ശുദ്ധതയില്‍ ജീവിക്കണോ, ഇതാ ചില വഴികള്‍


ഇച്ഛിക്കുന്ന നന്മ ചെയ്യാതെ ഇച്ഛിക്കാത്ത തിന്മ ചെയ്യുന്നവരാണ് എല്ലാ മനുഷ്യരും. വിശുദ്ധിയില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും പലപ്പോഴും അതിന് കഴിയാതെ പോകുന്നു നമുക്ക്. അത്തരക്കാര്‍ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കേണ്ട ചില വിശുദ്ധരുണ്ട്. അവരില്‍ ചിലരെ നമുക്ക് ഇപ്പോള്‍ പരിചയപ്പെടാം.

സഭാ പിതാവായ വിശുദ്ധ ആഗസ്തീനോസാണ് അതില്‍ ഒന്നാമത്. ഇരുണ്ട ഒരു ഭൂതകാലമുണ്ടായിരുന്നു ആഗസ്തിനോസിന്. പാപത്തില്‍ജീവിച്ച കാലം. പാപവഴികളെ വെറുത്തുപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു പ്രചോദനമാണ് വിശുദ്ധ ആഗസ്തിനോസ്. അ്ത്തരക്കാര്‍ നിര്‍ബന്ധമായും ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കേണ്ടതാണ്.

മകന്‍ വൈദികനാകാന്‍ പോകുന്നത് തടയാന്‍ അവനെ വേശ്യയുടെ അടുക്കലെത്തിച്ച ചരിത്രമുണ്ട് വിശുദ്ധ തോമസ് അക്വിനാസിന്റെ കുടുംബക്കാര്‍ക്ക്. വേശ്യയെ പിന്തുടര്‍ന്ന് ആ നിമിഷം തന്റെ ശരീരത്തിന്റെ എല്ലാവിധ കാമചിന്തകളില്‍ നിന്നുംതോമസ് അക്വിനാസ് മോചിതനായി എന്നാണ് പാരമ്പര്യം. അതുകൊണ്ട് ശരീരമോഹങ്ങള്‍ വേട്ടയാടുമ്പോള്‍ ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക.

വിശുദ്ധിയുടെയും ലൈംഗികാതിക്രമങ്ങളില്‍ നിന്ന് മോചിതരായവരുടെയും മധ്യസ്ഥയാണ് റോമിലെ വിശുദ്ധ ആഗ്‌നസ്. സൗന്ദര്യമായിരുന്നു അവളുടെ ശാപം. അതില്‍ ആകൃഷ്ടരായി വന്ന പുരുഷകേസരികളോട് അവള്‍ ഒന്നേ പറഞ്ഞുള്ളൂ. യേശുക്രിസ്തുവാണ് എന്റെ ഭര്‍ത്താവ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ശത്രുക്കള്‍ അവളെ ശിരച്ഛേദം ചെയ്യുകയായിരുന്നു.

ശുദ്ധതയ്ക്ക വിരുദ്ധമായ പാപം ചെയ്യാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ ശത്രു കുത്തിക്കൊലപ്പെടുത്തിയ വിശുദ്ധയായിരുന്നു മരിയ ഗൊരേത്തി. ഈ വിശുദ്ധകളുടെ മാധ്യസ്ഥവും ശരീരത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ നമുക്ക് കരുത്ത് പകരും.

പന്ത്രണ്ടാം വയസില്‍ പരിശുദ്ധ മറിയത്തില്‍ നിന്ന് ശുദ്ധതയുടെ വെള്ളക്കിരീടം ലഭിക്കുവാന്‍ ഭാഗ്യം ലഭിച്ചവനാണ് വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ.

ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹത്തിന് വളരെ പ്രാധാന്യം കൊടുക്കുകയും ശരീരത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച് എഴുതുകയും ചെയ്ത പുണ്യചരിതനായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. ഇവരും നമുക്ക് മാധ്യസ്ഥം തേടാവുന്ന വിശുദ്ധരാണ്.

സര്‍വ്വോപരി നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും മാധ്യസ്ഥം തേടുക. ജപമാല മാസത്തില്‍ അമ്മയോട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ശരീരത്തിന്റെ പ്രലോഭനങ്ങളെ നേരിടാന്‍ വളരെ ശക്തിയുള്ള ഒരു മാര്‍ഗ്ഗമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.