ജീവന്റെ മഹത്വം പ്രഘോഷിച്ച പുഷ്പ മരിയക്ക് ഇന്ന് വിട


കുറവിലങ്ങാട്: സ്‌നേഹത്തിന്റെ താരാട്ടുപാട്ടുകള്‍ ബാക്കിനില്‌ക്കെ അബോധാവസ്ഥയിലേക്ക് മടങ്ങി നീണ്ട അഞ്ചുവര്‍ഷങ്ങളുടെ മയക്കത്തില്‍ നിന്ന് ദൈവപിതാവിന്റെ മടിത്തട്ടിലേക്ക് യാത്രയായ പുഷ്പമരിയായ്ക്ക് ഇന്ന് മക്കളും ഭര്‍ത്താവും അടങ്ങുന്ന പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്കും. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന പള്ളിയില്‍ വൈകുന്നേരം നാലിനാണ് പുഷ്പമരിയയുടെ സംസ്‌കാരം.

മരിയഭക്തയായിരുന്നു പുഷ്പ മരിയ. അതുപോലെ നല്ലൊരു ഗായികയും. ആ സ്വരമാധുരി മുഴുവന്‍ ദൈവസ്തുതികള്‍ പാടുന്നതിനും മരിയന്‍ഗീതം മുഴക്കുന്നതിനും വേണ്ടിയായിരുന്നു നീക്കിവച്ചിരുന്നത്.

ആറു മക്കളുടെ അമ്മയായിരുന്ന പുഷ്പമരിയയുടേത് ജീവന്റെ മഹത്വം ഉയര്‍ത്തിപിടിക്കുന്ന ജീവിതമായിരുന്നു. കൂടുതല്‍ മക്കളുടെ അമ്മയാകാനായിരുന്നു പുഷ്പയ്ക്ക് ആഗ്രഹം. ഭര്‍ത്താവ് ജോര്‍ജുകുട്ടിയും അതേ ആഗ്രഹക്കാരനായപ്പോള്‍ പുഷപ് ഗര്‍ഭിണിയായത് എട്ടുതവണ. എട്ടാമത്തെ പ്രസവത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളും. പുഷ്പയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

പക്ഷേ ഇരട്ടക്കുഞ്ഞുങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മരണമടഞ്ഞു. അതിന് മുമ്പ് ഇടയ്‌ക്കൊരു കുഞ്ഞും ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞു. പുഷ്പയുടെ ജീവിതത്തിലെ വലിയ മുറിവുകളായിരുന്നു അവയെല്ലാം.

ആ മുറിവുണങ്ങുന്നതിന് മുമ്പുതന്നെ എട്ടാമത്തെ പ്രസവശേഷം പുഷ്പ രോഗബാധിതയായി. ശാരീരികാസ്വസ്ഥതകള്‍ ആയി ആരംഭിച്ച രോഗം പതുക്കെ പതുക്കെ അവളെ അബോധാവസ്ഥയിലുമാക്കി. വിദ്ഗദ ചികിത്സകള്‍ക്ക് പോലും ശേഷിക്കുന്ന ആറുമക്കള്‍ക്കും ഭര്‍ത്താവിനും പുഷ്പയെ പഴയതുപോലെ മടക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല. 2014 മാര്‍ച്ച് 13 ന് ആയിരുന്നു പുഷ്പ അബോധാവസ്ഥയിലായത്. ഇപ്പോഴിതാ മറ്റൊരു മാര്‍ച്ചില്‍ പുഷ്പ നിത്യതയിലേക്ക് യാത്രയായിരിക്കുന്നു.

പ്രസവവും കുഞ്ഞുങ്ങളും വേണ്ടെന്ന് വയ്ക്കുന്ന പുതിയ തലമുറ പാഠം ഉള്‍ക്കൊള്ളേണ്ട പുസ്തകം തന്നെയാണ് പുഷ്പമരിയയുടെ ജീവിതം. ജീവന്റെ സപ്തസ്വരങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്ത ആ സഹോദരിയുടെ ആത്മാവിന് നമുക്ക് നിത്യശാന്തി നേരാം.. ജീവിതത്തിന്റെ പ്രഭാതങ്ങളില്‍ ഒറ്റപ്പെട്ടുപോയ അവളുടെ ആറുമക്കള്‍ക്കും ഭര്‍ത്താവിനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്തിന് വേണ്ടി അവരെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.