ഇരുപത്തിമൂന്നാം ദിവസം-14-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

ഇരുപത്തിമൂന്നാം ദിവസം

പരിശുദ്ധ അമ്മയെ അറിയുക

മരിയാനുകരണം

ഓ മറിയമേ! കരുണ നിറഞ്ഞ നാഥേ! നിഷ്ക്കളങ്കമായ സ്നേഹത്തോടും ഹൃദയത്തുടിപ്പോടും കൂടെ അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ നിൽക്കുന്നു. അങ്ങിൽ വേണ്ടുന്ന ആശ്രിതബോധം എന്റെ ഹൃദയത്തിൽ വളർത്തേണമേ.
ഭയം എന്നെ പിന്തുടരുന്നു; സംഭ്രമം എന്നെ ആക്രമിക്കുന്നു; പ്രലോഭനങ്ങളുടെയിടയിൽ നിരാശ എന്നെ അരിച്ചു ഭക്ഷിക്കുന്നു, എനിക്കൊരാശ്വാസം മാത്രമേയുള്ളു. അതായത്, അങ്ങേ സഹായം ഞാനപേക്ഷിക്കുന്നുണ്ടെന്നതുമാത്രം.

അമ്മേ! അങ്ങയുടെ വിമലഹൃദയത്തിൽ ഞാൻ പൂർണ്ണമായി ആശ്രയിക്കുന്നു.
ഓ മറിയമേ! ഓ കരുണ നിറഞ്ഞ അമ്മേ! കഷ്ടതകളില്‍ ആശ്വാസമില്ലാതെ അലയുന്ന അങ്ങേ ദാസനെ ആശ്ലേഷിച്ചു സ്വീകരിക്കേണമേ.
ഓ! മഹാരാജ്ഞീ! എന്റെ വ്യസനത്തെ നിരീക്ഷിച്ച്, ആശ്വാസനിലയമായ അങ്ങേ വിമലഹൃദയം എനിക്ക് നീ തുറന്നു തരേണമേ.
എന്റെ ദുരവസ്ഥ വിവരിച്ചുഞാന്‍ അപേക്ഷിക്കുന്നു; അമ്മക്ക് എന്റെമേല്‍ ദയ തോന്നുന്നതുവരെയും, പ്രാര്‍ത്ഥന നിറുത്തി അമ്മയുടെ പക്കല്‍ നിന്ന് ഞാന്‍ പോകുകയില്ല.
അമ്മേ! അങ്ങേ അനാദൃശമായ മാധുര്യഗുണമെനിക്കറിയാം.

അങ്ങേ അത്യുല്കൃഷ്ടമായ ഹൃദയത്തിലെ മാതൃ സ്നേഹത്തിന്റെ ജ്വാലകൾ ഞാന്‍ കാണുന്നുണ്ട്.
എന്റെ ശരണത്തെ ആകര്‍ഷിക്കുന്നതിനും ദൃഡമാക്കുന്നതിനുമാണ് അതില്‍ നിന്ന് സ്നേഹധാര വഴിഞ്ഞൊഴുകുന്നതെന്നും എനിക്ക് ബോധ്യമുണ്ട്.
ഓ എന്റെ അമ്മേ! ഞാന്‍ അങ്ങില്‍ ആശ്രയിക്കുന്നു; സുഖത്തിലും ദു:ഖത്തിലും അങ്ങേ ജാഗ്രതയുള്ള മാതൃ സംരക്ഷണം എനിക്ക് വേണം; അമ്മേ! അങ്ങ് ചൊല്ലിത്തരുന്ന ആശ്വാസ വചനങ്ങള്‍ സശ്രദ്ധം ഞാന്‍ കേട്ടുകൊള്ളാം.🌹

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

മരിയഭക്തി പ്രചരിപ്പിക്കുമ്പോള്‍ നാം യേശുവിനെ തന്നെയാണ് വാഴ്ത്തുന്നത്.

നാഥാ , ഞാന്‍ അങ്ങയെ ഗാഢമായി സ്‌നേഹിക്കട്ടെ . അങ്ങനെ, അങ്ങയുടെ കരുണയാല്‍ ഞാന്‍ ഒരു യഥാര്‍ത്ഥ മരിയഭക്തനാകുന്നതിനും ദൈവമാതൃഭക്തി ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും എന്നെ അനുഗ്രഹിച്ചാലും. വി . ആഗസ്തീനോസിനോടും അങ്ങയെ സ്‌നേഹിക്കുന്ന മറ്റെല്ലാവരോടുംകൂടി ഞങ്ങള്‍ അങ്ങേക്കു സമര്‍പ്പിക്കുന്ന തീക്ഷമായ ഈ പ്രാര്‍ത്ഥന അങ്ങു ശ്രവിച്ചാലും!

‘ക്രിസ്തുവേ, അങ്ങ് എന്റെ പരിശുദ്ധ താതനത്രേ . അങ്ങ് എന്റെ ദയാര്‍ദ്രനായ ദൈവമാകുന്നു ; എന്റെ രാജാധിരാജനും നല്ലയിടയനും ഏക നാഥനും നല്ല ഉപകാരിയുമാണവിടുന്ന്. സൗന്ദര്യമൂര്‍ത്തേ , സ്‌നേഹഭാജനമേ , ജീവിക്കുന്ന അപ്പമേ, അങ്ങ് എന്റെ നിത്യപുരോഹിതനാണ്. മാതൃരാജ്യത്തി ലേക്ക് എന്നെ നയിക്കുന്നവനേ, അങ്ങ് സത്യപ്രകാശമാകുന്നു. പരിശുദ്ധമായ മാധുര്യമേ, നേരായ മാര്‍ഗ്ഗമേ , ഉത്കൃഷ്ടജ്ഞാനമേ, നിഷ്‌കളങ്ക ലാളിത്യമേ, ശാന്തലയനമേ, സമഗ്രവിമോചകാ , അങ്ങാകുന്നു എന്റെ നല്ല ഓഹരിയും നിത്യരക്ഷയും’.

യേശുക്രിസ്തുവേ, എന്റെ സ്‌നേഹനാഥാ , ഞാന്‍ അങ്ങയെ ഒഴിച്ച് മറ്റുള്ളവയെ സ്‌നേഹിച്ചതെന്തിന്? ഞാന്‍ അങ്ങയെ മാറ്റി നിറുത്തി മറ്റു ള്ളവയെ ആഗ്രഹിച്ചത് എന്തിന്? ഞാന്‍ അങ്ങയുടെ മനസ്സില്‍ അങ്ങയോടുകൂടി അല്ലാതിരുന്നപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? ഇപ്പോള്‍ മുതല്‍ എന്റെ ആഗ്രഹങ്ങളേ, നിങ്ങള്‍ ഊഷ്മളമാകൂ, ഉരുകി യേശുവിലേക്കൊഴുകൂ, കുതിച്ചു പായൂ, മന്ദഗമനം അവസാനിപ്പിക്കൂ, ലക്ഷ്യത്തിലേക്കു സത്വരം ഗമിക്കൂ, ആരായുന്നവനെ ഉത്സാഹപൂര്‍വ്വം തേടൂ. ഓ! യേശുവേ, അങ്ങയെ സ്‌നേഹിക്കാത്തവന്‍ ശപിക്കപ്പെട്ടവനാകട്ടെ! അങ്ങയെ സ്‌നേഹിക്കാത്തവന്‍ ദുഃഖംകൊണ്ടു നിറയട്ടെ!

ഓ ! സ്‌നേഹ ഈശോ, അങ്ങയുടെ സ്തുതിക്ക് ഉപയുക്തമാം വിധം എന്റെ ശ്രേഷ്ഠവികാരങ്ങള്‍ അങ്ങയെ സ്‌നേഹിക്കട്ടെ , അങ്ങയില്‍ ആനന്ദിക്കട്ടെ , അങ്ങില്‍ വിസ്മയം കൊള്ളട്ടെ. ഓ! എന്റെ ഹൃദയനാഥാ , എന്റെ ഓഹരിയേ, എന്റെ ഹൃദയം സ്തംഭിച്ചെങ്കില്‍ അങ്ങു മാത്രം എന്റെ ജീവനാകട്ടെ. എന്റെ ആത്മാവിനെ അങ്ങയുടെ സ്‌നേഹത്തിന്റെ കനല്‍ക്കട്ട ഊഷ്മളമാക്കട്ടെ. അതെന്റെ അന്തരാത്മാവില്‍ കത്തി ഒരു വലിയ അഗ്‌നികുണ്ഡമായി മാറിയിരുന്നെങ്കില്‍ അതെന്റെ ഹൃദയ മാകുന്ന അള്‍ത്താരയില്‍ നിരന്തരം കത്തിജ്വലിക്കട്ടെ ! അപ്പോള്‍ എന്റെ ആത്മാവിന്റെ ഇരുളടഞ്ഞ തലങ്ങളെയെല്ലാം അതു പ്രകാശിപ്പിക്കും. അങ്ങനെ ഞാന്‍ മരണമടയുമ്പോള്‍ അങ്ങില്‍ ഒന്നായി ഭവിക്കട്ടെ.

നമുക്കു പ്രാര്‍ത്ഥിക്കാം.

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും

ധ്യാനവിഷയവും പ്രാർത്ഥനയും

പരിശുദ്ധ അമ്മ – പ്രസാദവരങ്ങളുടെ വിതരണക്കാരി

“വൈവിധ്യമാർന്ന തന്റെ മധ്യസ്ഥതയാൽ നമുക്ക് നിത്യരക്ഷയുടെ ദാനം നേടിത്തരാൻ വേണ്ടി മറിയം പരിശ്രമിക്കുന്നു” (രണ്ടാം വത്തിക്കാൻ കൗൺസിൽ ‘തിരുസഭ ‘, 62).

ആമുഖം

പരിശുദ്ധ മറിയം നമ്മുടെ അമ്മയായിരിക്കുന്നതിന്റെ അനിവാര്യഫലമാണ് അവൾ നമുക്കുവേണ്ടി പ്രസാദവരങ്ങളുടെയെല്ലാം വിതരണക്കാരിയും ആകുകയെന്നത്. സ്വർഗത്തിലേക്കുള്ള നമ്മുടെ ഓരോ ചുവടുവയ്പും വാത്സല്യപൂർവം പരിരക്ഷിച്ചു പോരുന്ന മാതാവ് ഈ തീർഥയാത്രയിൽ നമ്മൾ തളർന്നു വീഴാതിരിക്കാൻ പ്രസാദവരങ്ങളാകുന്ന ദാഹജലവും മന്നയും നല്കാൻ സദാ നമ്മുടെ അടുത്തുണ്ടാകാതിരിക്കുകയില്ല.

യേശുക്രിസ്തുവിന്റെ യോഗ്യതകൾ മനുഷ്യവർഗം മുഴുവനുമായി രണ്ടുതരത്തിൽ പരിശുദ്ധ മറിയം വിതരണം ചെയ്യുന്നു.

  1. സകല പ്രസാദവരങ്ങളുടെയും ദിവ്യാനുഗ്രഹങ്ങളുടെയും ഉറവിടവും ഉടമസ്ഥനുമായ യേശുക്രിസ്തുവിനെ ഭൂമിയിലേക്കു കൊണ്ടു വരുകവഴി പരിശുദ്ധ മറിയം എല്ലാ വരപ്രസാദങ്ങളും ദിവ്യാനുഗ്രഹങ്ങളും ലോകം മുഴുവനും വേണ്ടി വിതരണം ചെയ്യുന്നു (ദൈവശാസ്ത്രപരമായി ഇതിനെ ‘അകന്ന മധ്യസ്ഥത’ എന്നാണ് വിളിക്കുക).
  2. കാൽവരിയിൽവച്ചു സമ്പാദിച്ച എല്ലാ കൃപാവരങ്ങളും പരിശുദ്ധ മറിയം തന്റെ മധ്യസ്ഥതവഴി ലോകത്തിലുള്ള എല്ലാവർക്കും വിതരണം ചെയ്യുന്നു. (അടുത്ത മധ്യസ്ഥത ‘ എന്നാണ് ദൈവശാസ്ത്രത്തിൽ ഇതിനു പറയുക).

യേശു തന്റെ പെസഹാരഹസ്യങ്ങൾവഴി സമ്പാദിച്ച എല്ലാ വരപ്രസാദങ്ങളുടെയും വിതരണക്കാരി മറിയമായിരിക്കുന്നതിന്റെ യുക്തി ഈ പ്രസാദവരങ്ങൾ സമ്പാദിക്കുന്നതിൽ യേശുവോടൊത്തും അവനു വിധേയപ്പെട്ടും അവൾ അതുല്യപങ്കുവഹിച്ചു എന്നതാണ്. അവയുടെ സമ്പാദനത്തിൽ അവൾക്ക് വളരെ പ്രധാനപ്പെട്ടതും അതുല്യവുമായ പങ്കുണ്ടെങ്കിൽ, നിശ്ചയമായും അവയുടെ വിതരണത്തിലും അവൾക്ക് സുപ്രധാനമായ പങ്കുണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനം

ഇക്കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. “മറിയത്തിന്റെ മാതൃത്വം, പ്രസാദവരത്തിന്റെ വ്യവസ്ഥിതിയിൽ, മംഗളവാർത്തയിൽ അവൾ വിശ്വസ്തതാപൂർവം സമർപ്പിച്ചതും കുരിശിൻകീഴിൽ നിർവിശങ്കം നിലനിറുത്തിയതുമായ സമ്മതം മുതൽ, തിരഞ്ഞെടുക്കപ്പെട്ടവരുടെയെല്ലാം നിത്യസാഫല്യംവരെ അനുസ്യൂതം നിലനില്ക്കുന്നു… അതുകൊണ്ടാണ് ഭാഗ്യപ്പെട്ട കന്യകയെ തിരുസഭ അഭിഭാഷിക, സഹായിക, ഉപകാരിണി, മധ്യസ്ഥ എന്നീ അഭിധാനങ്ങളിൽ വിളിച്ചപേക്ഷിക്കുന്നത്” ( ‘തിരുസഭ’, 62).

ദൈവശാസ്ത്രജ്ഞരുടെ ഉൾക്കാഴ്ച

ക്രിസ്തു, സ്വയം ശൂന്യമാക്കിയ മനുഷ്യാവതാരത്തിലൂടെയും നമ്മോടുള്ള സ്നേഹാധിക്യത്താൽ സ്വയം ബലിയാക്കിയ കുരിശുമരണത്തിലൂടെയും സമ്പാദിച്ച പ്രസാദവരങ്ങളുടെ യഥാർഥമൂല്യം മറിയത്തെക്കാൾ നന്നായി അറിയാവുന്നവരായി മറ്റാരുണ്ട് ? ആ വരപ്രസാദ സമ്പത്ത് സംരക്ഷിക്കാൻ മറിയമല്ലാതെ മറ്റേതു സുരക്ഷിത ഭണ്ഡാരമുണ്ട് ദൈവത്തിന് ! ഈ അമൂല്യനിധികൾ ഉത്തരവാദിത്വത്തോടെ വിതരണം ചെയ്യാൻ ദൈവം മറിയത്തെയല്ലാതെ മറ്റാരെ ഏല്പിച്ചുകൊടുക്കും ? പഴം വേണ്ടവർ വൃക്ഷത്തെ സമീപിക്കുന്നു; യേശുവിനെവേണ്ടവർ മറിയത്തെയും എന്ന് മഹാദൈവശാസ്ത്രജ്ഞനായ വിശുദ്ധ അൽഫോൻസ് ലിഗോരി പറഞ്ഞത് എത്രയോ അർഥവത്താണ് !പ്രസാദവരങ്ങളുടെയെല്ലാം നാഥനായ ദൈവം അവ മനുഷ്യർക്കു വിതരണം ചെയ്യാൻ മറിയത്തെ ഏല്പിച്ചു എന്നത് ന്യായയുക്തംതന്നെ.

വിശുദ്ധ മാക്സ്മില്യൻ കോൾബെ പരിശുദ്ധാത്മാവുമായി മറിയത്തിനുള്ള അത്യഗാധമായ ബന്ധത്തെയാണ് മാതാവിന്റെ മധ്യസ്ഥതയുടെ പ്രധാന കാരണമായി അവതരിപ്പിക്കുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ‘സൃഷ്ടിക്കപ്പെടാത്ത അമലോദ്ഭവ’ വും പരിശുദ്ധ മറിയം സൃഷ്ടിക്കപ്പെട്ട അമലോദ്ഭവവും ആണ് എന്നാണ് വിശുദ്ധ കോൾബെ അഭി പ്രായപ്പെടുന്നത്. ‘സൃഷ്ടിക്കപ്പെടാത്ത അമലോദ്ഭവ’മായ പരിശുദ്ധാത്മാവ് ലോകത്തെ വിശുദ്ധീകരിക്കാനായി പ്രവർത്തിക്കുമ്പോൾ, അവിടന്ന് അത് നിർവഹിക്കുന്നത് സൃഷ്ടിക്കപ്പെട്ട അമലോദ്ഭവമായ പരിശുദ്ധ മറിയത്തോട് അഗാധമായി ഒന്നായിച്ചേർന്നും അവളിലൂടെയുമാണ്. അങ്ങനെ, ദൈവകൃപ നമ്മിലേക്ക് പിതാവിൽനിന്ന് ഒഴുകിവരുന്നത് പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയുമാണെങ്കിലും, അതോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെയുമാണ് എന്നത്രേ വിശുദ്ധ കോൾബെ പറയുന്നത്.

വിശുദ്ധ മാക്സില്യൻ കോൾബെയുടെ അഭിപ്രായത്തിൽ, വരപ്രസാദങ്ങളുടെയെല്ലാം ഉറവിടമായ യേശുക്രിസ്തു നമ്മുടെ പക്കലേക്കുവന്നത് മറിയത്തിലൂടെ മാത്രമാണെങ്കിൽ, വരപ്രസാദങ്ങളെല്ലാം നമ്മുടെ പക്കലെത്തുന്നതും ആ മറിയത്തിലൂടെ തന്നെയായിരിക്കും. എത്രയോ യുക്തിസഹമായ പ്രസ്താവന !

പ്രസാദവര വിതരണക്കാരി – അർഥം

ദൈവം തരുന്ന മുഴുവൻ പരിത്രാണഫലങ്ങളും മനുഷ്യരിലേക്കെത്തുന്നത് പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലൂടെയാണ് എന്നത്രേ മറിയം പ്രസാദവരങ്ങളുടെ വിതരണക്കാരി എന്നു പറയുന്നതിന്റെ അർഥം. പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥസഹായം നാം നേരിട്ട് അഭ്യർഥിച്ചാലും ഇല്ലെങ്കിലും രക്ഷയുടെ കൃപാവരങ്ങളെല്ലാം നാം സ്വീകരിക്കുന്നത് പരിശുദ്ധ മറിയത്തിന്റെ യഥാർഥവും വ്യക്തിപരവും സ്വമനസ്സാ ഉള്ളതുമായ മധ്യസ്ഥത വഴിയാണ്.

പരിശുദ്ധ കന്യകമറിയത്തിന്റെ മധ്യസ്ഥതയെപ്പറ്റിയോ അതിന്റെ ആവശ്യകതയെപ്പറ്റിയോ അറിഞ്ഞുകൂടാത്തവർപോലും ക്രിസ്തുവിൽനിന്ന് രക്ഷയ്ക്കാവശ്യമുള്ളതെല്ലാം പ്രാപിക്കുന്നത് പരിശുദ്ധ മറിയത്തിലൂടെ തന്നെയാണ്. ട്രന്റ് സാർവത്രിക സൂനഹദോസ് പഠിപ്പിച്ച ‘ആഗ്രഹത്താലുള്ള ഇഞാനസ്നാനം’ എന്ന പ്രബോധനത്തിനു തുല്യമാണ് ഈ ആശയം. ഔദ്യാഗികമായും നൈയാമികമായും ക്രിസ്ത്യാനിയാകാത്തവർക്കും ദൈവപിതാവിന്റെ മുമ്പിൽ ഏകരക്ഷകനും മധ്യസ്ഥനുമായ യേശുക്രിസ്തുവഴി നിത്യരക്ഷ പ്രാപിക്കാം. ഈ രക്ഷ യേശുക്രിസ്തുവിലൂടെയാണ് തങ്ങൾക്കു ലഭിക്കുന്നത് എന്നവർ അറിയാതിരുന്നാലും ഇത് സാധ്യമാണ്. അവർ നന്മയിൽ ജീവിക്കണമെന്നുമാത്രം. ഇതാണ് ‘ആഗഹത്താലുള്ള ഇഞാനസ്നാനം ‘ എന്ന തത്വത്തിന്റെ അർഥം.

പാപ്പാമാരുടെ പ്രബോധനം:

ഏഴാം പീയൂസ് പാപ്പാ ‘ എല്ലാ പ്രസാദവരങ്ങളുടെയും വിതരണക്കാരി ‘ എന്ന് മറിയത്തെ വിളിച്ചിരുന്നു. ഒമ്പതാം പീയൂസ് പാപ്പായുടെ വാക്കുകൾ ശ്രദ്ധേയമാണ്. എല്ലാ നന്മയുടെയും ഭണ്ഡാരം (ട്രഷറി) ദൈവം പരിശുദ്ധ മറിയത്തയാണ് ഭരമേല്പിച്ചിരിക്കുന്നത്. ഇത് എല്ലാ പ്രത്യാശയും എല്ലാ കൃപകളും എല്ലാ രക്ഷയും അവൾ വഴിയാണു ലഭ്യമാകുക എന്ന് ഏവരും അറിയേണ്ടതിനാണ്. ലെയോ പതിമൂന്നാമൻ പാപ്പാ ‘സ്വർഗീയാനുഗ്രഹങ്ങളുടെ വിതരണക്കാരി’ എന്നാണ് മാതാവിനെ വിളി ച്ചിരുന്നത്.

പത്താം പീയൂസ് പാപ്പാ പഠിപ്പിച്ചത്, “ക്രിസ്തുവും മറിയവും തമ്മിൽ തീരുമാനത്തിലും സഹനത്തിലുമുള്ള ഐക്യംമൂലം, ‘ നഷ്ടപ്പെട്ടുപോകുന്നവരുടെ വീണ്ടെടുപ്പുകാരി ‘ ( REPARATRIX of the lost World ) എന്ന സ്ഥാനത്തിന് ഏറ്റവും യോഗ്യമായ രീതിയിൽ മറിയം അർഹയായിത്തീർന്നു എന്നാണ്. തല്ഫലമായി, തന്റെ മരണവും താൻ ചിന്തിയ രക്തവും മൂലം യേശു സമ്പാദിച്ച എല്ലാ കൃപകളും വിതരണം ചെയ്യുന്നവളായും പരിശുദ്ധ മറിയം മാറി. “പരിശുദ്ധ മറിയം കഴുത്താണ് ; ശരീരത്തെ ശിരസ്സിനോട് ബന്ധിപ്പിക്കുന്ന കഴുത്തിലൂടെതന്നെയാണ് ശിരസ്സ് ശരീരത്തിലേക്ക് ഊർജവും ശക്തിയും അയയ്ക്കുന്നത്. പരിശുദ്ധ മറിയമാണ് യേശുവാകുന്ന ശിരസ്സിനോട് നമ്മെ ബന്ധിപ്പിച്ചു നിർത്തുന്ന കഴുത്ത്. അവളിലൂടെയാണ് തന്റെ ശരീരത്തിലേക്ക് (വിശ്വാസികളിലേക്ക് ) യേശു ആധ്യാത്മിക ഫലങ്ങൾ അയയ്ക്കുന്നത് ” ( ‘ആദ് ദിയെം ഇല്ലും’, 12,13).

ബെനെഡിക്ട് പതിനഞ്ചാമൻ പാപ്പാ പറഞ്ഞത്, “മറിയം തന്റെ പുത്രനോടൊത്ത് ലോകത്തെ രക്ഷിച്ചു. ഇക്കാരണത്താലാണ് രക്ഷയുടെ ഭണ്ഡാരത്തിലുള്ള കൃപാവരങ്ങളെല്ലാം വ്യാകുലാംബികയായ കന്യകയുടെ കരങ്ങളിലൂടെ തന്നെ നമുക്കു തരുന്നത് ” എന്നാണ്.

വേദപാരംഗതനായ ക്ലെയർവോയിലെ വിശുദ്ധ ബർണാർദ് പറഞ്ഞത്, ദൈവത്തിന്റെ തിരുവിഷ്ടം അവിടത്തെ കൃപാവരങ്ങളെല്ലാം മറിയത്തിലൂടെ നമുക്കു നല്കണം എന്നാണ്. പ്രസാദവര സമ്പാദനത്തിനായി പരിശുദ്ധ മറിയത്തെ നാം സമീപിക്കുന്നത് മന:ശാസ്ത്രപരമായ കാരണങ്ങളാലും ഏറ്റവും യുക്തമാണ്. തന്റെ തിരുകുമാരന്റെ ജീവൻ നമ്മുടെ രക്ഷയ്ക്കുവേണ്ടി ഹോമിക്കാൻ സ്നേഹപുരസ്സരം സമ്മതമരുളിയ പരിശുദ്ധ മാതാവ് പുത്രന്റെ രക്ഷാകരയോഗ്യതകൾ നമുക്കു വിതരണം ചെയ്യുന്നതിൽ എത്ര ഉത്സുകയായിരിക്കും ! തന്റെ പുത്രന്റെ ജീവൻ ‘വിറ്റു ‘ കിട്ടിയ വരപ്രസാദങ്ങൾ നമുക്കു തരുന്നതിൽ അവൾ എത്രയേറെ ഉത്സുകരായിരിക്കും !വെറുതെയിരുന്നു പോകാൻ അവൾ സമ്മതിക്കുമോ?

മരിയൻ സമർപ്പണത്തിനുള്ള പ്രതിഫലം വളരെ വലുത്

സമ്പൂർണ മരിയൻ സമർപ്പണം നടത്തുന്നവർ വൻനേട്ടമാണുണ്ടാക്കുന്നത്. അവർ മറിയത്തിനു സമർപ്പിക്കുന്നത് തുലോം തുച്ഛമായ കാര്യങ്ങളാണ്. എന്നാൽ, മറിയം തിരിയെ തരുന്നതോ ? തുലനം ചെയ്യാനാവാത്ത പ്രസാദവരസമ്യദ്ധി !

അവന് തന്നെത്തന്നെ പൂർണമായും അവർണനീയമായ വിധത്തിലും അവൾ നല്കും. തന്റെ കൃപാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ത്തും. അവനെ തന്റെ യോഗ്യതകൾകൊണ്ട് അലങ്കരിക്കും. തന്റെ ശക്തികൊണ്ട് അവനെ താങ്ങും. അവനെ തന്റെ പ്രഭാകിരണങ്ങൾകൊണ്ടു പ്രകാശിപ്പിക്കും. സ്നേഹംകൊണ്ടവനെ ജ്വലിപ്പിക്കും, എളിമ, വിശ്വസ്തത, ശുദ്ധത തുടങ്ങിയ തന്റെ എല്ലാ സുകൃതങ്ങളിലും അവനെ ഭാഗഭാക്കാക്കും. ഈശോയുടെ മുമ്പിൽ അവന്റെ ജാമ്യക്കാരിയും അവന്റെ എല്ലാ കുറവുകളും നികത്തുന്നവളും അവന്റെ സർവസ്വവുമായി അവൾ മാറും. ചുരുക്കത്തിൽ, അവൾക്കുതന്നെത്തന്നെ സമർപ്പിച്ചിരിക്കുന്നവൻ പരിപൂർണമായി അവളുടേതായിരിക്കുന്നതുപോലെ, അവൾ മുഴുവൻ അവന്റേതുമായിരിക്കും. വിശുദ്ധ യോഹന്നാൻ ശ്ലീഹാ പരിശുദ്ധ കന്യകയെ തന്റേതായി സ്വീകരിച്ചു എന്നു പറഞ്ഞത് മറിയത്തിന്റെ ഉത്തമ ദാസനും സുതനുമാകുന്ന ആരെപ്പറ്റിയും പറയാം ” ( ‘യഥാർഥ മരിയഭക്തി’, 144)

ബൈബിൾ വായന

“ യേശുവിന്റെ കുരിശിനരിക അവന്റെ അമ്മയും അമ്മയുടെ സഹോദരിയും കോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നില്ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു. സ്ത്രീയേ, ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു : ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു ” (വി. യോഹ 19:25 – 27).

പ്രാർഥന

പിതാവേ, അങ്ങേ തിരുകുമാരന്റെ പീഡാനുഭവമരണങ്ങളുടെ യോഗ്യത മുഴുവൻ പ്രസാദവരങ്ങളായി അവിടന്ന് എനിക്കായി കരുതിവച്ചിരിക്കുന്നതിന് നന്ദി പറയുന്നു. അവയുടെ സൂക്ഷിപ്പുകാരിയും വിതരണക്കാരിയും എന്റെ അമ്മയായ പരിശുദ്ധ മറിയം തന്നെയാണന്ന കാര്യം എന്നെ അത്യധികം ആനന്ദിപ്പിക്കുന്നു. പരിശുദ്ധ മറിയമേ, നീയും നിന്റെ പക്കലുള്ളതും എനിക്കു തരാൻമാത്രം നീ എന്നെ അത്ര അധികമായി സ്നേഹിക്കുന്നുവല്ലോ. എന്റെ അമ്മേ, നീ എന്റേതാകേണ്ടതിന് ഞാൻ ആദ്യം നിന്റേതാകട്ടെ. യോഹന്നാൻ ശ്ലീഹായെ അനുകരിച്ച് ഞാൻ ആദ്യം നിന്നെ സ്വന്തമാക്കട്ടെ; അപ്പോൾ എന്നെ നിനക്കു സ്വന്തമാക്കാനുള്ള സ്വാതന്ത്യം നിനക്കു കിട്ടും. അതിനായി, സമ്പൂർണ മരിയൻ സമർപ്പണത്തിനൊരുങ്ങുന്ന എന്റെ തയ്യാറെടുപ്പ് മറിയമേ പ്രസാദവര ക്രമത്തിൽ സർവശക്തിയായവളേ ഏറ്റെടുത്ത് ഫലദായകമാക്കണമേ, ആമേൻ.


സത്കൃത്യം

ചെയ്യുന്ന പ്രവൃത്തികളെല്ലാം മറിയത്തിന്റെ സഹായം അഭ്യർഥിച്ചു ചെയ്യുക.

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം

DAY 11 പ്രതിഷ്ഠാ ഒരുക്കം

DAY 12 പ്രതിഷ്ഠ ഒരുക്കം

DAY 13 പ്രതിഷ്ഠ ഒരുക്കം

DAY 14 പ്രതിഷ്ഠ ഒരുക്കം

DAY 15 പ്രതിഷ്ഠ ഒരുക്കം

DAY16 പ്രതിഷ്ഠ ഒരുക്കം

✝️ MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.