ഈശോ തന്റെ തിരുമുറിവുകളുടെ ആഴവും വേദനയും വെളിപ്പെടുത്തിയത് ഇവര്‍ക്കാണ്

രണ്ടുകാലങ്ങളിലായി ജീവിച്ച രണ്ടു വിശുദ്ധര്‍. രണ്ടുരീതിയിലുള്ള ജീവിതത്തിലൂടെ വിശുദ്ധപദം പ്രാപിച്ചവര്‍. പക്ഷേ ഇവര്‍ രണ്ടാളും ഒരു രീതിയില്‍ പൊരുത്തം നേടുന്നുണ്ട്. അതായത് ക്രിസ്തു ഈ രണ്ടു വിശുദ്ധര്‍ക്കും തന്റെ തിരുത്തോളിലെ മുറിവിന്റെ ആഴവും വേദനയും വെളിപ്പെടുത്തിയിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വിശുദ്ധ ബെര്‍നാര്ഡ് ഓഫ് ക്ലെയര്‍വാക്‌സും ഇരുപതാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന വിശുദ്ധ പാദ്രെപിയോയുമാണ് ഈ രണ്ടുവിശുദ്ധര്‍.

ഈശോയുമായി സംസാരിക്കാന്‍ അസുലഭ ഭാഗ്യം കിട്ടിയ വേളയില്‍ വിശുദ്ധ ബെര്‍നാര്‍ഡ് ചോദിച്ചതനുസരിച്ചാണ് ക്രിസ്തു തന്റെ തിരുത്തോളിലെ മുറിവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഏതാണ് പീഡാസഹനവേളയില്‍ അനുഭവിച്ച ഏറ്റവും തീവ്രമായ വേദനയുളവാക്കിയ മുറിവ് എന്ന ചോദ്യത്തിന് ക്രിസ്തു നല്കിയ മറുപടി തന്റെ തിരുത്തോളിലെ മുറിവാണ് എന്നായിരുന്നു. തിരുത്തോളിലെ മുറിവിനോടുള്ള ഭക്തിയും വണക്കവും ആരംഭിച്ചത് അന്നുമുതല്ക്കായിരുന്നു. തിരുത്തോളിലെ മുറിവിനെ ധ്യാനിച്ചുപ്രാര്‍ത്ഥിക്കുന്നവരുടെ മാരകപാപങ്ങള്‍ പോലും ക്ഷമിക്കുമെന്നും ക്രിസ്തു അന്ന് വെളിപ്പെടുത്തി.

വിശുദ്ധ ബെര്‍നാര്‍ഡ് ചോദിച്ച ചോദ്യം വിശുദ്ധ പാദ്രെ പിയോയും ചോദിച്ചു.അന്നും ക്രിസ്തു അതേ മറുപടി തന്നെയാണ് പറഞ്ഞത്. തന്റെ തിരുത്തോളിലുണ്ടായ മുറിവിനെക്കുറിച്ച് ആരും മനസ്സിലാക്കിയില്ലെന്നും തിരുത്തോളിലെ മുറിവ് തനിക്ക് വലിയ വേദനയാണ് ഉളവാക്കിയതെന്നും ക്രിസ്തു പാദ്രെപിയോയോടും പറഞ്ഞു.

ഈശോയുടെ തിരുത്തോളിലെ മുറിവിനോട് നമുക്ക് ഭക്തിയുള്ളവരാകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.