അസ്വസ്ഥമായ മനസ്സുമായി അലയുകയാണോ, സ്വസ്ഥതയ്ക്കുവേണ്ടി മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ


ഏതെല്ലാം തരത്തിലാണ് നമ്മുടെ മനസ്സ് അസ്വസ്ഥമാകുന്നത് അല്ലേ. എന്തെല്ലാം പ്രശ്‌നങ്ങള്‍. കുടുംബത്തിലും തൊഴിലിടങ്ങളിലും പ്രശ്‌നങ്ങള്‍. വ്യക്തിബന്ധങ്ങളിലും ഔദ്യോഗികബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും വരുത്തിവയ്ക്കുന്ന പ്രയാസങ്ങള്‍ വേറെ. ഇവയെല്ലാം നമ്മുടെ മനസ്സിനെയും ശരീരത്തെയും അസ്വസ്ഥമാക്കുകയും നാം ഒന്നിലും സ്വസ്ഥതയില്ലാത്തവരായി അലഞ്ഞുതിരിയുകയും ചെയ്യും.

ഇത്തരം അവസ്ഥയില്‍ നമുക്ക് സഹായമായിട്ടുള്ളത് പരിശുദ്ധ അമ്മയാണ്. എന്തെല്ലാം വേദനകളും പ്രയാസങ്ങളും അസ്വസ്ഥതകളുമുള്ളവളായിരുന്നു നമ്മുടെ അമ്മ. പക്ഷേ അവള്‍ അവിടെയൊന്നിലും പതറിയില്ല. മനസ്സിനെ അസ്വസ്ഥമാക്കാന്‍ അനുവദിച്ചുമില്ല. അതുകൊണ്ട് നമുക്ക് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും മാതാവിന്റെ കൈകളിലേക്ക് സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

ഓ അനുഗ്രഹീതയായ മാതാവേ, ഞങ്ങളുടെ സ്വസ്ഥപൂരിതയായ അമ്മേ, മാതൃസഹജമായ സ്‌നേഹം കൊണ്ട് നീ ഞങ്ങളെ നോക്കണമേ. ഞങ്ങളെ മക്കളെ പോലെ സ്വീകരിക്കണമേ. ഞങ്ങളുടെ എല്ലാ ബലഹീനതകളും ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും അമ്മ ഞങ്ങള്‍ക്ക് നല്കിയ പ്രത്യാശയും സ്വര്‍ഗ്ഗീയമായ സന്തോഷവും ഞങ്ങളുടെ മനസ്സുകളെ ഭരിക്കുന്നുണ്ട്.

ഈശോയോടൊപ്പം കാല്‍വരിയാത്രയില്‍ അനുഗമിച്ചവളേ, ജീവിതത്തിലെ എല്ലാ പ്രയാസങ്ങളിലും അമ്മയുടെ മാധ്യസ്ഥം ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ. പലവിധ വിചാരങ്ങളാല്‍ ഭാരപ്പെട്ടിരിക്കുന്ന ഞങ്ങളുടെ മനസ്സിന് അമ്മ ആശ്വാസം നല്കണമേ. ഞങ്ങളുടെ അനുദിന ജീവിതത്തില്‍ സമാധാനം നിറയ്ക്കണമേ ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.