കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയില്‍ സംഭവിച്ചതെന്ത്: വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ വിശദീകരിക്കുന്നു

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംങ് കോളജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നതായി ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍.

കേരളക്കരയില്‍ ഇതുപോലൊരു സംഭവം ആവര്ത്തിക്കപ്പെടരുതെന്നും കാര്യകാരണങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വീഡിയോയില്‍പറയുന്നു. കോളജിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഇത് തേഞ്ഞുമാഞ്ഞുപോകുന്ന ഒരു കേസാകാന്‍പാടില്ല.

അതുകൊണ്ടാണ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പുതന്നെ സമഗ്രമായ അന്വേഷണംആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റ് കോട്ടയം എസ്പിക്ക് പ്രത്യേകം കത്ത് നല്കുകയും സാഹചര്യം മനസ്സിലാക്കി പ്രത്യേകശ്രദ്ധ നല്കി അന്വേഷണംനടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്.

രണ്ടുമാസത്തെ അവധിക്ക് ശേഷം ജൂണ്‍ ഒന്നിനാണ് ശ്രദ്ധ കോളജില്‍ എത്തിയതെന്നും അന്നുതന്നെ യൂണിവേഴ്‌സിറ്റി തേഡ് സെമസ്റ്റര്‍ റിസള്‍ട്ട് വരുകയും ചെയ്തുവെന്നും വീഡിയോയില്‍ അച്ചന്‍ പറയുന്നു. മൂന്നു സെമസ്റ്ററിലെയും റിസള്‍ട്ട് വന്നപ്പോള്‍ അതില്‍ പന്ത്രണ്ട് പേപ്പറിനും കുട്ടിപരാജയപ്പെട്ടിരുന്നു. ജൂണ്‍ രണ്ടിന് ഫുഡ് ടെക്‌നോളജിയുടെലാബ് ക്ലാസ് നടക്കുന്നതിനിടയില്‍ സെല്‍ഫ് ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെടുകയും ഇന്‍സട്രക്ടര്‍ നിയമമനുസരിച്ച് തന്നെ ആ ഫോണ്‍ വാങ്ങുകയും എച്ച് ഒഡിയെ ഏല്പിക്കുകയും ചെയ്തു. എച്ച് ഒഡി ഈ വിവരം അപ്പോള്‍ തന്നെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ അറിയിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല.

പിന്നീട് തിരികെ വിളിച്ചപ്പോള്‍ അച്ഛനെ വിവരം അറിയിക്കുകയും ചെയ്തു ഡിസിപ്ലിനറി ആക്ഷനായതുകൊണ്ടും കുട്ടിയുടെ സുരക്ഷയെപ്രതിയുമാണ് ഇപ്രകാരം ചെയ്തത്. പെണ്‍കുട്ടിയുടെ മൊബൈലില്‍വിളിച്ചാല്‍ കിട്ടാത്തതുകൊണ്ട് മറ്റ് മൊബൈലില്‍ വിളിക്കാനുളള സൗകര്യത്തിന് വേണ്ടികൂടിയായിരുന്നു ഇപ്രകാരം ചെയ്തത്.

കോളജ് അധികാരികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് വൈകുന്നേരം ആറരയോടെ റൂംമേറ്റിന്റെ മൊബൈലിലേക്ക് അമ്മ വിളിച്ചുവെങ്കിലും കുട്ടി അമ്മയോട് സംസാരിക്കാന്‍ വിസമ്മതിച്ചതായിട്ടാണ്. അത്താഴത്തിന് മറ്റ് കുട്ടികള്‍ താഴേയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയെങ്കിലും ശ്രദ്ധ മുറിയില്‍തന്നെ കഴിച്ചുകൂട്ടുകയായിരുന്നു തിരികെയെത്തിയ റൂമേറ്റ്‌സായ രണ്ടുകുട്ടികള്‍ കണ്ടത് മുറി അടച്ചിട്ടിരിക്കുന്നതായിട്ടാണ്. സംശയംതോന്നിയ അവര്‍ ജനാലയിലൂടെ നോക്കിയപ്പോള്‍ കണ്ടത് ആത്മഹത്യയുടെ സാഹചര്യമായിരുന്നു.

പെട്ടെന്ന് അവര്‍ നിലവിളിച്ച് വാര്‍ഡനെയും സിസ്റ്ററിനെയും ഒക്കെഅറിയിക്കുകയും വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറിയപ്പോള്‍ തൂൂങ്ങിനില്ക്കുന്ന രീതിയില്‍ കാണപ്പെടുകയായിരുന്നു. പെട്ടെന്ന് മേരിക്വീന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു ഇതിലൊന്നിലും ഒരു താമസം പോലും വന്നിട്ടില്ല.

ഇങ്ങനെയൊരു സാഹചര്യത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ ഒട്ടുംപോലും വൈകിയിട്ടില്ല. ഇക്കാര്യത്തില്‍ അവരെ സംശയിക്കേണ്ട യാതൊരു കാര്യവുമില്ല. ആശുപത്രിയിലേക്ക് പോകുന്നവഴിക്ക് തന്നെ വീട്ടുകാരെ വിവരം അറിയിച്ചു.സുഖമില്ലെന്നാണ് പറഞ്ഞത്. പോലീസിനെയും വിവരം ധരിപ്പിച്ചു. ആശുപത്രിയിലെ ശുശ്രൂഷയെക്കുറിച്ച് വ്യത്യസ്തപ്രതികരണങ്ങള്‍ കേള്‍ക്കാനും വായിക്കാനും ഇടയായി.

എത്രയും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വ്യക്തമായി വിവരങ്ങളെല്ലാം ഡോക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. പുറത്തുനില്ക്കുന്നവരോട് എന്താണ്‌സംഭവിച്ചതെന്ന് വ്യക്തമായി പറഞ്ഞിരിക്കാന്‍ ഇടയില്ലഅവരോട് പറയേണ്ടകാര്യവുമില്ലല്ലോ. പ്രത്യേകിച്ച് ഇത്രയും സെന്‍സീറ്റീവായ ഒരു വിഷയംകാഴ്ചക്കാരായി നില്ക്കുന്നവരോട്. പറയേണ്ടതില്ലല്ലോ. അതുകൊണ്ടാവാം ഇക്കാര്യത്തെക്കുറിച്ച് തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ആത്മാര്‍ത്ഥമായി ശ്രമിച്ചുവെങ്കിലും കുഞ്ഞിന്‌റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിവരം ഉടന്‍തന്നെ മാതാപിതാക്കളെ അറിയിച്ചു.രാത്രിയോടെ മാതാപിതാക്കളെത്തി. പിറ്റേന്ന് മൃതദേഹം കോട്ടയംമെഡിക്കല്‍കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി അന്നേ ദിവസം വൈകുന്നേരം തന്നെ തിരുവാങ്കുളത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു. കോളജില്‍ നിന്ന് മാനേജരും അധ്യാപകരും വിദ്യാര്‍ത്ഥികളും കുറെയധികം ആളുകളും സംസ്‌കാരച്ചടങ്ങില്‍പങ്കെടുക്കുകയും ചെയ്തു.

തിങ്കളാഴ്ചയോടുകൂടി കോളജില്‍ അരങ്ങേറിയ കാര്യങ്ങള്‍ വളരെവളരെ സങ്കടകരമാണ്. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി ചില തല്പരകക്ഷികളുടെ വ്യക്തമായ അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരുപാട് പേര്‍ കയറിയിറങ്ങി ബഹളങ്ങളുണ്ടാക്കുകയും അസഭ്യം പറയുകയും കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ തന്നെപേരുകേട്ട ഒരു വിദ്യാഭ്യാസസ്ഥാപനം, ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസസ്ഥാപനം ഇവിടെയുള്ളസാധാരണക്കാരുടെ കൂടി അദ്ധ്വാനഫലമായ ഈ സഥാപനം തകര്‍ക്കാന്‍ കൃത്യമായ അജന്‍ഡയോടുകൂടി നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നകാര്യം നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

നമ്മുടെനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിലനില്ക്കട്ടെ. നമ്മുടെകുഞ്ഞുങ്ങളുടെ ഭാവിക്ക് അതാവശ്യമാണ്. നിലവാരമുള്ളസ്ഥാപനങ്ങള്‍ ഉണ്ടാകണം.ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നപ്രവണത അടുത്തകാലത്തായി കണ്ടുവരുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.