പ്രലോഭനമുണ്ടാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത്…


പ്രലോഭനങ്ങള്‍ ഉണ്ടാകാത്ത ജീവിതങ്ങള്‍ ഇല്ല. മരണത്തിന്റെ അവസാന വിനാഴിക വരെ അത് നമ്മുടെ കൂടെയുണ്ടാകും. എന്നാല്‍ പ്രലോഭനങ്ങളെ നേരിടാന്‍ നമുക്ക് കഴിവുണ്ട്. വേരോടെ പിഴുതെറിയാനും.

വിശുദ്ധരെല്ലാം പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ്. പക്ഷേ അവര്‍ അവയെ ധീരതയോടെ നേരിട്ടു.
ഇറ്റാലിന്‍ വൈദികന്‍ ലോറെന്‍സോ സ്‌കൂപോലി തന്റെ സ്പിരിച്വല്‍ കോംബാറ്റ് എന്ന കൃതിയില്‍ പ്രലോഭനങ്ങളെ നേരിടേണ്ട വിധങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്.

പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ ഹൃദയവും ചിന്തയും ദൈവത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. ദൈവത്തിന്റെ അപരിമേയമായ നന്മകളെക്കുറിച്ച് ധ്യാനിക്കുക എന്നതാണ്.

ദൈവം നമ്മെ എന്തു മാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കുക. സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ. ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ആ നല്ലവനായ ദൈവത്തിനെതിരായി എന്തെങ്കിലും തെറ്റ് ചെയ്യാന്‍ നമുക്ക് ധൈര്യമുണ്ടാവില്ല. നമുക്കതിനുള്ള ശക്തി ഇല്ലാതെ പോകും. അങ്ങനെ ദൈവത്തോടുള്ള സ്‌നേഹം ഉള്ളില്‍ നിറയ്ക്കുക, അവിടുത്തോട് ചേര്‍ന്നുനില്ക്കുക.

ഒരു കൊച്ചുകുഞ്ഞ് കാറ്റും കോളും വരുമ്പോള്‍ അവന്റെ അമ്മയോട് ചേര്‍ന്നുനില്ക്കുമ്പോള്‍ അനുഭവിക്കുന്ന ധൈര്യം പോലെ പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ ദൈവത്തോടു ചേര്‍ന്നുനില്ക്കുക.. അതോടൊപ്പം ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക,

എന്റെ ഈശോയേ എന്റെ മാധുര്യമുള്ള ഈശോയേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ, എന്നെ എന്റെ ശത്രുക്കളുടെ കൈയിലേക്ക് ഏല്പിച്ചുകൊടുക്കാന്‍ അനുവദിക്കരുതേ..എന്നെ രക്ഷിക്കണമേ.

പ്രാര്‍ത്ഥനയ്ക്ക് ശേഷം കുരിശു ചുംബിക്കുന്നതും നല്ലതാണ്. ക്രിസ്തുവിന്റെ തിരുമുറിവുകളെ ധ്യാനിച്ച് അവയ്ക്കുള്ളില്‍ പൊതിഞ്ഞുപിടിക്കാന്‍ പ്രാര്‍ത്ഥിക്കുക

ഇങ്ങനെയെല്ലാം ചെയ്തുകഴിയുമ്പോള്‍ പാപത്തില്‍ നിന്ന് ഓടിപ്പോകാനുള്ള ദൈവികമായ പരിരക്ഷ നമുക്ക് ലഭിക്കും. ദൈവകൃപയുണ്ടെങ്കില്‍ നമുക്കൊന്നും അസാധ്യമായിട്ടില്ലല്ലോ.എന്താ ഇന്നുമുതല്‍ ഇത് പരീക്ഷിച്ചുനോക്കുകയല്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.