യാത്രയിലെ സംരക്ഷണത്തിന് വേണ്ടി യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം

ദിവസത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള യാത്രകള്‍ നടത്താത്തവരായി നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയില്ല. ഇത്തരം യാത്രകളില്‍ നമ്മുടെ സംരക്ഷണത്തിനായി, യാത്രയുടെ സുരക്ഷിതത്വത്തിനായി നമുക്ക് ആശ്രയം വയ്ക്കാവുന്ന സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള പ്രത്യേക മധ്യസ്ഥനാണ് നമ്മുടെ യൗസേപ്പിതാവ്.

ഉണ്ണീശോയുടെയും മാതാവിന്റെയും യാത്രകളില്‍ അവരെ സുരക്ഷിതരായി നടത്തിയത് യൗസേപ്പിതാവായിരുന്നുവല്ലോ? ഉണ്ണീശോയ്ക്ക് ജന്മം നല്കാന്‍ വേണ്ടിയുള്ള യാത്രകളും പലായനം ചെയ്ത അവസരങ്ങളും നമ്മുടെ ഓര്‍മ്മയിലുണ്ടല്ലോ. ഇങ്ങനെ പലതരത്തിലുള്ള അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ യൗസേപ്പിതാവിന് കഴിഞ്ഞതാണ് യാത്രകളുടെ സംരക്ഷകനായി യൗസേപ്പിതാവിനെ വണങ്ങാന്‍ കാരണമായിരിക്കുന്നതും.

അതുകൊണ്ട് നമുക്ക് യൗസേപ്പിതാവിനോട് യാത്രകളുടെ സംരക്ഷണത്തിനായി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം:

ഓ വിശുദ്ധ യൗസേപ്പേ, ഈശോയെയും മാതാവിനെയും സുരക്ഷിതരായി വഴി നടത്തിയവനേ ഇന്നേ ദിവസം ഞാന്‍ നടത്താന്‍ പോകുന്ന എല്ലാ യാത്രകളിലും എനിക്ക് സംരക്ഷകനായി കൂടെയുണ്ടായിരിക്കണമേ. ഓരോ ദിവസവും ഞാന്‍ നടത്താന്‍ പോകുന്ന യാത്രകളിലെല്ലാം എന്റെ സംരക്ഷകനും വഴികാട്ടിയുമായിരിക്കണമേ. ഞങ്ങളെ ഓരോരുത്തരെയും സംരക്ഷിക്കണമേ.

ആപത്തുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഞങ്ങളുടെ ആത്മാക്കളെയും ശരീരത്തെയും കാത്തുരക്ഷിക്കണമേ. ഇഹലോകത്തിലെന്നതുപോലെ ഞങ്ങളുടെ അവസാനയാത്രയിലും ഞങ്ങളുടെ ആത്മാക്കള്‍ക്ക് കൂട്ടുണ്ടായിരിക്കണമേ. സന്തോഷകരവും മഹത്വപൂര്‍ണ്ണവുമായ അന്ത്യയാത്രയിലും ഞങ്ങളെ വഴിനയിക്കണമേ. ഈശോയുടെയും മാതാവിന്റെയും സംരക്ഷകാ ഞങ്ങള്‍ക്ക് എപ്പോഴും സംരക്ഷകനായി ഉണ്ടായിരിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.