പ്രതീക്ഷയോടെ ദൈവ ശുശ്രൂഷ ചെയ്തിട്ട് ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥയുണ്ടോ ?? ഇതാ ഒരു പ്രത്യാശ…

മുത്തുകള്‍ പന്നികള്‍ക്ക് മുമ്പില്‍ വിതറരുത് എന്നാണല്ലോ തിരുവചനം പറയുന്നത്? നല്ലത് ചിലപ്പോഴൊക്കെ തിരസ്‌ക്കരിക്കപ്പെടാറുമുണ്ട്. നല്ല രീതിയില്‍ പാചകം ചെയ്ത ഒരു ഭക്ഷണം ചിലപ്പോള്‍ വലിച്ചെറിയപ്പെടുന്നുണ്ടാവാം. നല്ല രീതിയില്‍ തയ്യാറാക്കിയ ഒരു പ്രസിദ്ധീകരണം ചിലപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ടാവാം. സമാനമായ ഒരു അനുഭവം പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്.

വിശുദ്ധരുടെ മാധ്യസ്ഥം വഴിയെല്ലാം നിരവധി അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ചില വിശുദ്ധര്‍ക്ക് മാത്രമേ അത്ഭുതകാര്യങ്ങളുടെ മാധ്യസ്ഥന്‍ എന്ന വിശേഷണം സഭ നല്കാറുളളൂ. അങ്ങനെയൊരു വിശുദ്ധനാണ് അന്തോണീസ്. അന്തോണീസിന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അത്തരം നിരവധിയായ സംഭവങ്ങളില്‍ പെടുത്തിയിരിക്കുന്ന ഒന്നാണ് ചുവടെ എഴുതുന്നത്.
ദൈവദൂഷകരുടെയും ദൈവവിശ്വാസമില്ലാത്തവരുടെയും നാടായിരുന്നു റിമിനി.

അന്തോണീസ് അവിടെയുള്ള ജനങ്ങളോട് ദൈവത്തെക്കുറിച്ചും വിശുദ്ധ തിരുവചനങ്ങളെക്കുറിച്ചുമെല്ലാം പ്രഘോഷിച്ചിരുന്നുവെങ്കിലും അവരുടെ കാതുകളില്‍ അതൊന്നും കയറിയിരുന്നില്ല. സുവിശേഷസത്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതില്‍ ദു:ഖിച്ച അന്തോണീസ് പിന്നീട് ദൈവത്താല്‍ പ്രചോദിതനായി ഒരു കടല്‍ത്തീരത്തേക്ക് പോയി. അവിടെ ചെന്ന് അദ്ദേഹം കടലിലേക്ക് നോക്കി ദൈവവചനം പ്രഘോഷിക്കാന്‍ ആരംഭിച്ചു.

ഈ സമയം നിരവധിയായ മത്സ്യങ്ങള്‍-ചെറുതും വലുതും- വെള്ളത്തിന് മുകളിലേക്ക് വരികയും തല ഉയര്‍ത്തിപിടിച്ച് വചനം കേള്‍ക്കുകയും ചെയ്തു. ഈ സംഭവം അറിഞ്ഞതോടെ അനേകര്‍ അന്തോണീസിന്റെ അടുക്കലേക്ക് എത്തുകയും അവര്‍ ദൈവവചനത്താല്‍ നിറയപ്പെടുകയും ചെയ്തു.

ഇന്നും സമാനമായ സംഭവങ്ങള്‍ നമ്മുടെ ജീവിതങ്ങളില്‍ നടക്കാറില്ലേ. പ്രതീക്ഷയോടെ വചനം പ്രഘോഷിച്ചിട്ട് ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥ. എന്നാല്‍ അത്തരം അവസ്ഥയിലും നാം നിരാശരാകരുത്. ദൈവത്തിന് അതിലൂടെ എന്തോ പദ്ധതി ചെയ്യാനുണ്ടാവും. ജനങ്ങളോട് പറഞ്ഞപ്പോള്‍ കേള്‍ക്കാതെ പോയ വചനം മറ്റൊരു അവസരത്തില്‍ മുമ്പത്തെക്കാള്‍ തീവ്രതയോടെ സ്വീകരിക്കപ്പെട്ടതായി മുമ്പ് പറഞ്ഞ സംഭവം വ്യക്തമാക്കുന്നുണ്ടല്ലോ.

അതുപോലെ കൂടുതല്‍ നന്നായി വിതയ്ക്കപ്പെടാന്‍ വേണ്ടിയാകാം നമ്മള്‍ ഇന്ന് ചെയ്യുന്ന നല്ല പ്രവൃത്തികള്‍ ശ്രദ്ധിക്കപ്പെടാതെപോകുന്നത്. എന്നാല്‍ നിരാശരാകാതെ പ്രവൃത്തി തുടരുക. ദൈവം അതിശയകരമായ രീതിയില്‍ നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.