പെസഹാ അപ്പം മുറിക്കുന്നതിനു മുൻപുള്ള പ്രാത്ഥന
കുടുംബാംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിന്‍ മുന്‍പില്‍ മെഴുകുതിരി കത്തിച്ചിരിക്കുന്നു. കുരിശപ്പം, പെസഹാ പാല്‍, അപ്പം മുറിക്കുന്നതിനുള്ള കത്തി മുതലായവ തയ്യാറാക്കിയിരിക്കുന്നു. ബൈബിള്‍ സമുന്നതമായ പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബനാഥന്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു.
കുടുംബനാഥന്‍: പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.
സമൂ: ആമ്മേന്‍.
കുടുംബനാഥന്‍: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
സമൂ: ആമ്മേന്‍.
കുടുംബനാഥന്‍: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേന്‍.
കുടുംബനാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… (സമൂഹവും ചേര്‍ന്ന്).
കുടുംബനാഥന്‍: പീഡാസഹനത്തിന്‍റെ തലേ രാത്രിയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളോടൊത്തു സദാ വസിക്കുന്നതിനായി വി.കുര്‍ബ്ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ, അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ സംപ്രീതനാകണമേ. അങ്ങയുടെ കാലടികള്‍ പിന്തുടരുന്നതിനു ഞങ്ങളെ സഹായിക്കണമേ സകലത്തിന്‍റെ നാഥാ, എന്നേക്കും.
സമൂ: ആമ്മേന്‍.
(ദൈവത്തിന്‍റെ അനന്തമായ ദാനങ്ങള്‍ ഓര്‍ത്ത് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം: സങ്കീര്‍ത്തനം 135)
കുടുംബനാഥന്‍: നല്ലവനായ കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
സമൂ: നല്ലവനായ…
കുടുംബനാഥന്‍: അത്യുന്നതനായ ദൈവത്തെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
കുടുംബനാഥന്‍: അത്ഭുതങ്ങൾ പ്രവര്‍ത്തിക്കുന്നവനായ ദൈവത്തെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: തന്‍റെ അനന്തമായ ജ്ഞാനത്താല്‍ ആകാശം സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: ജലത്തിനു മുകളിലായി ഭൂമിയെ ഉറപ്പിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: ആകാശമണ്ഡലത്തില്‍ ഗോളങ്ങള്‍ നിര്‍മ്മിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: പകലിനെ ഭരിക്കുവാന്‍ വേണ്ടി സൂര്യനെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: രാത്രിയെ ഭരിക്കുവാന്‍ വേണ്ടി ചന്ദ്രതാരങ്ങളെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: നമ്മുടെ സങ്കടകാലങ്ങളില്‍ നമ്മെ ഓര്‍ത്തവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: നമ്മുടെ ശത്രുക്കളില്‍ നിന്നെല്ലാം നമ്മെ രക്ഷിച്ചവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: ലോകത്തിലുള്ള ജീവികള്‍ക്കെല്ലാം ആഹാരം നല്‍കുന്നവനെ സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ കൃതജ്ഞതാപൂര്‍വ്വം സ്തുതിക്കുവിന്‍.
സമൂ: എന്തുകൊണ്ടെന്നാല്‍…
കുടുംബനാഥന്‍: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
വിജ്ഞാപനം: പഴയനിയമകാലം മുതല്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ ആചരിച്ചിരുന്നു. ആ ദിവസം കുടുംബാംഗങ്ങള്‍ ഒരുമിച്ചു പെസഹാ അപ്പം ഭക്ഷിക്കുകയും കര്‍ത്താവ് അവരോടു ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈജിപ്തില്‍ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനത്തെ ദൈവം വിമോചിപ്പിച്ചതു സംബന്ധിച്ച് പുറപ്പാടിന്‍റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമ്മുക്കു ശ്രവിക്കാം.
പ്രതിനിധി: സഹോദരരേ, പുറപ്പാടിന്‍റെ പുതകത്തില്‍ നിന്നുള്ള വായന (പുറ: 12:1,14-25).
“കര്‍ത്താവ് ഈജിപ്തില്‍ വച്ച് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും. നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം
ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന്‍ , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ – ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പു കമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍.
പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം.”
സമൂ: ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കു സ്തുതി.
(അൽപ നേരം മൗനമായി ധ്യാനിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഗാനം ആലപിക്കുകയോ ചെയ്യാവുന്നതാണ്)
താലത്തില്‍ വെള്ളമെടുത്തു
വെണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാതന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി … (2)
വിനയത്തില്‍ മാതൃക നല്‍കാന്‍
സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശന്‍ ദാസന്മാരുടെ
പാദങ്ങള്‍ കഴുകി… (2)
(താല…)
ഗുരുവെന്നു വിളിപ്പൂ നിങ്ങള്‍
പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍
ഗുരു നല്‍കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍… (2)
(താല…)
പാദങ്ങള്‍ കഴുകിയ ഗുരുവിന്‍
ശിഷ്യന്മാര്‍ നിങ്ങളതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായ്ത്തീരും…(2)
(താല…)
വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍
നല്‍കുന്നു, പുതിയൊരു നിയമം
സ്നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍…(2)
(താല…)
ഞാനേകിയ കല്‍പനയെല്ലാം
പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനം പതിയും
സ്നേഹിതരായ്ത്തീരും….(2)
(താല…)
കുടുംബനാഥന്‍: ഞങ്ങളുടെ രക്ഷകനായ കര്‍ത്താവേ, (എല്ലാവരും കൂടി) ഗുരുവും നാഥനുമായിരുന്നിട്ടും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക കാണിക്കുവാന്‍ അങ്ങ് സ്വന്തം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയല്ലോ. പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കാര്യത്തില്‍ ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിക്കുകയും അവയ്ക്കെല്ലാം മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. മേലില്‍ അങ്ങയുടെ ദിവ്യമാതൃകയ്ക്കൊത്ത വിധം ജീവിതം നയിച്ചുകൊള്ളാമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഈ പ്രതിജ്ഞ സ്വീകരിച്ചു ദയാപൂര്‍വ്വം ഞങ്ങളെ അനുഗ്രഹിക്കണമേ.
സമൂ: ആമ്മേന്‍.
(ആരെങ്കിലും വഴക്കിലോ പിണക്കത്തിലോ ആണെങ്കില്‍ പരസ്പരം ക്ഷമ ചോദിച്ച് ഈ സന്ദര്‍ഭത്തില്‍ രമ്യപ്പെടേണ്ടതാണ്)
വിജ്ഞാപനം: വിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമുക്കു ശ്രവിക്കാം.
കുടുംബനാഥന്‍: വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
കുടുംബനാഥന്‍: “അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ച ശേഷം അവര്‍ ഒലിവു മലയിലേയ്ക്ക് പോയി” (മത്താ. 26:26-30).
സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.
(അല്പസമയത്തെ മൗനത്തിനുശേഷം)
കുടുംബനാഥന്‍: ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ മിശിഹായേ, വിരുന്നും ബലിയുമായി വിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുകയും, ആ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കാളികളാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ നന്ദി പറയുന്നു. പെസഹാ രഹസ്യത്തിന്‍റെ അനുസ്മരണം കൊണ്ടാടുന്ന ഈ സമയത്ത് ഞങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്ന ഈ പെസഹാ അപ്പത്തെയും പാലിനെയും ആശീര്‍വ്വദിക്കണമേ. (പെസഹാ അപ്പം കൈയിലെടുത്തുകൊണ്ട്), അനേകം ധ്യാന്യമണികള്‍ ചേര്‍ന്നു ഈ അപ്പം ഉണ്ടായിരിക്കുന്നതുപോലെ ഞങ്ങളെല്ലാവരും അങ്ങയില്‍ ഒന്നായി ഭവിക്കട്ടെ. ഇതില്‍ നിന്ന് പങ്കുപറ്റുന്ന ഞങ്ങളെല്ലാവരും ജീവിതാന്ത്യത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കുകാരാകുവാന്‍ ഇടവരുത്തേണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേന്‍.
(കുടുംബനാഥന്‍ അപ്പം മുറിച്ച് പാലില്‍ മുക്കി പ്രായമനുസരിച്ചു കുടുംബാംഗങ്ങള്‍ക്കു കൊടുക്കുന്നു. ഓരോരുത്തരും ഇരുകൈകളും നീട്ടി വാങ്ങി ഭക്തിപൂര്‍വ്വം ഭക്ഷിക്കുന്നു. അപ്പം കൊടുക്കുമ്പോള്‍, “മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു പറയുന്നു. അപ്പം സ്വീകരിക്കുന്നവര്‍ “രക്ഷകനായ മിശിഹായ്ക്കു സ്തുതി” എന്നു പറയുന്നു. എല്ലാവരും സ്നേഹപൂര്‍വ്വം ഭക്ഷിക്കുന്നു. അതിനുശേഷം അവസരോചിതമായ ഒരു ഗാനം ആലപിക്കുകയും പരസ്പരം ഈശോയ്ക്കു സ്തുതി ചൊല്ലുകയും ചെയ്യുന്നു)
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ