ഇത്ര ചെറുതാകാൻ എത്ര വളരേണം !

നീ എത്രത്തോളം ഉന്നതനാണോ, അത്രമാത്രം വിനീതനാവുക.” (ബൈബിൾ)

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ വാക്കിലും പ്രവൃത്തിയിലും അത്ഭുതങ്ങൾ കാണിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ, ഇന്ന് സ്വയം ഒരു അത്ഭുതമായി മാറിയിരിക്കുന്നു! പതിനായിരം പ്രസംഗങ്ങളുടെ ശക്തിയുള്ള ഒരൊറ്റ പ്രവൃത്തികൊണ്ട് അദ്ദേഹം ലോകം മുഴുവനെയും ക്രിസ്തുവിലേക്കു തിരികെ കൊണ്ടുവന്നിരിക്കുന്നു. ആഭ്യന്തരകലാപം രൂക്ഷമായ സൗത്ത് സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നു സ്നേഹമുള്ള ഒരു മുതിർന്ന സഹോദരനെപ്പോലെ അഭ്യർത്ഥിച്ച വലിയ ഇടയൻ, പിന്നെ ഞെട്ടിച്ചത് തന്റെ മുൻപിൽ നിന്ന സൗത്ത് സുഡാൻ നേതാക്കളെ മാത്രമല്ല, ലോകം മുഴുവനെയുമാണ്. എൺപത്തിൽ അധികം വയസ്സുള്ള ഒരു വൃദ്ധൻ തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ നാല് രാഷ്ട്രനേതാക്കളുടെ മുൻപിൽ മുട്ടുകുത്തി ക്ഷമചോദിക്കുന്നതുപോലെ നിലംപറ്റെ കുമ്പിട്ടു, പാദങ്ങൾ ചുംബിച്ചു! ഒറ്റ ശ്വാസകോശവുമായി ജീവിക്കുന്ന മാർപാപ്പയുടെ ഓരോ കുമ്പിടീലിലും ദ്രുതഗതിയിലായിക്കൊണ്ടിരിക്കുന്ന ശ്വാസഗതിയുടെ ഓഡിയോ ശബ്ദവും ഓരോ പാദത്തിൽനിന്നു എഴുന്നേൽക്കാൻ എടുക്കുന്ന ക്ലേശവും അദ്ദേഹത്തിന്റെ അത്മാർത്ഥതയുടെ നേർസാക്ഷ്യം. ഈ സംഭവത്തിൽ ഞെട്ടാത്തതു ലോകത്തിൽ ഒരേ ഒരാൾ മാത്രമായിരിക്കും, അത് ഫ്രാൻസിസ് മാർപാപ്പ തന്നെ!

തെറ്റ് ചെയ്തിട്ട് പിടിക്കപ്പെട്ട കുട്ടികൾ അധ്യാപകന്റെ മുൻപിൽ ശകാരം കേൾക്കാൻ നിൽക്കുന്നതുപോലെ തോന്നും ഈ വീഡിയോയുടെ ആദ്യഭാഗം കണ്ടാൽ. മാർപാപ്പ സംസാരിച്ചു തുടങ്ങുമ്പോൾ സ്നേഹമുള്ള ഒരു പിതാവ് മക്കളെ ഉപദേശിക്കുന്നതുപോലെ. സംസാരം തീരുമ്പോൾ ക്രിസ്തുവിന്റെ വികാരി, ക്രിസ്തുവായി മാറി: “നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാഠങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം” (യോഹന്നാൻ 13:14 ). ലോകത്തിന്റെ ധാർമ്മികശബ്ദമായി പരിഗണിക്കപ്പെടുന്ന കത്തോലിക്കാസഭയുടെ ഈ വലിയ ഇടയന്റെ എളിമപ്രവൃത്തി, സുഡാൻ രാഷ്ട്ര നേതാക്കളോട് മാത്രമല്ല ലോകത്തോടുതന്നെ നിരവധി വാള്യങ്ങളുള്ള ഒരു പുസ്തകം പോലെ സംസാരിച്ചു, നിശബ്ദമായി. ഇത് കണ്ടവരും അനുഭവിച്ചവരും മനുഷ്യരാണെങ്കിൽ അവരുടെ ഹൃദയങ്ങളിൽ ഈ പ്രവൃത്തി ഒരു ചലനമുണ്ടാക്കിയിരിക്കും, നിശ്ചയം! എനിക്കുറപ്പാണ്, ആ നേതാക്കളെല്ലാം തിരിച്ചു മാർപാപ്പയുടെ പാദത്തിൽ ഒരു നൂറു തവണ വീണിട്ടുണ്ട്, അവിടെ വച്ചുതന്നെ, അവരുടെ മനസ്സുകൊണ്ട് !

തൻ്റെ അത്യപൂർവമായ, ആത്‌മീയ ആഴമുള്ള ഈ പ്രവൃത്തിയിലൂടെ സത്യത്തിൽ അദ്ദേഹം 120 കോടി കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ലോകം മുഴുവന്റെയും ശ്രദ്ധ ക്രിസ്തുവിന്റെ പീഡാനുഭവ-വലിയ ആഴ്ചയിലേക്കു ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആ ഒറ്റ പ്രവൃത്തിയിൽ ഓശാന ഞായറും പെസഹാവ്യാഴവും ഒന്നിച്ചു സമ്മേളിച്ചിരുന്നു. വത്തിക്കാൻ രാജ്യത്തിന്റെ ഭരണാധികാരിയും കത്തോലിക്കാ വിശ്വാസികളുടെ തലവനുമാണെങ്കിലും ഓശാന ദിവസം ഈശോ ജറുസലേമിലേക്കു വിനയാന്വിതനായി കഴുതപ്പുറത്തു കയറി സമാധാന രാജാവായി വന്നതുപോലെ, ഫ്രാൻസിസ് മാർപാപ്പ സമാധാനം പുനഃസ്ഥാപിക്കാനായി എളിമയോടുകൂടി ഈ നേതാക്കളോട് സംസാരിച്ചു. പെസഹാവ്യാഴത്തിന്റെ ആരാധനാകർമ്മങ്ങളുടെ ഭാഗമായി കാലുകഴുകൾ ശുശ്രുഷയും പാദചുംബനവും നടത്തുന്ന പതിവ് സമയത്തല്ലാതെ, ഇപ്പോളിതാ, അപ്രതീക്ഷിതമായി ഒരു പാദചുംബനം. തീർച്ചയായും ഇതിലും വലിയ സന്ദേശം വലിയ ആഴ്ചപ്രവേശത്തിനു നല്കാനില്ല. ഉദാത്തമായ മറ്റു മൂന്നു പ്രധാന സന്ദേശങ്ങൾ കൂടി ഫ്രാൻസിസ് മാർപാപ്പ ഈ പ്രവൃത്തിയിലൂടെ ലോകത്തോട് പറഞ്ഞു:
ഒന്ന്: ഒരാളുടെ യഥാർത്ഥ വലുപ്പം അയാളുടെ പദവിയുടെ വലുപ്പമല്ല, ഹൃദയത്തിന്റെയും എളിമയുടെയും വലിപ്പമാണ്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ തലവനെന്ന അധികാരമോ ധാർഷ്ട്യമോ അല്ല, ‘ക്രിസ്തുവിന്റെ ദാസന്മാരുടെ ദാസൻ’ എന്ന മാർപാപ്പാമാരുടെ ഔദ്യോഗിക വിശേഷണമാണ് ഈ വലിയ മുക്കുവൻ ലോകത്തെ പഠിപ്പിച്ചത്. നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക എന്ന ബൈബിൾ വചനത്തിന്റെ നേർരൂപം. 

രണ്ട്: നല്ല വാക്കുകളേക്കാൾ നല്ല പ്രവൃത്തികളാണ് ഇന്നാവശ്യം. ആർഭാട ജീവിതങ്ങളും വാക്കുകളും മറ്റുള്ളവർക്ക് നൽകുന്ന അത്ഭുതങ്ങളേക്കാൾ ക്രിസ്തുവിന്റെ എളിമയ്ക്കും സ്നേഹത്തിനും സമാധാനത്തിനും ഏറെ പ്രസക്തിയുണ്ട് ഇന്നത്തെ ലോകത്തിൽ. പറയാനേറെപ്പേരും ചെയ്യാൻ കുറച്ചാളുകളും മാത്രമുള്ള ഇന്നത്തെ ലോകത്തിനു ദൈവം നൽകിയ തിരുത്തലിന്റെ പാഠമാണ് മാർപാപ്പയുടെ ഈ പ്രവൃത്തി. സഭ ലോകത്തിൽ എന്തായിരിക്കണമെന്നു ദൈവം ഓർമ്മിപ്പിച്ചതാണിത്. 

മൂന്ന്: പരസ്പര വിദ്വേഷത്തിന്റെയല്ല സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വക്താക്കളാകാനാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. സുന്ദരമായി സൃഷ്‌ടിക്കപ്പെട്ട ഈ ഭൂമി, ഇന്ന് സുന്ദരമായി മാറേണ്ടത് നമ്മുടെ മനോഭാവത്തിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയുമാണ്. സമൂഹത്തിലേയ്ക്ക് വ്യാപിക്കേണ്ട ഈ കാഴ്ചപ്പാട് തുടങ്ങേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് തന്നെ. കൃത്യമായി പറഞ്ഞാൽ ഓരോ വ്യക്തിളിൽ നിന്നും തന്നെ. മാർപാപ്പ അത് തന്നിൽ തുടങ്ങി കാണിച്ചു തന്നിരിക്കുന്നു…
ഇനിയും ഒളിഞ്ഞു കിടക്കുന്ന എത്രയോ സന്ദേശങ്ങളുണ്ട് ഈ സംഭവത്തിൽ… ഒരു നല്ല തുടക്കമാവട്ടെ ഇത്, എല്ലാവർക്കും. ഇവിടെ ഒറ്റച്ചോദ്യം മാത്രം: ഇത്ര വലിയ ഒരു മനുഷ്യൻ ഇതുപോലെ ചെയ്തെങ്കിൽ നമ്മൾ എത്രമാത്രം ചെയ്യണം? ഇത്ര ചെറുതാവാൻ നമ്മൾ എത്ര വളരണം? 

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഓശാനത്തിരുനാൾ മംഗളങ്ങൾ! പ്രാർത്ഥനാപൂർവ്വം ഈശോയോടൊപ്പം വലിയ ആഴ്ചയിൽ ആയിരിക്കാം. ഈശോയോടൊപ്പം ഉയിപ്പനുഭവം നമുക്കുമുണ്ടാവട്ടെ! ദൈവാനുഭവം സമൃദ്ധമായ വലിയ ആഴ്ച ആശംസിച്ചുകൊണ്ട്, 

സ്നേഹത്തോടെ, പ്രാർത്ഥനയോടെ, 

ഫാ. ബിജു കുന്നയ്ക്കാട്ഫാ. ബിജു കുന്നയ്ക്കാട്ട്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.