ആദ്യത്തെ സക്രാരിയാവാൻ ഇടം കൊടുത്ത പരിശുദ്ധ അമ്മ എട്ടു നോന്പിനെക്കുറിച്ചുള്ള ധ്യാനചിന്തകള്‍

മാതാവിന്റെ എട്ട് നോമ്പ് ദിനം -1

_
ഈ ലോകം വിടുന്നതിനു മുൻപ് തന്റെ പ്രാണൻ പകുത്തു നല്കിയതിനോടൊപ്പം നസ്രായൻ  അവന്റെ അമ്മയെ കൂടി നമുക്കു നൽകി. നസ്രായന്റെ അമ്മ എക്കാലവും എന്റെയും നിന്റെയും അമ്മയാണ്.

പ്രിയപ്പെട്ട കൂട്ടുകാരെ വരാൻ പോകുന്ന എട്ടു ദിനങ്ങൾ നാം അവളോടൊപ്പമാണ് നസ്രായൻറെ അമ്മയോടൊപ്പം. നസ്രായന് പിറന്നു വീഴാൻ, ആദ്യത്തെ സക്രാരിയാവാൻ “ഇടം” കൊടുത്ത പരിശുദ്ധ അമ്മയോടൊപ്പം.ഗബ്രിയേൽ മാലാഖയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തപ്പോൾ പരിശുദ്ധ  അമ്മയ്ക്കു ലഭിച്ചത് തന്റെ ഉദരഫലം ആദ്യത്തെ സക്രാരിയായി മാറ്റുവാനുള്ള ഭാഗ്യമായിരുന്നു.

നസ്രായന് പിറന്നു വീഴാൻ ഇടം നൽകാൻ പരിശുദ്ധ അമ്മ അധികമായി ഒന്നും ചെയ്തില്ല. തന്റെ അടുക്കൽ എത്തിയ ദൈവത്തിന്റെ സ്വരത്തിനു കാതോർത്തു…ആ സ്വരത്തിനു ഉത്തരം നൽകി അത്രമാത്രം. പ്രിയപ്പെട്ട കൂട്ടുകാരെ ദൈവത്തിന്റെ സ്വരത്തിനു കാതോർക്കാൻ നമുക്കു സാധിക്കുന്നുണ്ടോ..

നമ്മുടെ അനുദിന ജീവിതത്തിൽ നമ്മുടെ ചുറ്റുപാടുകളിൽ കൂടി നമ്മുടെ മാതാപിതാക്കളിലൂടെ മക്കളിലൂടെ സഹോദരങ്ങളിലൂടെ കൂട്ടുകാരിലൂടെ നമ്മുടെ ദൈവം സംസാരിക്കുമ്പോൾ നമ്മിൽ എത്രപേർ അവന്റെ സ്വരത്തിനു കാതോർക്കുന്നുണ്ട്. അപരന്റെ സങ്കടങ്ങളിൽ ആശ്വാസം പകരുമ്പോൾ അപരന്റെ കുറവുകളെ നിറവുകളാക്കാൻ നാം ശ്രമിക്കുമ്പോൾ ഒക്കെ നാം ദൈവത്തിന്റെ സ്വരത്തിനു ഉത്തരം കൊടുക്കുകയാണ്. 

പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ജനിച്ചവന് നീ നിന്റെ ഹൃദയത്തിൽ ഇടം ഒരുക്കുന്നതിന് സമമാണ്…തീർച്ചയായും നിന്റെ ചുറ്റിനുമുള്ളവരിലൂടെ സംസാരിക്കുന്ന ദൈവത്തിനു നീ ഉത്തരം കൊടുക്കുമ്പോൾ നിന്റെ ഹൃദയത്തിലും നസ്രായന്റെ സക്രാരി മെനയാൻ ഇടം കൊടുക്കുകയാണ്.

എല്ലാവരെയും നസ്രായൻ അവന്റെ അമ്മ വഴി സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 

ഫാ. അനീഷ് കരിമാലൂർ
പരിശുദ്ധ അമ്മയ്ക്കു ഇന്നൊരു റോസാപ്പൂ സമ്മാനം കൊടുത്താലോ (1 നന്മ നിറഞ്ഞ മറിയം ചൊല്ലി പ്രാർത്ഥിക്കുക )



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.