മാര്‍ യൗസേപ്പു പിതാവിനുള്ള പ്രതിഷ്ഠാജപം

2021 യൗസേപ്പിതാവിന്റെ വർഷമായി നമ്മൾ ആചരിച്ചു. വിശുദ്ധനോടുള്ള ഭക്തിയിലും വണക്കത്തിലും നമ്മുക്ക് ഈ വർഷവും മുൻപോട്ടു പോകാം. ഈ വേളയില്‍ നമ്മുടെ കുടുംബങ്ങളെയും കൂട്ടായ്മയെയും യൗസേപ്പിതാവിന് പ്രതിഷ്ഠിച്ച് നമുക്ക് വിശുദ്ധന്റെ മാധ്യസ്ഥം തേടാം.

എല്ലാ കുടുംബത്തിലും വച്ച് ഏറ്റവും പരിശുദ്ധമായ തിരുക്കുടുംബത്തിന്റെ നാഥനായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ മാര്‍ യൗസേപ്പേ, ഈ കുടുംബത്തിന്റെയും തലവന്‍ എന്ന സ്ഥാനം അങ്ങ് വഹിക്കണമേ. ഈ ക്ഷണം മുതല്‍ അങ്ങയെ പിതാവും മാധ്യസ്ഥനും മാര്‍ഗ്ഗദര്‍ശിയുമായി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും വസ്തുവകകളും മറ്റെല്ലാം ഞങ്ങളുടെ ജീവനും മരണവും അങ്ങേ പ്രത്യേക സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്പിക്കുന്നു. ഞങ്ങളെ അങ്ങേ പുത്രനായിട്ട് സ്വീകരിക്കണമേ. ഞങ്ങളെ ആത്മശരീര ശത്രുക്കളില്‍ നിന്ന് പരിരക്ഷിക്കണമേ.

എല്ലാക്കാലങ്ങളിലും ആവശ്യങ്ങളിലും ഞങ്ങള്‍ക്ക് ആലംബമായിരിക്കണമേ. ജീവിതകാലത്തും മരണാവസരങ്ങളില്‍ വഹിച്ചിരിക്കുന്ന ദിവ്യകുമാരനോടും പരിശുദ്ധ മണവാട്ടിയായ കന്യാംബികയോടും ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ. ഈ കുടുംബത്തെ( സമൂഹത്തെ) അങ്ങേയ്ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുക. ഞങ്ങള്‍ ഉത്തമക്രിസ്ത്യാനികളായി ജീവിക്കാമെന്നും ഈശോമിശിഹായെയും ദൈവജനനിയെയു അങ്ങയെയും വിശ്വസ്താപൂര്‍വ്വം സേവിക്കാമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
( വണക്കമാസപ്പുസ്തകത്തില്‍ നിന്ന്)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.