കാനായില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ മാതാവ് ആവശ്യപ്പെട്ടത് എന്തുകൊണ്ടാവും?

നമുക്കറിയാം ഈശോ ചെയ്ത ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണ വീട്ടില്‍ വച്ചായിരുന്നുവെന്ന്. അതിന് കാരണമായതാവട്ടെ മാതാവിന്റെ മാധ്യസ്ഥ്യവും. അതുകൊണ്ടാണ് എന്റെ സമയം ഇനിയും ആയിട്ടില്ലെന്ന്‌നിനക്കറിഞ്ഞൂകൂടെ എന്ന് ചോദിക്കുന്ന ക്രിസ്തു മാതാവിന്റെ വാക്കുകളെ തള്ളിക്കളയാതെ അനുസരിക്കാന്‍ തയ്യാറാകുന്നത്. അത്രയ്ക്കുണ്ട് മാതാവിന്റെ മാധ്യസ്ഥത്തിന്റെ ശക്തി. അമ്മ ചോദിക്കുന്ന ഒരു കാര്യവും മകന്‍ നിഷേധിക്കുകയില്ല.

നമ്മുടെ വിഷയം അതുമാത്രമല്ല മാതാവ് എന്തുകൊണ്ടാണ് ഈശോയോട് അവിടെ വച്ച് വീഞ്ഞുതീര്‍ന്നുപോയ കാര്യം സംസാരിച്ചു എന്നാണ്. അത്ഭുതം പ്രവര്‍ത്തിക്കാനോ ഒന്നും മാതാവ് ആവശ്യപ്പെടുന്നില്ല എന്നുമോര്‍ക്കണം. മറിച്ച് അവിടുത്തെ വിഷയം അവതരിപ്പിച്ചു. അവര്‍ക്ക് വീഞ്ഞില്ല. അല്ലെങ്കില്‍ കല്യാണവീട്ടിലെ വീഞ്ഞുതീര്‍ന്നുപോയി.

എന്തായാരിക്കാം മാതാവ് അങ്ങനെ പറയാന്‍ കാരണം? അതിന് മുമ്പ് ഒരു അത്ഭുതം പോലും ഈശോ പ്രവര്‍ത്തിച്ചിട്ടില്ല. എന്നിട്ടും മാതാവ് ഈശോയോട് അക്കാര്യം പറഞ്ഞതിന് ഒന്നേയുള്ളൂ കാരണം.

ഈശോയെ ഗര്‍ഭം ധരിച്ച ആ നിമിഷം മുതല്‍ ഈശോ ആരാണെന്ന് മാതാവിന് അറിയാമായിരുന്നു. അവിടുന്ന ലോകരക്ഷകനാണെന്ന് മാതാവ് മനസ്സിലാക്കിയിരുന്നു. മകനെക്കുറിച്ചുള്ള ദൗത്യം മാലാഖ മാതാവിന് വെളിപ്പെടുത്തിയിരുന്നു. ആ വാക്കുകളെ മാതാവ് വിശ്വസിക്കുകയും ഈശോയെ ഗര്‍ഭം ധരിക്കുകയും ചെയ്തു.ഈശോയില്‍ നിന്ന് അത്ഭുതങ്ങള്‍ കാണാതിരുന്നിട്ടും അവിടുന്നില്‍ വിശ്വസിച്ച ആദ്യത്തെ വ്യക്തി മറിയമായിരുന്നു. പിന്നെ ശിഷ്യന്മാരും.

എല്ലാകാര്യങ്ങളും ഹൃദയത്തില്‍ സംഗ്രഹിച്ചവളായിട്ടാണ് നാം ബൈബിളില്‍ മാതാവിനെ കാണുന്നത്. മകനെ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് മാതാവ് അപ്രകാരം പറഞ്ഞത്. ലോകത്തെ രക്ഷിക്കാന്‍ പിറവിയെടുത്തവന് എല്ലാ കാര്യങ്ങളും സാധ്യമാണെന്ന് അമ്മയ്ക്കറിയാമായിരുന്നു.

അതുപോലെ തോമസ് അക്വിനാസിനെപോലെയുള്ള വിശുദ്ധര്‍ പറയുന്നത് മാതാവിന്റെ ദയയും സ്‌നേഹവും പ്രകടമാക്കുന്നതാണ് ഈ സംഭവം എന്നാണ്. മറ്റൊരാളോടുള്ള മാതാവിന്റെ അനുകമ്പയും സ്‌നേഹവും ഇവിടെ വ്യക്തമാക്കപ്പെടുന്നു.

ചുരുക്കത്തില്‍ ദുര്‍ബലരോടും നിസ്സഹായരോടുമുളള മാതാവിന്റെ അനുകമ്പയും സ്‌നേഹവും കാരണവും ഈശോ ആരാണെന്ന് കൃത്യമായി ഈ ലോകത്തില്‍ ആദ്യമായി മനസ്സിലാക്കിയ വ്യക്തി എന്ന നിലയിലുമാണ് മാതാവ് കാനായിലെ കല്യാണവീട്ടില്‍ ഈശോയോട് മാധ്യസ്ഥം ചോദിച്ചത്. . അതുകൊണ്ട് നമുക്കും മാതാവിന്റെ കൂട്ടുപിടിച്ച് ഈശോയുടെ മുമ്പില്‍ നമ്മുടെ നിയോഗങ്ങള്‍ ചേര്‍ത്തുവയ്ക്കാം.

കൂടുതലായി നമുക്ക് ജപമാലകള്‍ചൊല്ലാം, മാതാവിന്‍റെ മുന്പില്‍ നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം. മാതാവ് ഈശോ വഴി നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും.

മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Ibbum2MdPtt5Y8tkOvglng



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.