ഒറ്റപ്പെടലും സ്‌നേഹരാഹിത്യവും അനുഭവിക്കുന്നുണ്ടോ? എങ്കില്‍ ഈ രംഗമൊന്ന് മനസ്സ് ധ്യാനിച്ചാല്‍ മതി

ഒറ്റുകൊടുക്കലിന്റെയും തിരസ്‌ക്കരണങ്ങളുടെയും വേദനകളിലൂടെ എല്ലാവരും ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ട്. ആരും സ്‌നേഹിക്കാനില്ലെന്ന തോന്നല്‍. എല്ലാവരും ഒറ്റപ്പെടുത്തിയെന്ന സങ്കടം. ഹോ പറഞ്ഞറിയിക്കാനാവാത്ത ആ വേദന എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. ഇത്തരം സങ്കടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരും ധ്യാനിക്കേണ്ടതാണ് ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഒരു രംഗം. ക്രിസ്തു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ അവന്റെ നെഞ്ചോട് ചാരിക്കിടന്നിരുന്നു എന്ന് വ്യക്തമാക്കുന്ന സുവിശേഷഭാഗമാണ് അത്. ( യോഹ 13: 23,25)

യോഹന്നാന്‍ എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ നെഞ്ചോട് ചേര്‍ന്നുകിടന്നത്. അവിടെ യോഹന്നാന് സുരക്ഷിതത്വം അനുഭവപ്പെട്ടു, സ്‌നേഹം ലഭിച്ചു ഒരു കുഞ്ഞ് തന്റെ അമ്മയുടെ മാറിടത്തില്‍ അഭയം കണ്ടെത്തുന്നതുപോലെ. ക്രിസ്തുവിന്‍റെ ഭൂമിവാസത്തിലെ ഏറ്റവും ദുഖം നിറഞ്ഞ നിമിഷമായിരുന്നു അത്. അപ്പോഴും ക്രിസ്തു യോഹന്നാനെ തന്‍റെ നെഞ്ചോട് ചേര്‍ക്കുന്നു.

എല്ലാവരെയും ക്രിസ്തു തന്റെ സ്‌നേഹത്തിന്റെ ഉറവിടത്തിലേക്ക് ക്ഷണിക്കുന്നു. അവിടെ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നമുക്ക് അഭയമുണ്ട്.

ജീവിതത്തില്‍ ഒറ്റപ്പെടലും തിരസ്‌ക്കരണവും സ്‌നേഹത്തില്‍ നിന്നുള്ള പുറത്താക്കലും അനുഭവപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ നെഞ്ചോട് ചേര്‍ന്നുകിടക്കുന്നതായി സങ്കല്പിക്കുക. അവിടെ നമുക്ക് ആശ്വാസം ലഭിക്കും. മനുഷ്യന്റെ സ്‌നേഹം ക്ഷണികമാണ്. ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. അതിനപ്പുറം പലരുടെയും കാര്യങ്ങളില്‍ അതിന് നിലനില്പില്ല.നിസ്വാര്‍ത്ഥമായ സ്‌നേഹം പലരുടെയും ജീവിതത്തില്‍ കാണാനുമാവില്ല.

പക്ഷേ നമ്മെ ഏത് അവസ്ഥയിലും സനഹിക്കാന്‍ കഴിയുന്നത് ദൈവത്തിന് മാത്രമേയുള്ളൂ. ആ ഹൃദയത്തോട് ചാരികിടക്കുക. മനസ്സിലെ സങ്കടങ്ങള്‍ അലിഞ്ഞുപോകും. സ്‌നേഹിക്കപ്പെടാത്തതോര്‍ത്തുള്ള പരിഭവങ്ങള്‍ അലിഞ്ഞുപോകും.

എന്റെ ഈശോയേ ഞാനിതാ നിന്റെ നെഞ്ചോട് ചാരികിടക്കുന്നു. എന്റെ സങ്കടങ്ങള്‍, ഞാന്‍ അനുഭവിക്കുന്ന തിരസ്‌ക്കരണങ്ങള്‍, നന്ദികേടുകള്‍ ഒന്നും ഒന്നും നീ കാണാതെ പോകരുതേ. ഞാന്‍ നിന്നില്‍ ആശ്വസിക്കട്ടെ. നിന്നില്‍ മാത്രം.നിന്റെ സ്‌നേഹം മാത്രം മതിയെനിക്ക്..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.