വിശുദ്ധ പാദ്രെ പിയോയുടെ മാധ്യസ്ഥതയില്‍ ബാലന് കാന്‍സര്‍ രോഗത്തില്‍ നിന്ന് അത്ഭുതരോഗസൗഖ്യം

വിശുദ്ധ പാദ്രെ പിയോയുടെ മാധ്യസ്ഥതയില്‍ തന്റെ മകന് കാന്‍സര്‍ രോഗത്തില്‍ നിന്ന് അത്ഭുതരോഗസൗഖ്യം ഉണ്ടായതായി അമ്മയുടെ സാക്ഷ്യം. ബ്രസീലില്‍ നിന്നാണ് ഈ രോഗസൗഖ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രീസി ഷ്മ്മിറ്റ് എന്ന മൂന്നുകുട്ടികളുടെ അമ്മയാണ് തന്റെ ഇളയമകന് ലാസറോയ്ക്ക് കിട്ടിയ രോഗസൗഖ്യത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം വഴി പരസ്യപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിന്റെ തുടക്കം 2016 ഒക്ടോബറില്‍ തുടങ്ങുന്നു. അന്ന് പള്ളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവരുടെ അടുക്കലേക്ക് അപരിചിതനായ ഒരാള്‍ വന്നു. അയാള്‍ സ്‌നേഹപൂര്‍വ്വം ഇളയകുട്ടിയുടെ പേര് എന്താണ് എന്ന് ചോദിച്ചു. ലാസറോ എന്ന് ഗ്രീസി മറുപടിയും നല്കി. അപ്പോള്‍ ആ അപരിചിതന്‍ പറഞ്ഞത് മകനു വേണ്ടി പാദ്രെപിയോയോട് മാധ്യസ്ഥം ചോദിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ്.

ആ കുടുംബം അതുവരെ പാദ്രെപിയോ എന്ന പേരു കേട്ടിട്ടുണ്ടായിരുന്നില്ല. എങ്കിലും അപരിചിതന്‍ പറഞ്ഞത് അനുസരിച്ച് പാദ്രെപിയോയെക്കുറിച്ച് അന്നുമുതല്‍ അന്വേഷിച്ചുതുടങ്ങുകയും അവര്‍ക്ക് ക്രമേണ പാദ്രെ പിയോയെക്കുറിച്ചുള്ള ഭക്തി ആരംഭിക്കുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും അവര്‍ക്കറിയില്ലായിരുന്നു ലാസറോയ്ക്ക് വേണ്ടി എന്തിനാണ് പാദ്രെ പിയോയോട് പ്രാര്‍ത്ഥിക്കണമെന്ന്. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ കുടുംബത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഒരു സത്യം തിരിച്ചറിഞ്ഞു.

ലാസറോയ്ക്ക് കാന്‍സറാണ്. അതും മാലിഗ്നന്റ് കാന്‍സര്‍. കണ്ണിലാണ് ഈ കാന്‍സര്‍ പിടികൂടുന്നത് അപ്പോള്‍ ആ കുടുംബം ഏതാനും നാളുകള്‍ക്ക് മുമ്പ് ആ അപരിചിതന്‍ പാദ്രെ പിയോയോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിച്ചു. അവര്‍ അങ്ങനെ പാദ്രെപിയോയോട് പ്രാര്‍ത്ഥിച്ചുതുടങ്ങി. അതിനിടയില്‍ ലാസറോ സര്‍ജറിക്കും ട്രീറ്റ്‌മെന്റിനും വിധേയനായിക്കഴിഞ്ഞിരുന്നു. കീമോതെറാപ്പിയുടെ അവസാന സെഷന്‍ സമയത്ത് ഗ്രീസി പാദ്രെപിയോയോട് ഒരു കാര്യം പറഞ്ഞു, പാദ്രെപിയോയുടെ മനോഹരമായ ഒരു ചിത്രം താന്‍ സമ്മാനിച്ചുകൊള്ളാം എന്നതായിരുന്നു അത്.

എന്തായാലും ലാസര്‍ അധികം വൈകാതെ കാന്‍സര്‍ രോഗവിമുക്തനായി. ഇപ്പോള്‍ അവന്‍ അള്‍ത്താരബാലനാണ്, കുതിരയോട്ടത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ലാസറോയ്ക്ക് സംഭവിച്ച രോഗസൗഖ്യം വിശുദ്ധ പാദ്രെപിയോയുടെ മാധ്യസ്ഥം വഴി മാത്രമാണ് എന്ന് ഈ കുടുംബം മുഴുവന്‍ വിശ്വസിക്കുന്നു.

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ പാദ്രെ പിയോയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.