ദമ്പതികള്‍ ക്രിസ്തുവില്‍ നിന്ന് പഠിക്കേണ്ട ചില പാഠങ്ങള്‍ അഥവാ കുടുംബ ജീവിതം വിജയിക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിനുംഒരുമിച്ചു മുന്നോട്ടു നീങ്ങാന്‍ കഴിയാതെവരുന്നതിനും കാരണങ്ങള്‍ പലതാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് സ്‌നേഹക്കുറവും ക്ഷമിക്കാനുള്ള സന്നദ്ധതയില്ലായ്മയും. യേശു ക്രിസ്തുവിന്റെ മാതൃക ഇവിടെയാണ് ദമ്പതികള്‍ അനുകരിക്കേണ്ടത്. ക്രിസ്തു നമ്മെ സ്‌നേഹിച്ചതുപോലെ ആരും നമ്മെ സ്‌നേഹിച്ചിട്ടില്ല. ഇക്കാര്യം നാം മനസ്സിലാക്കിയിരിക്കണം.

ക്രിസ്തു അവസാനം വരെ നമ്മെ സ്‌നേഹിച്ചുവെന്നാണ് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നത്.ഇതുപോലെയായിരിക്കണം ദമ്പതികളും. ദമ്പതികള്‍ പരസ്പരം സ്‌നേഹിക്കണം, ഒന്നും പിടിച്ചുവയ്ക്കാതെയും എല്ലാം സ്‌നേഹത്തോടെയും ചെയ്യാന്‍ പഠിക്കണം. ഭൗതികമായ എല്ലാറ്റിനെയും മീതെ സ്‌നേഹിക്കാന്‍ പഠിക്കണം. ആരോഗ്യം, സമ്പത്ത്, ,സൗന്ദര്യം, കഴിവ്, പ്രശസ്തി ഇതൊന്നും നോക്കിയായിരിക്കരുത് ദമ്പതികള്‍ സ്‌നേഹിക്കേണ്ടത്.
പരസ്പര സ്‌നേഹമാണ് ദാമ്പത്യത്തെ മനോഹരമാക്കുന്നത്. ദമ്പതികള്‍ ക്രിസ്തുവില്‍ നിന്ന് പഠിക്കേണ്ട ഒന്നാമത്തെ പാഠം ഇതാണ്.

രണ്ടാമത്തെ പാഠം ക്ഷമിക്കുക എന്നതാണ്. തന്നെ ദ്രോഹിച്ചവരോട്, ഒറ്റിക്കൊടുത്തവരോട്,പീഡിപ്പിച്ചവരോട് എല്ലാം ക്രിസ്തു ക്ഷമിച്ചു. ദമ്പതികള്‍ പരസ്പരം ക്ഷമിക്കാന്‍ പഠിക്കണം. ഇണയുടെ ചെറുതും വലുതുമായ തെറ്റുകളോട് നിരുപാധികം ക്ഷമിക്കാന്‍ പഠിക്കണം. കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ട് തന്നെ ഇണയോട് നിരുപാധികം ക്ഷമി്ക്കാന്‍ കഴിയണം.

പരസ്പരം പ്രാര്‍ത്ഥിക്കുകയും ഒരുമിച്ചുപ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് മൂന്നാമത്തെ കാര്യം. ഇത്തരം കാര്യങ്ങള്‍ കൃത്യതയോടെ പാലി്ക്കുകയാണെങ്കില്‍ ദാമ്പത്യജീവിതം വിജയിക്കും,ക്രിസ്തു ആഗ്രഹിക്കുന്ന രീതിയിലായിരിക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.