നമ്മുടെ ജീവിതത്തിന് രക്ഷ നേടിത്തന്നത് ക്രിസ്തുവിന്റെ കുരിശുമരണമാണ്. ക്രിസ്തുവിന്റെ ആ മഹാത്യാഗത്തിലൂടെയാണ് സ്വര്‍ഗ്ഗം നമുക്ക് സമീപസ്ഥമായതും നാം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ യോഗ്യത നേടിയതും. എണ്ണമില്ലാത്ത നന്മകളും കൃപകളും നാം അതിലൂടെ നേടിയെടുത്തു. പക്ഷേ ഈ കൃപകളെക്കുറിച്ച്, ക്രിസ്തു കുരിശിലൂടെ നേടിത്തന്ന രക്ഷയെക്കുറിച്ച് നമ്മള്‍ ബോധവാന്മാരേയല്ല.
എന്നാല്‍ വിശുദ്ധരെല്ലാം ഈ രക്ഷയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നു. അവര്‍ അതിന്റെ പേരില്‍ ദൈവത്തിന് നന്ദിപറയുകയും ചെയ്തിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുരിശിന്‌റെ വിശുദ്ധ പൗലോസ് ഇപ്രകാരം നന്ദിപറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്ന ആളായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് അപാരമായ ഭക്തി ഉണ്ടായിരുന്നു അദ്ദേഹത്തിന്.
ക്രിസ്തുവിന്റെ പീഡാസഹനം വിശുദ്ധന് എന്നത്തെയും ധ്യാനവിഷയമായിരുന്നു. എനിക്കും നിനക്കും വേണ്ടി ക്രിസ്തു എങ്ങനെ സഹിച്ചു എന്നതിനെക്കുറിച്ച് വിശുദ്ധന്‍ എഴുതുകയും ചെയ്തിരുന്നു. കുരിശിന്റെ മഹത്വം നാം തിരിച്ചറിയണം. കുരിശിനെ നോക്കി നന്ദി പറയാന്‍ നാം പഠിക്കണം.
അതുകൊണ്ട് നമുക്ക് ഇന്നുമുതല്‍ കുരിശിനെ നോക്കി ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
ഓ ക്രൂശിതനായ ഈശോയേ, പീഡാസഹനങ്ങളിലൂടെ ഞങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചവനേ അതുവഴി ഞങ്ങളെ രക്ഷയിലേക്ക് നയിച്ചവനേ കുരിശിലൂടെ ഞങ്ങള്‍ക്ക് നേടിത്തന്ന നിരവധിയായ നന്മകള്‍ക്കും കൃപകള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.
ഞങ്ങളുടെ പാപങ്ങളെയോര്‍ത്ത് ആത്മാര്‍ത്ഥമായി മനസ്തപിക്കാനും ജീവിതം മുഴുവന്‍ അവിടുത്തെ ഇഷ്ടപ്രകാരം ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. അങ്ങേ അനന്തമായ കാരുണ്യം ഞങ്ങള്‍ക്ക് ഇഹലോകത്തിലും പരലോകത്തിലും വാങ്ങിത്തരണമേ ആമ്മേന്‍.