മരിയന്‍പത്രം ആറാം വര്‍ഷത്തിലേക്ക്…

ആഗോള സഭ മാര്‍ച്ച് 25 ന് മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുമ്പോള്‍ മരിയന്‍ പത്രത്തെ സംബന്ധിച്ച് അത് മരിയന്‍പത്രത്തിന്റെ ജന്മദിനം കൂടിയാണ്. കാരണം ഇന്നേയ്ക്ക അഞ്ചുവര്‍ഷം മുമ്പ് മാര്‍ച്ച് 25 നാണ് മരിയന്‍പത്രം ആരംഭിച്ചത്. യുകെയിലെ എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ചെറിയൊരു മാധ്യമശുശ്രൂഷയായിട്ടായിരുന്നു മരിയന്‍പത്രത്തിന്റെ തുടക്കം.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും ദൈവകൃപയാല്‍ ക്രിസ്തീയ ഓണ്‍ലൈന്‍ മാധ്യമരംഗത്ത് സവിശേഷമായ ഇടം കണ്ടെത്തുവാന്‍ മരിയന്‍പത്രത്തിന് കഴിഞ്ഞു; ആയിരക്കണക്കിന് വ്യക്തികളുടെ ആത്മീയജീവിതത്തില്‍ അടയാളങ്ങള്‍ പതിപ്പിക്കുവാനും.

മരിയന്‍പത്രത്തിലെ പ്രാര്‍ത്ഥനകള്‍ പലരും ഏറ്റെടുത്തു പ്രാര്‍ത്ഥിക്കുന്നു.പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നു. ആത്മീയജീവിതത്തിന് വേണ്ടതെല്ലാം കൃത്യമായ ചേരുവയാല്‍ അണിയിച്ചൊരുക്കുന്ന മരിയന്‍പത്രം വഴി അവര്‍ തങ്ങളുടെ ആത്മീയജീവിതം കെട്ടിപ്പടുക്കുന്നു.

മരിയന്‍പത്രം ഇന്ന് ആര്‍ജ്ജിച്ചിരിക്കുന്ന വിശ്വാസ്യതയും വിജയവും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെയും കഴിവോ സാമര്‍ത്ഥ്യമോ അല്ലെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ദൈവകൃപയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയും. അതുമാത്രമേ ഞങ്ങള്‍ക്കാശ്രയമായിട്ടുള്ളൂ. ഞങ്ങളുടെ കുറവുകളെ പരിഹരിക്കുന്നതും ഇതുതന്നെ.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അനുഗ്രഹാശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് മരിയന്‍പത്രം മുന്നോട്ടുപോകുന്നത്. ഫാ.ടോമി എടാട്ടാണ് സ്പിരിച്വല്‍ ഫാദര്‍.

മരിയന്‍പത്രത്തെ നടുകയും നനയ്ക്കുകയും വളര്ത്തുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന് കോടാനുകോടി നന്ദി..

പരിശുദ്ധ അമ്മയുടെ മാതൃസഹജമായ വാത്സല്യത്തിനും മാധ്യസ്ഥത്തിനും മുമ്പില്‍ ഞങ്ങള്‍ നന്ദിയോടെ കൈകള്‍ കൂപ്പുന്നു.

പ്രിയ വായനക്കാരാ നിനക്കും നന്ദി. ദിവസം തോറും വെബ്‌സൈറ്റിലെത്തുന്ന ആയിരക്കണക്കിന് വായനക്കാരുടെ സ്‌നേഹവും പ്രോത്സാഹനവും തിരുത്തലും നിര്‍ദ്ദേശങ്ങളുമാണ് മരിയന്‍പത്രത്തിന് മുന്നോട്ടുപോകാനുള്ള ശക്തി നല്കുന്നത്.

നിങ്ങള്‍ ഓരോരുത്തര്‍ക്കുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.മരിയന്‍പത്രത്തിന് വേണ്ടി , ഇതിന്റെ പിന്നിലുള്ള ജീവിതങ്ങള്‍ക്കുവേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കുമല്ലോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.