മരണാസന്നരുടെ കിടക്കയ്ക്കരികില്‍ ഇരുന്ന് കരുണക്കൊന്ത ചൊല്ലൂ, ഭാഗ്യമരണം ലഭിക്കും

മരണാസന്നനായ വ്യക്തിയുടെ ആത്മാക്കളെ ലക്ഷ്യമിട്ട് ചെകുത്താന്മാര്‍ അടുത്തുകൂടുമെന്ന കാര്യം പരക്കെ അറിവുള്ളതാണല്ലോ. ഇത്തരം അവസരങ്ങളില്‍ വ്യക്തികള്‍ക്ക് ഭാഗ്യമരണം ലഭിക്കാന്‍ ഏറ്റവും ശക്തിയുള്ള പ്രാര്‍ത്ഥനയാണ് കരുണയുടെ പ്രാര്‍ത്ഥന.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഇക്കാര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. കരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്ന നിമിഷങ്ങളില്‍ മരണാസന്നനായ വ്യക്തിയുടെ സമീപം ഈശോയുണ്ടാകുമെന്ന് ഫൗസ്റ്റീന പറയുന്നു. മരണാസന്നനായ വ്യക്തിയുടെയും പിതാവായ ദൈവത്തിന്റെയും നടുവിലാണ് ഈശോ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിലയുറപ്പിക്കുന്നത്.എത്രയോ മഹത്തായ ഒരു ഭാഗ്യമാണ് ഇത്.

പാപിയായ മനുഷ്യരെ മരണസമയത്തുപോലും ദൈവത്തിന്റെ അനന്തകാരുണ്യത്താല്‍ രക്ഷിച്ചെടുക്കാന്‍ ഈ പ്രാര്‍ത്ഥനയ്ക്ക് കഴിവുണ്ട്. പാപിയായ ഒരുവന്റെ മരണസമയത്തെ ഒരു അനുഭവവും വിശുദ്ധ പങ്കുവയ്ക്കുന്നുണ്ട്. അയാളുടെ ആത്മാവിന് വേണ്ടി ചെകുത്താന്മാര്‍ വിലപേശിക്കൊണ്ടിരിക്കുന്ന സമയം. സാത്താന്‍ തന്റെ ആത്മാവിനെ വലവീശിപിടിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കി അയാള്‍ ഭയപ്പെട്ടു. പലവിധ ഭയങ്ങള്‍ അയാളെ വരിഞ്ഞുമുറുക്കി. വല്ലാത്തൊരു നിമിഷമായിരുന്നു അത്.

അപ്പോളാണ് വിശുദ്ധ ഫൗസ്റ്റീന കരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്നത്. അപ്പോള്‍ നാം ചിത്രങ്ങളില്‍ കാ ണുന്നതുപോലെയുള്ള കരുണയുടെ ഈശോ പ്രത്യക്ഷപ്പെടുകയും അവിടുത്തെ ഹൃദയത്തില്‍ നിന്ന് ചുമപ്പും വെള്ളയും കലര്‍ന്ന പ്രകാശരശ്മികള്‍ പുറപ്പെടുകയും ചെയ്തു. ഈശോയുടെ ദിവ്യമായ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മരണാസന്നന്‍ ശാന്തനായി. അധികം വൈകാതെ അയാള്‍ ഭാഗ്യമരണം പ്രാപിക്കുകയും ചെയ്തു.

ഈ അനുഭവം നമ്മോട് പറയുന്നത് മരണസമയത്തും മരണാസന്നരുടെ അരികിലിരുന്നും നാം കരുണയ്ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമെന്നാണ്. ഈ ലോകത്തില്‍ നാം എന്തെല്ലാം നേടിയാലും നമ്മുടെ ആത്മാവ് നഷ്ടമായാല്‍ എന്തുഫലം?

ഈശോയുടെ കരുണയാണല്ലോ നമ്മുടെ ആത്മാക്കളെ രക്ഷിച്ചെടുക്കുന്നത്!



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.