ചില അടിസ്ഥാന കാര്യങ്ങൾ സൂചിപ്പിക്കുന്നു. പുതിയ വർഷത്തിൽ എന്റെ ജീവിതം കുറച്ചുകൂടി മെച്ചമാകണമെങ്കിൽ, കൂടുതൽ നല്ല ഫലങ്ങൾ ഉണ്ടാകണമെങ്കിൽ എന്നിലെ ചില അടിസ്ഥാന കാര്യങ്ങൾ മാറ്റം വരേണ്ടതുണ്ട്. ഒരുപക്ഷേ, ചില മനോഭാവങ്ങൾ, ശീലങ്ങൾ, ശൈലികൾ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ… അങ്ങനെ പലതും. അതിന് നല്ല തീരുമാനങ്ങളാണ് വേണ്ടത്. 

പെൻസിലിൻറെ അറ്റത്ത് മായ്ക്കാനുള്ള റബ്ബർ പിടിപ്പിച്ചിരിക്കുന്നതുപോലെയാണ് ജീവിതം. പെൻസിലിന്റെ നീളത്തെ അപേക്ഷിച്ച് റബ്ബറിന്റെ വലുപ്പം കുറവാണ്. എഴുതുന്നത് മുഴുവൻ തെറ്റാകുമെന്നു പ്രതീക്ഷിക്കുന്നില്ല. തെറ്റില്ലാതെ ശ്രദ്ധയോടെ എഴുതാൻ കഴിയണം. അവിചാരിതമായി വരുന്ന തെറ്റുകളെ മാത്രം മായ്ക്കാനാണ് അല്പം മാത്രം വലിപ്പമുള്ള റബ്ബർ. നമ്മുടെ പുതിയ വർഷവും അങ്ങനെയായിരിക്കട്ടെ. കഴിഞ്ഞ വർഷത്തെ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചു അവ ആവർത്തിക്കാതെ, പുതിയ വർഷത്തിൽ ചുവടു കിളച്ചു വളമിട്ട് കൂടുതൽ കരുത്തോടെ വളരാനും നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാനും സാധിക്കട്ടെ. 

ദൈവാനുഗ്രഹവും സന്തോഷവും സമാധാനവും സമൃദ്ധമായ പുതിയ വർഷം – 2020 ഏവർക്കും ആശംസിക്കുന്നു.

സ്നേഹപൂർവ്വം, 
ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.