സാത്താന്‍ നിങ്ങളോട് സംസാരിക്കാറുണ്ടോ?

ദൈവം നാം ഓരോരുത്തരോടും സംസാരിക്കുന്നുണ്ടെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. പക്ഷേ പലപ്പോഴും ദൈവം സംസാരിക്കുന്നത് നാം കേള്‍ക്കാറില്ല.കാരണം ദൈവസ്വരത്തിന് വേണ്ടി കാതുകൊടുക്കാന്‍ നമ്മെ ജീവിതവ്യഗ്രത അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ ദൈവം സംസാരിക്കുന്നതിനെക്കാള്‍ സാത്താന്‍ സംസാരിക്കുന്നതാണ് നാം കേള്‍ക്കുന്നത്. സാത്താന്‍ സംസാരിക്കുന്നത് എങ്ങനെയെന്ന് ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള പിണക്കം വാഗ്വാദമായി വളരുന്നു. ഈ രണ്ടു വ്യക്തികള്‍ ഭാര്യഭര്‍ത്താക്കന്മാരോ സുഹൃത്തുക്കളോ ആരുമാകാം. അസുഖകരമായ രീതിയിലാണ് ഇവരുടെ സംഭാഷണം അവസാനിക്കുന്നത് എങ്കിലും രണ്ടുപേരുടെയും മനസ്സില്‍ പ്രസ്തുത സംഭവം മായാതെ കിടക്കും. അതില്‍ ഒരാള്‍ ആത്മീയമായി പക്വത പ്രാപിച്ച വ്യക്തിയായിരിക്കാം.

തന്മൂലം ക്ഷമിക്കാനും സഹിഷ്ണുത കാണിക്കാനും അയാള്‍ തയ്യാറായെന്നിരിക്കും. എന്നാല്‍ മറ്റേ ആള്‍ അത്തരമൊരു മാനസിക വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത വ്യക്തിയായിരിക്കും. അതിനാല്‍ അയാള്‍ ക്ഷമിക്കാനോ ക്ഷമ ചോദിക്കാനോ തയ്യാറാവില്ല. ഇവിടെ അയാളെ അതിന് പ്രേരിപ്പിക്കുന്നത് സാത്താനാണ്.

സാത്താന്‍ അയാളുടെ ഉള്ളിലിരുന്ന് ഇങ്ങനെ പറയും, നീ വിട്ടുകൊടുക്കണ്ട, നീ ക്ഷമിക്കണ്ടാ.. നീയല്ലല്ലോ തെറ്റു ചെയ്തത്, ശരി മുഴുവന്‍ നിന്റെ ഭാഗത്താണല്ലോ.. ഇത് സാത്താന്റെ സ്വരമാണ്. ഇതിന് പുറമെ സാത്താന്‍ വേറെയും പലകാര്യങ്ങളും പറയും അവന്റെ സല്‍പ്പേര് നശിപ്പിക്കണം, അവനെ ചീത്തവിളിക്കണം, അവനോട് പ്രതികാരം ചെയ്യണം.

ഏതൊക്കെ കാര്യങ്ങളില്‍ നിഷേധാത്മകമായ കാര്യങ്ങള്‍ പറയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ അതൊക്കെ സാത്താന്‍ സംസാരിക്കുന്നതിന്റെയും സാത്താന് മറുപടി കൊടുക്കുന്നതിന്റെയും ഭാഗമാണ്. സാത്താന്‍ ഒരിക്കലും നല്ലതു പറയില്ല, ശാന്തത സമ്മാനിക്കില്ല, പക, വെറുപ്പ്,വിദ്വേഷം, അക്രമം, അസഭ്യഭാഷണം ഇതൊക്കെയാണ് സാത്താന്റെ സ്വരം. നാം പലപ്പോഴും വശംവദരാകുന്നതും ഇതിനാണ്.

ഇവ കേള്‍ക്കുന്ന വ്യക്തികള്‍ക്ക് സമാധാനം അനുഭവിക്കാനാവില്ല, അവര്‍ സമാധാനം കൊടുക്കുകയുമില്ല. ഇനി പറയൂ നിങ്ങള്‍ ജീവിതപങ്കാളിയെ അസഭ്യഭാഷണം കൊണ്ട് നിത്യവും മുറിവേല്പിക്കുന്നുണ്ടോ, പ്രായം ചെന്ന മാതാപിതാക്കളെ പുലഭ്യം പറയാറുണ്ടോ, മക്കള്‍ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് അവരെ തന്റെ വരുതിയിലാക്കുന്നുണ്ടോ, അര്‍ഹിക്കേണ്ട പരിഗണനയും സ്‌നേഹവും നല്കാതെ വരുന്നുണ്ടോ.. നന്ദി കേട് കാണിക്കുന്നുണ്ടോ..

എല്ലാം തന്റെ കഴിവിന്റെ പേരിലാണെന്ന് അഹങ്കരിക്കുന്നുണ്ടോ.ഇതെല്ലാം സാത്താന്റെ സ്വരത്തിന് അനുസരിച്ചുള്ള നിങ്ങളുടെ പ്രവൃത്തികളും പ്രതികരണങ്ങളുമാണ്. സാത്താനില്‍ നിന്ന് ഓടിയകലുക. അവന്‍ നിങ്ങളെ കൊല്ലാനും നശിപ്പിക്കാനുമാണ് വരുന്നതെന്ന കാര്യം മറക്കാതിരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.