അനുഗ്രഹിച്ച് അനുഗ്രഹം നേടാം, ഈ സങ്കീര്‍ത്തനഭാഗം പ്രാര്‍ത്ഥിച്ചാല്‍ മതി

നമുക്ക് അഹിതകരമായതോ ദ്രോഹകരമായതോ ആയ ഒരു പ്രവൃത്തി ആരെങ്കിലും ചെയ്തുവെന്നിരിക്കട്ടെ. മാനുഷികമായി നമ്മുടെ ആദ്യപ്രതികരണം അവരെ ശപിക്കുക എന്നതായിരിക്കും. എന്നാല്‍ തിരുവചനം പറയുന്നത് നിങ്ങളെ പീഡിപ്പിക്കുന്നവരെ ഒരിക്കലും ശപിക്കരുത് അവരെ അനുഗ്രഹിക്കുക മാത്രമേ ചെയ്യാവൂ എന്നാണ്.

അനുഗ്രഹവചസുകള്‍ക്ക് ജീവിതത്തില്‍ വലിയ ഫലം സൃഷ്ടിക്കാന്‍ കഴിയും. നാം ഒരാളെ അനുഗ്രഹിക്കുമ്പോള്‍ അതുവഴി നാം തന്നെയാണ് അനുഗ്രഹിക്കപ്പെടുന്നത്. പലപ്പോഴും ചില ഫോണ്‍സംഭാഷണങ്ങളുടെ അവസാനം നാം പറയാറുണ്ടല്ലോ ദൈവം സഹോദരനെ/ സഹോദരിയെ അനുഗ്രഹിക്കട്ടെ എന്ന്. എന്നാല്‍ ഇത്തരം വാക്കുകള്‍ പറയുന്നതിന് പകരം വചനം തന്നെ ഉപയോഗിക്കുന്നത് ഏറെ അനുഗ്രഹദായകമായിരിക്കും. സങ്കീര്‍ത്തനം 128 ാം അധ്യായം 2 മുതല്ക്കുളള തിരുവചനങ്ങളാണ് നാം മറ്റുള്ളവര്‍ക്കായി ആശംസിക്കേണ്ടത്. പ്രസ്തുത തിരുവചനങ്ങള്‍ ഇവയാണ്.

നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും. നിനക്ക് നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും.

നിന്റെ മക്കള്‍ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവുതൈകള്‍ പോലെയും. കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗ്രഹീതനാകും.

കര്‍ത്താവ് സീയോനില്‍ നിന്ന് നിന്നെ അനുഗ്രഹിക്കട്ടെ നിന്റെ ആയുഷ്‌ക്കാലമത്രയും നീ ജെറുസലേമിന്റെ ഐശ്വര്യം കാണും.

മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ. ഇസ്രായേലിന് സമാധാനമുണ്ടാകട്ടെ.

ഈ തിരുവചനങ്ങള്‍ പറയുമ്പോള്‍ ദൈവം നമ്മെയും അനുഗ്രഹിക്കും. വചനം ഏറ്റുപറയുന്നതിലൂടെ നാം തന്നെയാണ് അനുഗ്രഹിക്കപ്പെടുന്നത്. ഓര്‍മ്മിക്കുക, ഒരിക്കലും നാം നമ്മെ പീഡിപ്പിക്കുന്നവരെ ശപിക്കരുത്. മറിച്ച് അനുഗ്രഹിക്കുക മാത്രം ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.