ദിവ്യബലിയുടെ ശക്തി അറിയാമോ?

എത്രയോ ദിവ്യബലികളില്‍ ഇതിനകം നാം പങ്കെടുത്തുകഴിഞ്ഞു. പക്ഷേ പങ്കെടുത്ത ആ ദിവ്യബലികളില്‍ എല്ലാം നമ്മുടെ മനസ്സ് എത്രമാത്രമുണ്ടായിരുന്നു.. ആത്മാര്‍ത്ഥത..ഭക്തി..

ആത്മശോധന നടത്തുമ്പോള്‍ അവ വളരെ കുറവായിരുന്നു എന്ന് നാം തിരിച്ചറിയുന്നു. അങ്ങനെ സംഭവിച്ചത് നമുക്ക് വിശുദ്ധ കുര്‍ബാനയുടെ അര്‍ത്ഥവും ആഴവും മനസ്സിലാക്കാതെ പോയതുകൊണ്ടാണ്.

പക്ഷേ ഈ ലോകത്തില്‍ ജീവിച്ചുമരിച്ചു കടന്നുപോയ പലരും പ്രത്യേകിച്ച് വിശുദ്ധര്‍, വിശുദ്ധ കുര്‍ബാന എന്താണെന്ന് ആത്മാവില്‍ അനുഭവിച്ചറിഞ്ഞവരായിരുന്നു.

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ എണ്ണമറ്റ മാലാഖമാര്‍ ദൈവത്തെ ആരാധിക്കാനായി അള്‍ത്താരയില്‍ എത്തിച്ചേരുന്നു എന്നായിരുന്നു വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നത്.

യഥാര്‍ത്ഥത്തിലുളള വിശുദ്ധ കുര്‍ബാന എന്താണെന്ന് നാം മനസ്സിലാക്കിയിരുന്നുവെങ്കില്‍ നാം സന്തോഷം കൊണ്ട് മരിച്ചുപോകുമായിരുന്നു എന്നാണ് വിശുദ്ധ ജോണ്‍ വിയാനിയുടെ അഭിപ്രായം.

ബലിയര്‍പ്പണത്തില്‍ വൈദികനെ സഹായിക്കാനായി മാലാഖമാര്‍ ഒരുമിച്ചുകൂടുന്നുവെന്ന് വിശുദ്ധ അഗസ്തിനോസ് പറയുന്നു. ഇതുതന്നെ മഹാനായ വിശുദ്ധ ഗ്രിഗറിയും പറയുന്നു, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും മാലാഖമാര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹായിക്കാനായി വരുകയും ചെയ്യുന്നുവത്രെ.

വെളിച്ചമില്ലാതെ ജീവിക്കാന്‍ ഈ ലോകത്ത് കഴിയുമോ? അതായിരിക്കുമത്രെ വിശുദ്ധ കുര്‍ബാന ഇല്ലാതെ ഈ ലോകത്ത് ജീവിക്കുന്നതിനെക്കാള്‍ എളുപ്പം. ഇതായിരുന്നു പാദ്രെപിയോയുടെ വിശ്വാസം.

ഇങ്ങനെയെല്ലാമാണ് വിശുദ്ധ കുര്‍ബാനയെ വിശുദ്ധര്‍ കാണുന്നത് എങ്കില്‍ ഹാ കഷ്ടം എത്രയോ അശ്രദ്ധമായാണ് നാം വിശുദ്ധ കുര്‍ബാനയെ സമീപിക്കുന്നത്. ഇനി മുതല്‍ ആത്മാവില്ലാതെയുള്ള അത്തരം ബലിയര്‍പ്പണങ്ങള്‍ അവസാനിപ്പിച്ചേക്കൂ. ഭക്തിയോടെയും ശ്രദ്ധയോടെയും ബഹുമാനത്തോടെയും സ്‌നേഹത്തോടെയും നമുക്കിനി മുതല്‍ വിശുദ്ധ ബലിക്കണയാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.