അനുഗ്രഹിക്കപ്പെടാന്‍ ഓരോ ദിവസവും തുടങ്ങേണ്ടത് ഈ പ്രാര്‍ത്ഥനയോടെയാവട്ടെ

ഓരോ ദിവസവും തുടങ്ങാന്‍ നമുക്ക് ഓരോ വഴികളുണ്ട്. ഓരോരുത്തരും ഓരോ പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ് ദിവസം ആരംഭിക്കുന്നതും. എന്നാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും താന്താങ്ങളുടെ കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥിച്ചിട്ട് ദിവസം തുടങ്ങുന്നത് കൂടുതല്‍ നല്ലതും അനുഗ്രഹപ്രദവും ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്.

കത്തോലിക്കാവിശ്വാസമനുസരിച്ച് ഓരോ വ്യക്തികള്‍ക്കും അവരുടേതു മാത്രമായ കാവല്‍മാലാഖമാരുണ്ട്. നമ്മുടെ അനുദിനജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ നമ്മെ സഹായിക്കുക എന്ന ഉത്തരവാദിത്തവും കടമയുമാണ് ഈ മാലാഖമാര്‍ക്കുള്ളത്.

ഈ മാലാഖമാര്‍ നമ്മുടെകൂടെ എപ്പോഴുമുണ്ടാവും. അതുകൊണ്ട് ഓരോ ദിവസവും കുടുംബങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടിട്ട് ദിവസം ആരംഭിക്കണം. ഒരുപക്ഷേ എല്ലാവരും കൂടി ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ സമയമോ സാഹചര്യമോ ഉണ്ടായിരിക്കണമെന്നില്ല.

പക്ഷേ അവനവര്‍ ആയിരിക്കുന്ന സാഹചര്യങ്ങളില്‍ അവനവരുടെ കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥനാസഹായം ചോദിച്ച് ദിവസം ആരംഭിക്കട്ടെ.
ഇതാ ദിവസവും കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനകളില്‍ ഒന്ന്
ദൈവത്താല്‍ പ്രത്യേകമായി എനിക്ക് വേണ്ടി നിയോഗിക്കപ്പെട്ട എന്റെ കാവല്‍മാലാഖായേ, ഈ ദിവസം മുഴുവനും എന്നെ സംരക്ഷിക്കാനും കാത്തൂസൂക്ഷിക്കാനും ദൈവത്താലുള്ള നിയോഗം അങ്ങാണല്ലോ ഏറ്റെടുത്തിരിക്കുന്നത്. ഇന്നേ ദിവസം എന്റെ ജീവിതത്തിലുണ്ടാകുന്ന എല്ലാ വിധ പ്രലോഭനങ്ങളെയും നേരിടാന്‍ എനിക്ക് ശക്തി തരണമേ. എല്ലാവിധ തിന്മകളില്‍ നിന്നും ഇന്നേ ദിവസം എന്നെ കാത്തുരക്ഷിക്കണമേ.

എന്റെ ആത്മാവിനെ കാത്തുകൊള്ളണമേ. ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണമേ. ദൈവത്തിന്റെ കരുണ എപ്പോഴും എന്റെമേല്‍ ഉണ്ടായിരിക്കണമേ. സമാധാനപൂര്‍വ്വവും സ്വസ്ഥവുമായ മരണം എനിക്ക് നല്കണമേ. ഈ ദിവസം ഈ നിമിഷം മുതല്‍ മരണസമയം വരെ എന്റൈ കൂടെയുണ്ടായിരിക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.