ആരാണ് മാലാഖമാര്‍?

മാലാഖമാര്‍ എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ശരിക്കും ആരാണ് മാലാഖമാര്‍? വിശുദ്ധ ആഗസ്തീനോസ് അതേക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് നല്കിയിട്ടുണ്ട് മാലാഖ എന്നത് അവരുടെ പ്രകൃതത്തെയല്ല ധര്‍മ്മത്തെയാണ് ധ്വനിപ്പിക്കുന്നത് എന്നാണ് വിശുദ്ധന്‍ നല്കുന്ന വിശദീകരണം. അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്ന് ചോദിച്ചാല്‍ അത് അരൂപി ആണെന്നാണ് മറുപടി. അവരുടെ ധര്‍മ്മം എന്താണെന്ന് ചോദിച്ചാല്‍ അവര്‍ മാലാഖ ആണെന്ന് മറുപടി. അങ്ങനെ പ്രകൃതി പരിഗണിച്ചാല്‍ അരൂപികളും ധര്‍മ്മം പരിഗണിച്ചാല്‍ മാലാഖമാരും ആണ് അവര്‍. മാലാഖമാര്‍ അവരുടെ ഉണ്മയില്‍ പൂര്‍ണ്ണമായും ദൈവത്തിന്റെ സേവകരും സന്ദേശവാഹകരുമാണ്.

സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം സദാ ദര്‍ശിക്കുന്നതിനാല്‍ അവിടുത്തെ ആജ്ഞയുടെ സ്വരം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് മാലാഖമാര്‍. പൂര്‍ണ്ണമായും അശരീരികളായ സൃഷ്ടികള്‍ എന്ന നിലയ്ക്ക് മാലാഖമാര്‍ ബുദ്ധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്. വ്യക്തിത്വമുള്ളവരും അമര്‍ത്ത്യരുമായ സൃഷ്ടികളാണ്. അവരുടെ മഹത്വത്തിന്റെ പ്രഭ സാക്ഷ്യപ്പെടുത്തുന്നതുപോലെ ഗുണപൂര്‍ണ്ണതയില്‍ അവര്‍ ദൃശ്യമായ എല്ലാ സൃഷ്ടികളെയും അതിശയിക്കുന്നവരാണ്. അവരുടെ മഹത്വത്തിന്റെ പ്രഭ ഇത് സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തുവാണ് മാലാഖമാരുടെ ലോകത്തിന്റെ കേന്ദ്രം. അവര്‍ അവിടുത്തെ സന്ദേശവാഹകരാണ്. സൃഷ്ടിമുതല്‍ പരിത്രാണ ചരിത്രത്തിലുടനീളം മാലാഖമാരുടെ സാന്നിധ്യം നാം ദര്‍ശിക്കുന്നു.

അവര്‍ ഭൗമിക പറുദീസായുടെ വാതില്‍ അടച്ചു. ലോത്തിനെ സംരക്ഷിച്ചു. ഹാഗാറിനെയും അവളുടെ കുട്ടിയെയും രക്ഷിച്ചു. അബ്രാഹത്തിന്റെ കരം പിന്‍വലിപ്പിച്ചു. തങ്ങളുടെ സേവനത്തിലൂടെ ജനങ്ങളെ നിയമം പഠിപ്പിച്ചു. പ്രവാചകന്മാരെ സഹായിച്ചു. ഇവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. അവസാനമായി ഗബ്രിയേല്‍ മാലാഖ യേശുവിന്റെ മുന്നോടിയായ യോഹന്നാന്റെയും യേശുവിന്റെ തന്നെയും ജനനം മുന്‍കൂട്ടി അറിയിച്ചു.

ശൈശവം മുതല്‍ മരണം വരെ മനുഷ്യര്‍ക്ക് മാലാഖമാരുടെ ജാഗ്രതാപൂര്‍വ്വമായ പരിരക്ഷണവും മാധ്യസ്ഥവും ലഭിക്കുന്നു. ഓരോ വി്ശ്വാസിയുടെയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ.
( അവലംബം: കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.