വസ്ത്രം മാറുമ്പോള്‍ പ്രാര്‍ത്ഥിക്കാം…


എല്ലാ കാര്യങ്ങളിലും ദൈവത്തെ കണ്ടെത്തുക എന്നതാണ് ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. ദൈവഹിതം അന്വേഷിക്കുക എന്നതും അവനെ സംബന്ധിച്ച് വെല്ലുവിളികളില്‍ പെടുന്നു.

എന്നാല്‍ പറയും പോലെ ഇത് അത്ര എളുപ്പമല്ല. കാരണം ആഗ്രഹിക്കാത്ത തിന്മ ചെയ്യുന്നതിലേക്ക് മനസിന് ചായ് വുള്ളവരാണ് നമ്മള്‍ ഓരോരുത്തരും.

പക്ഷേ മനസ്സ് വച്ചാല്‍ ജീവിതത്തില്‍ ചെയ്യുന്ന തീരെ ചെറിയ കാര്യങ്ങളില്‍ പോലും ദൈവവിചാരം കൊണ്ടുവരാം. പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ദൈവവിചാരത്തോടെ ചെയ്യുന്ന ഏതു പ്രവൃത്തിയും പ്രാര്‍ത്ഥന തന്നെയാണ്. അതുകൊണ്ട് അടുക്കളയിലോ ഓഫീസിലോ ചെയ്യുന്ന പ്രവൃത്തികള്‍ മുതല്‍ ചെടി നനയ്ക്കുകയോ തൂത്തുവാരുകയോ ചെയ്യുന്ന നിമിഷങ്ങളില്‍ വരെ പ്രാര്‍ത്ഥിക്കാം. എന്തിനേറെ ഡ്രസ് ചെയ്ഞ്ച് ചെയ്യുന്ന നിമിഷങ്ങളിലും.

ആത്മീയമായ ഒരു പ്രതീകമായി കൂടി ഡ്രസ് മാറലിനെ നമുക്ക് കാണാന്‍ കഴിയും. പഴയ മനുഷ്യനെ ഉരിഞ്ഞെറിഞ്ഞിട്ട് പുതിയ മനുഷ്യനെ സ്വീകരിക്കണമെന്നാണല്ലോ വിശുദ്ധ ഗ്രന്ഥം ആവശ്യപ്പെടുന്നത്. അതുകൊണ്ട് ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ ധരിക്കുന്നതിന്റെ പ്രതീകമായി വസ്ത്രം മാറലിനെ കണ്ടുകൊണ്ട് വസ്ത്രം മാറുമ്പോള്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുക

ഓ എന്റെ രക്ഷകനായ ഈശോയേ എന്നെ എല്ലാവിധ പാപങ്ങളില്‍ നിന്നും പാപാസക്തികളില്‍ നിന്നും മോചിപ്പിക്കണമേ. എന്നെ എന്റെ എല്ലാവിധ അഹങ്കാരത്തില്‍ നിന്നും പൊങ്ങച്ചങ്ങളില്‍ നിന്നും മോചിപ്പിക്കണമേ. എന്റെ സ്വാര്‍ത്ഥയില്‍ നിന്നും ആത്മസ്‌നേഹത്തില്‍ നിന്നും എന്നെ വിടുവിക്കണമേ നിന്റെ തിരുഇഷ്ടത്തിന് വിരുദ്ധമായിട്ടുള്ള എല്ലാറ്റില്‍ നിന്നും എന്നെ ര്ക്ഷിക്കണമേ. എന്നെ നിന്റെ ഇഷ്ടമനുസരിച്ചുള്ള പുതിയ വസ്ത്രം ധരിപ്പിക്കണമേ.. എന്നെ പാപാസക്തികളില്‍ നിന്ന് എന്നെ മാറ്റിയെടുക്കണമേ.

ലളിതവും മാനസാന്തരത്തിന് സഹായകരവുമായ പ്രാര്‍ത്ഥനയാണ് ഇത് എന്നാണ് അനുഭവസ്ഥര്‍ പലരും രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് ഇന്നുമുതല്‍ നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.