ദിവ്യകാരുണ്യ ഈശോയോടുള്ള പ്രാര്‍ത്ഥന

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്. ഈ അപ്പം ഭക്ഷിക്കുന്നവന് നിത്യജീവനുണ്ട്. അവന്‍ മരിച്ചാലും ജീവിക്കും എന്ന് അരുളിച്ചെയ്ത ഈശോയേ പാപം മൂലം മരിച്ചുകൊണ്ടിരിക്കുന്ന എന്നിലേക്ക് കടന്നുവന്ന് എന്റെ പാപത്തെയും പാപാസക്തികളെയും അങ്ങയുടെ കൃപയുടെ നീര്‍ച്ചാല്‍ കൊണ്ട് കഴുകിവെടിപ്പാക്കി എനിക്ക് പുതുജീവന്‍ നല്കണമേ. എന്റെ വിശപ്പിന്നാഹാരമായ ദിവ്യകാരുണ്യഅപ്പമേ, സ്‌നേഹത്തിനും അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള എന്റെ വിശപ്പും ദാഹവും അകറ്റി അവിടുത്തെ സ്‌നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ.

പരിശുദ്ധപരമ ദിവ്യകാരുണ്യമേ അങ്ങയില്‍ നിന്നൊഴുകുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാല്‍ എന്നെ പരിപോഷിപ്പിക്കണമേ. ദിവ്യകാരുണ്യത്തില്‍ എഴുന്നെള്ളിയിരിക്കുന്ന ഉത്ഥിതനായ യേശുവേ, എന്റെ ദൗര്‍ബല്യങ്ങളില്‍ അങ്ങ് എനിക്ക് ശക്തിയായിരിക്കണമേ. എന്റെ മനസ്സിലെ കയ്‌പ്പേറിയ ഓര്‍മ്മകളും ആന്തരികമുറിവുകളും ശാരീരികരോഗങ്ങളും അവിടുത്തെ സാന്ത്വനസ്പര്‍ശം കൊ്ണ്ട് സുഖപ്പെടുത്തി അവിടുത്തെ ശാന്തിയാല്‍ എന്റെ ഹൃദയം നിറയ്ക്കണമേ.
ഞങ്ങളുടെ അതിക്രമങ്ങള്‍ക്കുവേണ്ടി മുറിവേല്‍ക്കപ്പെട്ട ഈശോയേ അവിടുത്തെ തിരുമുറിവില്‍ നിന്നൊഴുകുന്ന തിരുരക്തത്താല്‍ എന്റെയും ഞാന്‍ മുറിവേല്പിച്ചവരുടെയും എന്നെ മുറിവേല്പിച്ചവരുടെയും മനസ്സിന്റെ മുറിവുകളെ സൗഖ്യമാക്കണമേ.

ഞങ്ങളുടെ അതിക്രമങ്ങള്‍ക്കുവേണ്ടി ക്ഷതമേറ്റുകൊണ്ട് ഞങ്ങളുടെ മേലുള്ള ശിക്ഷകളെ രക്ഷയാക്കിമാറ്റുവാന്‍ വന്ന ഈശോയേ എന്റെയും എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പൂര്‍വികരുടെയും ബന്ധുമിത്രാദികളുടെയുംഎല്ലാ ശിക്ഷകളുംഅവിടുത്തെ തിരുക്ഷതങ്ങളാല്‍ രക്ഷയാക്കി മാറ്റണമേ. അവിടുത്തെ മാംസരക്തങ്ങളാല്‍ എന്റെ ശരീരരക്തങ്ങളില്‍ ലയിക്കപ്പെട്ട് എന്നോട് ഒന്നായിത്തീരുന്ന ദിവ്യകാരുണ്യ ഈശോയേ, അങ്ങയെപോലെ എന്റെ ജീവനും ജീവിതവും അനേകരുടെ രക്ഷയ്ക്കായി മുറിച്ചുവിളമ്പുവാന്‍ കൃപ ചെയ്യണമേ. ദിവ്യകാരുണ്യത്തിലൂടെ അവിടുന്ന് നല്കുന്ന രക്ഷ മനുഷ്യകുലം മുഴുവന്‍ അനുഭവിച്ചറിയുവാന്‍ ഇടയാക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.