നിശ്ശബ്ദതയുടെ ശക്തി മനസ്സിലാക്കി പ്രാര്‍ത്ഥിക്കൂ, ഫലം കിട്ടും ഉറപ്പ്

പ്രാര്‍ത്ഥനയ്ക്ക് പല രീതികളുണ്ട്, ഉച്ചത്തിലുള്ള പ്രാര്‍ത്ഥനയും നിശ്ശബ്ദമായ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയുടെ രണ്ട് രീതികളാണ്. ജീവിതത്തിലെ ചില തിക്താനുഭവങ്ങള്‍ക്ക് മുമ്പില്‍ നിശ്ശബ്ദത പാലിക്കുമ്പോള്‍ അതുതന്നെ പ്രാര്‍ത്ഥനയായി മാറുന്നുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തിലെ ഒരു നിമിഷം ധ്യാനിക്കൂ. പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ നില്ക്കുകയാണ് ക്രിസ്തു. പല ആരോപണങ്ങളും അവിടുന്ന് നേരിടുന്നുണ്ട്. എന്നാല്‍ അതിലൊന്നില്‍ പോലും ക്രിസ്തു വിശദീകരണം നല്കുന്നില്ല, ഉത്തരം നല്കുന്നുമില്ല. ആത്മനിയന്ത്രണം പാലിക്കുകയാണ ക്രിസ്തു. തനിക്കെതിരെയുള്ള ആരോപണങ്ങളിലൊന്നുപോലും കൃത്യമായിട്ടുള്ളതല്ല എന്ന് ക്രിസ്തുവിനറിയാം. എന്നിട്ടും ക്രിസ്തു അതിനെ പ്രതിരോധിക്കുന്നില്ല. അകാരണമായ കുറ്റാരോപണങ്ങള്‍ ജീവിതത്തില്‍ നേരിടുന്നവരാണ് നമ്മളും. നമ്മുടെ ഭാഗത്ത് സത്യമുണ്ടെങ്കില്‍ ദൈവം നമുക്കുവേണ്ടി പോരാടും. ഇത്തരം അവസരങ്ങളിലുളള നമ്മുടെ നിശ്ശബ്ദത പ്രാര്‍ത്ഥന തന്നെയാണ്.

സഹനങ്ങളിലെ നിശ്ശബ്ദതയാണ് മറ്റൊന്ന്. പരിശുദ്ധ അമ്മയുടേത് അത്തരമൊരു നിശ്ശബ്ദതയായിരുന്നു. ശിമയോന്‍ പറയുന്ന നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകും എന്ന് കേള്‍ക്കുമ്പോഴും ഈശോയെ കാണാതെപോയിട്ട് മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് കാണാതാകുമ്പോഴും എല്ലാം മറിയം നിശ്ശബ്ദയായിരുന്നു. ഏറ്റവും ഒടുവില്‍ കുരിശിന്‍ ചുവട്ടില്‍ നില്ക്കുമ്പോഴും. എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നാണ് മറിയത്തെക്കുറിച്ചുള്ള വിശദീകരണം. സഹനങ്ങളില്‍ പരാതികൂടാതെ പിറുപിറുപ്പില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ടോ അത് പ്രാര്‍ത്ഥനയാണ്. അതിന് ദൈവം നിനക്ക് മറുപടി നല്കും.


മരുഭൂമിയില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച ക്രിസ്തുവിനെയും നാം ബൈബിളില്‍ കാണുന്നുണ്ട്. എല്ലാവിധ ബഹളങ്ങളില്‍ നിന്നുമുള്ള മാറിനില്ക്കലാണ് അത്. നിശ്ശബ്ദതയിലുള്ള പ്രാര്‍ത്ഥനയും ഉപവാസവുമാണ് പ്രലോഭനങ്ങളെ നേരിടാന്‍ ക്രിസ്തുവി്‌ന കരുത്ത് നല്കിയത്. അതുകൊണ്ട് നിശ്ശബ്ദതയിലെ പ്രാര്‍ത്ഥനയ്ക്കും ഏറെ ഫലം നല്കാന്‍ കഴിയും. ഇതാ അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു പറഞ്ഞാലും എന്നാണ് ഓരോ നിശ്ശബ്ദതയിലും ഒരു വിശ്വാസി പറയുന്നത്. ദൈവസ്വരം ശ്രവിക്കാന്‍ നിശ്ശബ്ദതയോളം വലുതായി മറ്റൊന്നുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.