സാത്താന്‍ ദൈവത്തെക്കാള്‍ കൂടുതല്‍ മറിയത്തെ ഭയക്കുന്നു? കാരണം ഇതാണ്…

സകല വിശുദ്ധരുടെയും പ്രാര്‍ത്ഥനകളെക്കാളും മറിയത്തിന്റെ തീരെ ചെറിയ നെടുവീര്‍പ്പു പോലും അശുദ്ധാത്മാക്കളെ ഭയവിഹ്വലരാക്കുന്നു. മറിയത്തിന്റെ ഭീഷണിപ്പെടുത്തല്‍ മറ്റ് സകല പീഡനങ്ങളെയും കാള്‍ അശുദ്ധാത്മാക്കള്‍ക്ക് ഭീതിജനകവുമാണ്. അശുദ്ധാത്മാവ് ബാധിച്ചവര്‍ ഏറ്റുപറഞ്ഞിട്ടുള്ള കാര്യമാണ് ഇത്.

ഇതിനെക്കാള്‍ നമ്മെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഒരു വിധത്തില്‍ മറിയത്തെ ദൈവത്തെക്കാള്‍ കൂടുതലായി സാത്താന്‍ ഭയപ്പെടുന്നുണ്ടത്രെ. കാരണം മറിയം ദൈവത്തിന്റെ വിനീത ദാസിയാണല്ലോ. ആ വിനീത ദാസിയാല്‍ തോല്പിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും സാത്താനെ സംബന്ധിച്ച് അത്യന്തം വേദനാജനകമാണ്.

പഴയ സര്‍പ്പത്തിന്റെ കാപട്യത്തെ പുറത്തുകൊണ്ടുവരാന്‍ പറ്റുന്ന നിഷ്‌ക്കളങ്കതയും അഹങ്കാരിയും ധിക്കാരിയുമായ അവനെ അടിപ്പെടുത്തി കടപുഴക്കി എറിയുവാനുള്ള ശക്തിയും ദൈവം മറിയത്തില്‍ പണ്ടേ നല്കിയിട്ടുണ്ട്. ദൈവത്തിന്റെ ശക്തിയെക്കാള്‍ മറിയത്തിന്റെ എളിമയാണ് സാത്താന് സഹിക്കാന്‍ കഴിയാത്തത്.

ലൂസിഫര്‍ അഹങ്കാരത്താല്‍ നഷ്ടപ്പെടുത്തിയത് മറിയം എളിമകൊണ്ട് കരസ്ഥമാക്കി. ഹവ്വ അനുസരണക്കേടിനാല്‍ കളഞ്ഞുകുളിച്ചത് മറിയം വിധേയത്വത്താല്‍ വീണ്ടെടുത്തു.ഇതിന് പുറമെ പിശാചുക്കളുടെ മേല്‍ ദൈവം മറിയത്തിന് വലിയ ശക്തി നല്കിയിട്ടുമുണ്ട്. അതുപോലെ മരിയ ഭക്തരെ തനിക്ക് അടിപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും സാത്താന് അറിയാം.

ചുരുക്കത്തില്‍ പിശാചിനും അവന്റെ സൈന്യങ്ങള്‍ക്കുമെതിരായി പോരാടാന്‍ വമ്പിച്ച സൈന്യനിരയ്ക്ക് സമാനമാണ് മറിയം. പ്രലോഭനങ്ങളും ആസക്തികളും ഉണ്ടാകുമ്പോള്‍ മറിയത്തെ വിളിക്കുക, മരിയഭക്തരെ തറപറ്റിക്കുവാന്‍ ഇന്നേവരെ സാത്താന് കഴിഞ്ഞിട്ടില്ല.

മറിയമേ അമ്മേ ഞങ്ങളെ നിന്റെ നീലക്കാപ്പയ്ക്കുള്ളില്‍ എപ്പോഴും പൊതിഞ്ഞുപിടിക്കണമേ. സാത്താന്റെ സൈന്യത്തിനും പ്രലോഭനങ്ങള്‍ക്കും ഞങ്ങളെ ഒരിക്കലും വിട്ടുകൊടുക്കരുതേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.