മരണമടഞ്ഞുപോയ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹവും ആദരവും എങ്ങനെ നിലനിര്‍ത്താം?

മരണമടഞ്ഞുപോയവരെ പ്രത്യേകമായി ഓര്‍മ്മിക്കുന്ന മാസമാണല്ലോ നവംബര്‍? എന്നാല്‍ നവംബര്‍ മാസം മാത്രം മതിയോ അവരെ പ്രത്യേകമായി ഓര്‍ക്കേണ്ടത്? അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തേണ്ടത്? ഒരിക്കലുമല്ല. നമ്മുടെ ജീവിതകാലം മുഴുവന്‍ അവരുടെ ഓര്‍മ്മകള്‍ നാം സൂക്ഷിക്കുകയും അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടുത്തതലമുറയ്ക്ക് കൈമാറുകയും ചെയ്യണം. അതിനായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില പ്രായോഗിക മാര്‍ഗ്ഗങ്ങളുണ്ട്.

കുടുംബപ്രാര്‍ത്ഥനയ്ക്കിടയിലോ അല്ലെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പോ മരണമടഞ്ഞുപോയവരുടെ പേരു പറഞ്ഞ്തന്നെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഇത്തരം ഓര്‍മ്മയിലൂടെ അടുത്തതലമുറയിലേക്കും ആ പ്രിയപ്പെട്ടവരെക്കുറിച്ചുളള ഓര്‍മ്മകള്‍ കടന്നുചെല്ലും എന്ന പ്രത്യേകതകൂടിയുണ്ട്.

മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ഫോട്ടോ ടേബിളിലോ അല്ലെങ്കില്‍ പ്രത്യേകമായി നോട്ടമെത്തുന്ന ഇടത്തോ പ്രതിഷ്ഠിക്കുക. അത് അവരുടെ സ്മരണ സജീവമായി നിലനിര്‍ത്താന്‍ സഹായകരമാണ്.
ആ ഫോട്ടോയ്ക്ക് മുമ്പില്‍ മെഴുകുതിരി കൊളുത്തുക എന്നതാണ് മറ്റൊരു വഴി. വിശുദ്ധ ബൈബിളിലോ പ്രാര്‍ത്ഥനാപുസ്തകത്തിലോ ആ പ്രിയപ്പെട്ടവരുടെ ഒരു ഫോട്ടോ സൂക്ഷിക്കുക. വൈദികനെക്കൊണ്ട് വെഞ്ചരിച്ച ഫോട്ടോയാണ് കൂടുതല്‍ നല്ലത്.

അവരുടെ സ്മരണ നിലനിര്‍ത്താനായി അവരുടെ പേരില്‍ ഏതെങ്കിലുമൊക്കെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടതാണ് മരണമടഞ്ഞവരോടുള്ള ആദരസൂചകമായി മാന്യവും വിശുദ്ധവുമായ ജീവിതം നയിക്കുക എന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.