ദൈവം ആരുടെ കൂടെയാണ്?

ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നു. ദുഷ്ടന്റെയും ശിഷ്ടന്റെയും മേല്‍ മഴ പെയ്യിക്കുന്നു. ദൈവം സര്‍വ്വവ്യാപിയാണ്. ഇതൊക്കെയാണ് ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങളില്‍ ചിലത്. ഇതെല്ലാം ശരിയുമാണ്. പക്ഷേ അതിനൊപ്പം വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യംകൂടിയുണ്ട്. ദൈവം നീതിമാന്മാരോടുകൂടെയാണ്.( സങ്കീ 14:5)

ദൈവം പ്രാര്‍ത്ഥിക്കുന്നവരുടെ കൂടെയോ ഭക്ത്യാഭ്യാസങ്ങള്‍ തെറ്റിക്കാതെ നടത്തുന്നവരുടെയോകൂടെയാണെന്ന് പറയാന്‍ കഴിയില്ല. ഇത് പ്രാര്‍ത്ഥനയെഅവഗണിച്ചുകൊണ്ടല്ല പറയുന്നതും. നീതിയോടെ പ്രവര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്കും ഭക്ത്യാഭ്യാസങ്ങള്‍ക്കും ഉപവാസങ്ങള്‍ക്കും വലിയഫലം തന്നെയുണ്ട്.

എന്നാല്‍ ഇത്തരം ഭക്ത്യാഭ്യാസങ്ങള്‍ നടത്തുന്ന ചിലരെങ്കിലും നീതിപ്രവര്‍ത്തിക്കുന്നവരല്ല.
എന്താണ് നീതി? അര്‍ഹിക്കുന്നവന് അര്‍ഹിക്കുന്നതു കൊടുക്കുന്നതാണ് നീതി. വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കുകയും അവരോട് സംസാരിക്കുക പോലും ചെയ്യാതെ നടത്തുന്ന പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തവും നീതിപൂര്‍വ്വകമായിരിക്കണമെന്നില്ല. അയല്‍ക്കാരോടു ശത്രുത പുലര്‍ത്തിക്കൊണ്ടും കീഴുദ്യോഗസ്ഥനെ അന്യായമായിപീഡിപ്പിച്ചുകൊണ്ടും രക്തബന്ധങ്ങളിലുളളവരോട് വര്‍ഷങ്ങളായി പക മനസ്സില്‍സൂക്ഷിച്ചുകൊണ്ടുമുള്ള പ്രാര്‍ത്ഥനകളും നീതിപൂര്‍വ്വകമായിരിക്കണമെന്നില്ല.

അതുകൊണ്ടാവാം നമ്മുടെ പ്രാര്‍ത്ഥനകള്‍ ചിലപ്പോഴെങ്കിലും ദൈവം കേള്‍ക്കാതെ പോകുന്നത്. നമുക്ക് നീതിയുള്ളവരാകാം. നീതി ചെയ്യുമ്പോള്‍ ദൈവം നമ്മോടുകൂടെയുണ്ടാകും. അപ്പോള്‍ സര്‍വ്വകാര്യങ്ങളിലും വിജയവും ലഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.