ജീവിതത്തിലെ ദുഷ്‌ക്കരമായ ദിവസങ്ങളെ എങ്ങനെ അതിജീവിക്കാന്‍ കഴിയും?

ജീവിതത്തില്‍ ദുഷ്‌ക്കരമായ ദിവസങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. പക്ഷേ അവയെ ദൈവകൃപയില്‍ നേരിടുക എന്നത് അത്രമേല്‍ സാധാരണമല്ല. അതിന് നമ്മള്‍ കൂടുതലായി ദൈവാവബോധത്തില്‍ വളരുകയും ദൈവാശ്രയത്തില്‍ ശരണം വയ്ക്കുകയും വേണം.

ക്വാറന്റൈന്‍, ലോക്ക് ഡൗണ്‍, ഐസൊലേഷന്‍ തുടങ്ങിയ വാക്കുകള്‍ നമുക്ക് പരിചിതമായിക്കഴിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ദൈവവചനത്തില്‍ കൂടുതലായി ശരണം വയ്ക്കണം. ദൈവവചനം വായിക്കണം. ചില വചനങ്ങള്‍ പ്രത്യേകം ആവര്‍ത്തിക്കണം ഉദാഹരണത്തിന് മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവുംനിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി നിങ്ങള്‍ക്ക് നല്കും.( 1 കൊറീ 10:13)

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ( റോമ 8: 28) ഇത്തരം വചനങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞ് ആത്മാവില്‍ ശക്തിപ്രാപിക്കുക.

വിശുദ്ധരുടെ ജീവിതം ധ്യാനിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. എത്രയോ പരീക്ഷണങ്ങളിലൂടെയും അവഗണനകളിലൂടെയും തിരസ്‌ക്കരണങ്ങളിലൂടെയും കടന്നുപോയവരാണ് വിശുദ്ധര്‍. അവരുടെ ജീവിതങ്ങളെ ധ്യാനിക്കുന്നത് നമുക്കേറെ ആത്മീയകരുത്ത് നല്കും.

ദൈവത്തോട് നന്ദി പറയുക എന്നതാണ് മറ്റൊന്ന്. എത്രയോ കാലങ്ങളായി ദൈവം നമ്മെ പരിപാലിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് ദൈവം നമ്മെ എത്രയോ അധികമായി വളര്‍ത്തി, ആ ദൈവത്തിന് നന്ദിപറയുക.

ഇനിയൊന്ന് പ്രാര്‍ത്ഥനയാണ്, പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള ശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മാവിനെ നല്കുവാന്‍ പ്രാര്‍ത്ഥിക്കുക. ആത്മശക്തിയാല്‍ നാംനിറയട്ടെ,



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.