ദൈവത്തിന്‍റെ ആയുധങ്ങൾ ധരിച്ച് തിന്മയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ടവരാണ് ക്രിസ്ത്യാനികൾ: മാർ ജോസഫ് സ്രാമ്പിക്കൽ

 
ബെർമിംഗ്ഹാം: തിന്മയ്‌ക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ദൈവത്തിന്റെ ആയുധങ്ങളായ രക്ഷയും വചനവും സത്യവും നീതിയും സമാധാനവും ധരിക്കാത്തവരാണ് പരാജയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കൺവെൻഷനിൽ കവെൻട്രി റീജിയണിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

രൂപതയുടെ വികാരി ജനറാൾ റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ ഉൾപ്പെടെ പത്തിലധികം വൈദികർ ദിവ്യബലിയിലും മറ്റു ശുശ്രുഷകളിലും സഹകാർമ്മികരരായി. ബെർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിലായിരുന്നു ശുശ്രുഷകൾ. 

വി. കുർബ്ബാനയ്ക്ക് മുൻപായി ഈ വർഷത്തെ ബൈബിൾ കൺവെൻഷന്റെ മുഖ്യ പ്രഭാഷകനും വിഖ്യാത ധ്യാനഗുരുവുമായ ഫാ. ജോർജ്ജ് പനക്കൽ വചനസന്ദേശം നൽകി. ക്രിസ്തുവിനോടുകൂടി കുടുംബജീവിതം ആരംഭിച്ചവർ വിജയത്തിലേക്കാണ് നടന്നടുക്കുന്നതെന്നു അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ദൈവത്തോടുകൂടി ജീവിതം തുടങ്ങുന്നവരുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ടന്നും അത് വിജയത്തിൽ എത്തിക്കാൻ ദൈവം സഹായിക്കുമെന്നും അദ്ദേഹം ദമ്പതികളെ ഓർമ്മിപ്പിച്ചു. ഇതിനായി ഓരോരുത്തർക്കും ഈശോയുമായി വ്യക്തിപരമായ ബന്ധവും അടുപ്പവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

കൊവെൻട്രി റീജിയണൽ ഡയറക്ടർ . ഫാ. ടെറിൻ മുള്ളക്കര, റെവ. ഫാ. ജോജോ മാരിപ്പാട്ട് വി. സി., ഫാ. ആൻ്റണി പറങ്കിമാലിൽ വി. സി., ഫാ. ജോസ് പള്ളിയിൽ വി സി., ഫാ. ജോസഫ് എടാട്ട് വി സി, കാവെൻട്രി റീജിയനിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ ഏകദിന ശുശ്രുഷകൾക്കു നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകളും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. 
ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിലെ ഏകദിന ബൈബിൾ കൺവെൻഷൻ ഇന്ന് നടക്കും.

ബ്രിസ്റ്റോൾ ഫെയർഫീൽഡ് സ്കൂളിൽ (BS7 9NL) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. ജോർജ്ജ് പനക്കൽ, റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST, റീജിയണിലെ വൈദികർ, മറ്റു ധ്യാനശുശ്രുഷകർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ വിശ്വാസികളെയും ഈ ഏകദിന ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.  

ഫാ. ബിജു കുന്നയ്ക്കാട്ട് PRO മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.