കുമ്പസാരത്തിന് മുമ്പ് ഈ സങ്കീര്‍ത്തനം ചൊല്ലാമോ? അത്ഭുതം കാണാം

കുമ്പസാരത്തിനായി വൈദികനു മുമ്പില്‍ മുട്ടുകുത്തുമ്പോള്‍ നമ്മുടെ മനസ്സില്‍ യഥാര്‍ത്ഥത്തില്‍ എന്താണുള്ളത്? അനുതാപമോ അതോ വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന നിയമത്തിന്റെ ആഹ്വാനമോ? കുമ്പസാരം ഹൃദയപൂര്‍വ്വമാകണമെങ്കില്‍ അവിടെ നമുക്ക് നിയമംകൊണ്ടുള്ള അനുശാസനകളെക്കാള്‍  അനുതാപവും പശ്ചാത്താപവും തോന്നണം. ചെയ്തുപോയ പാപത്തെയോര്‍ത്ത് ആത്മാര്‍ത്ഥമായി മനസ്തപിക്കാന്‍ കഴിയണം. ദൈവത്തിന്റെ സ്‌നേഹവും നന്മയും മറന്നുപോയതിലുള്ള സങ്കടമുണ്ടാവണം. നമുക്ക് നമ്മുടെപാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ ബോധ്യവും മനസ്താപവും ഇല്ലാത്തതാണ് ആത്മാര്‍ത്ഥമായി കുമ്പസാരിക്കാന്‍ കഴിയാതെ പോകുന്നതിനുള്ള കാരണം. പാപങ്ങളെയോര്‍ത്ത് ഒരു തുള്ളി കണ്ണീരുപോലും പൊഴിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്കെല്ലാം സങ്കീര്‍ത്തനം 51 ചൊല്ലുന്നത് ഏറെ പ്രയോജനം ചെയ്യും.

ഇതാ ആ സങ്കീര്‍ത്തനം


ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ. എന്റെ അകൃത്യം നിശേഷം കഴുകിക്കളയണമേ. എന്റെ പാപത്തില്‍ നിന്ന് എ്ന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു, അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങ് നീതിയുക്തനാണ്. അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്. പാപത്തോടെയാണ് ഞാന്‍ പിറന്നത്. അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്. ഹൃദയപരമാര്‍ത്ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്. ആകയാല്‍ എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ. ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ. ഞാന്‍ നിര്‍മ്മലനാകും. എന്നെ കഴുകണമേ.ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും. എന്നെ സന്തോഷഭരിതനാക്കണമേ. അവിടുന്ന് തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ. എന്റെ പാപങ്ങളില്‍ നിന്ന് മുഖം മറയ്ക്കണമേ. എന്റെഅകൃത്യങ്ങള്‍ മായ്ച്ചുകളയണമേ. ദൈവമേ നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ. അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ന ിക്ഷേപിക്കണമേ. അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമേ. ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ. അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും. പാപികള്‍ അങ്ങയിലേക്ക് തിരിച്ചുവരും. ദൈവമേ എന്റെ രക്ഷയുടെ ദൈവമേ രക്തപാതകത്തില്‍ നി്ന്ന് എന്നെ രക്ഷിക്കണമേ. ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും. കര്‍ത്താവേ എന്റെ അധരങ്ങളെ തുറക്കണമേ. എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും. ബലികളില്‍ അങ്ങ് പ്രസാദിക്കുന്നില്ല. ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങ് സന്തുഷ്ടനാകുകയുമില്ല. ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി. ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല. അങ്ങ് പ്രസാദിച്ച് സീയോന് നന്മ ചെയ്യണമേ. ജറുസലേമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ. അപ്പോള്‍ അവിടുന്ന് നിര്‍ദിഷ്ടബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും. അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.

ഈ സങ്കീര്‍ത്തനം ഹൃദി്സ്ഥമാക്കി കുമ്പസാരത്തിന് അണയൂ.. അതിശയകരമായ മനപ്പരിവര്‍ത്തനത്തോടെ നമുക്ക് കുമ്പസാരം നടത്താന്‍ കഴിയും. തീര്‍ച്ച.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.