സമയത്തിന്റെ ഒരു ശതമാനമെങ്കിലും ദൈവത്തിന് വേണ്ടി നീക്കിവച്ചുകൂടെ?


നമുക്ക് എല്ലാറ്റിനും സമയമുണ്ട്. കുടുംബത്തിനൊപ്പം ഷോപ്പിംങിന് പോകാന്‍, മാളുകള്‍ സന്ദര്‍ശിക്കാന്‍, സിനിമയ്ക്ക് പോകാന്‍, കുട്ടികളെയും കൂട്ടി പാര്‍ക്കില്‍ പോകാന്‍, സുഹൃത്തുക്കളുമൊത്ത് യാത്ര പോകാന്‍.. എല്ലാറ്റിനും സമയമുണ്ട്.

പക്ഷേ നമുക്ക് പലപ്പോഴും ദൈവത്തിന് വേണ്ടി നീക്കിവയ്ക്കാന്‍ സമയം കിട്ടാറില്ല. അധികം സമയം എന്നതോ പോകട്ടെ സാധാരണ സമയം പോലും കിട്ടാറില്ല. ഞായറാഴ്ചകളില്‍ ചിലപ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ടാവാം. അതോടെ ദൈവവുമായുള്ള എല്ലാ ഇടപാടും തീര്‍ന്നുവെന്ന് വിചാരിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്.

നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് വേണ്ടി ഇത്തിരി സമയം അധികമായി നീക്കിവയ്‌ക്കേണ്ടതുണ്ട്. അതൊരു നന്ദിയാണ്, പ്രതിസനേഹമാണ്. നാം ഇന്ന് ആയിരിക്കുന്ന അവസ്ഥയുടെ എല്ലാ നന്മകളും ദൈവം നമുക്കായി നല്കിയതാണ്.

അതുകൊണ്ട് ചുരുങ്ങിയത് ദിവസത്തില്‍ 20 മിനിറ്റെങ്കിലും ദൈവത്തൊടൊത്തായിരിക്കാന്‍ ശ്രമിക്കുക. അനുദിനം പള്ളിയില്‍ പോകുന്നവരാണെങ്കില്‍ അതൊഴിവാക്കിക്കൊണ്ടായിരിക്കരുത് അധികമായി 20 മിനിറ്റ് സമയം പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്‌ക്കേണ്ടത്. സാധാരണ പോലെ എല്ലാം ചെയ്യുന്നതുകൊണ്ട് പ്രത്യേകം നന്മകളില്ല. നമ്മുടെ സുഖങ്ങള്‍ വേണ്ടെന്ന് വച്ച് ത്യാഗത്തോടെ ചെയ്യുമ്പോഴാണ് ദൈവസന്നിധിയില്‍ അതിന് വിലയുണ്ടാവുക.

ഈ അധികസമയം തിരക്കുപിടിച്ച ജീവിതത്തില്‍ എങ്ങനെ കണ്ടെത്താന്‍ കഴിയും എന്നതിനെക്കുറിച്ചും ചെറിയൊരു നിര്‍ദ്ദേശം പറയട്ടെ. രാവിലെ ആറു മണിക്ക് എണീല്ക്കുന്ന വ്യക്തിയാണെങ്കില്‍ ഇരുപത് മിനിറ്റ് നേരത്തെയെണീല്ക്കുക.

രാത്രി പത്തുമണിക്ക് കിടക്കാന്‍പോകുന്ന വ്യക്തിയാണെങ്കില്‍ ഇരുപത് മിനിറ്റ് നേരം പ്രാര്‍ത്ഥന കഴിഞ്ഞിട്ട് കിടന്നുറങ്ങുക. എത്രയോ സമയം മൊബൈല്‍ വിളിച്ചും ചാറ്റ് ചെയ്തും നമ്മള്‍ സമയം കളയുന്നു.

ദിവസത്തിലെ സമയത്തിന്റെ ഒരു ശതമാനം എങ്കിലും ദൈവത്തിന് വേണ്ടി നീക്കിവച്ചുകൂടെ.. അത്തരമൊരു തീരുമാനത്തിന് നമുക്ക് തുടക്കം കുറിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.