തിരുവനന്തപുരം: സീറോ മലബാര്‍ സഭാംഗങ്ങളായ സുറിയാനി കത്തോലിക്കരുടെ സമുദായനാമം സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്നായി സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു. പേരു മാറ്റം സംബന്ധിച്ച് 2023 ജൂലൈ എട്ടിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ഈ വിശദീകരണം നല്കിയിരിക്കുന്നത്.
ഇതനുസരിച്ച് ഇനിമുതല്‍ എസ് എസ് എല്‍ സി ബുക്കിലും സമാന സര്‍ട്ടിഫിക്കറ്റുകളിലും മറ്റ് ഔദ്യോഗിക രേഖകളിലും സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന സമുദായനാമമാണ് ഉപയോഗിക്കേണ്ടത്. നിലവില്‍ ആര്‍സിഎസ് സി മുതലായ പേരുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കുന്നവര്‍ അത് തിരുത്തേണ്ട നിര്‍ബന്ധിതസാഹചര്യമില്ല. എന്നാല്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന എല്ലാ രേഖകളിലും മാട്രിമോണിയല്‍ പോലെയുള്ള അനൗദ്യോഗിക ഉപയോഗങ്ങളിലും ഈ പേരുമാറ്റം വരുത്തേണ്ടതാണ്.
ആര്‍സിഎസ്സി എന്ന് ഉപയോഗിച്ചതുപോലെ ഒരു ചുരുക്കരൂപം ഇതിനില്ലാത്തതിനാല്‍ സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് പൂര്‍ണ്ണമായിട്ടിരിക്കണം എഴുതേണ്ടത്.