യേശുവിന്റെ പഞ്ചക്ഷതങ്ങള്‍ ആദ്യമായി ലഭിച്ച വിശുദ്ധന്‍

യേശുവിന്റെ പഞ്ചക്ഷതങ്ങള്‍ ആദ്യമായി ലഭിച്ച വിശുദ്ധന്‍ അസ്സീസിയിലെ ഫ്രാന്‍സിസാണ്. രണ്ടാം ക്രിസ്തുവെന്ന പേരിലാണ് ഫ്രാന്‍സിസ് അറിയപ്പെടുന്നതും. ലോകത്തില്‍ ആദ്യമായി പുല്‍ക്കൂട് ഉണ്ടാക്കിയതും ഫ്രാന്‍സിസായിരുന്നു. കേവലം 45 വര്‍ഷം മാത്രമേ ഈ ഭൂമിയില്‍ വിശുദ്ധന്‍ ജീവിച്ചിരുന്നുളളൂ. സമ്പന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഫ്രാന്‍സിസ് തന്റെ മാനസാന്തരജീവിതത്തിന് ശേഷം ദരിദ്രരില്‍ ദരിദ്രനായിട്ടാണ് ജീവിച്ചത്. ആദ്യകാലത്ത് വളരെ ലൗകികമായ ജീവിതമായിരുന്നു ഫ്രാന്‍സിസിന്റേത്. പക്ഷേ പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന്റെ ജീവിതം തല കീഴായ് മറിഞ്ഞു. അന്നുമുതല്‍ സ്വന്തം ഉടുവസ്ത്രം പോലും പിതാവിന് ഉരിഞ്ഞുകൊടുത്തിട്ട് നിസ്വരില്‍ നിസ്വനായിട്ടാണ് ജീവിച്ചത്. 1209 ലാണ് പാപ്പായുടെ അനുഗ്രഹത്തോടെ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസസഭ സ്ഥാപിച്ചത്. ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പയാണ് ഫ്രാന്‍സിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാലിനാണ് വിശുദ്ധന്റെ തിരുനാള്‍.

വി.ഫ്രാൻസിസ് പുണ്യവാളന്‍റെ പ്രാർത്ഥന എന്ന് അറിയപ്പെടുന്ന പ്രാര്ത്ഥന ചുവടെ കൊടുക്കുന്നു.

ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ
വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും
സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും
അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ
.

ഓ! ദിവ്യനാഥാ,
ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും
മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും
സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ
.

എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.
ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത് .
മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.
ആമേൻ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.