പി. വി. സിന്ധു: ഇന്ത്യയുടെ സ്വർണ്ണ നദി

ചൈനീസ് ടിബറ്റിൽ ഉത്ഭവിച്ച് പ്രധാനമായും ഇന്ത്യയിലൂടെയും  പാക്കിസ്ഥാനിലൂടെയും ഒഴുകുന്നതാണ് സിന്ധു നദി. ആംഗലേയ ഭാഷയിൽ ‘ഇൻഡസ്’ എന്നറിയപ്പെടുന്ന ഈ നദിയാണ് ഭാരത ചരിത്രവുമായിച്ചേർത്ത്  ആദ്യം പരാമർശിക്കപ്പെടുന്നതും ‘ഹിന്ദുസ്ഥാൻ’ എന്ന പേര് രൂപം കൊള്ളാൻ കാരണമായതും. പ്രസിദ്ധമായ ഒരു ലോകസംസ്കാരം രൂപപ്പെട്ടത് ഈ നദീതീരത്താണ്.  സിന്ധു നദി ലോകപ്രസിദ്ധമായിരിക്കുന്നതുപോലെ ഇന്ത്യക്ക് അഭിമാനിക്കാൻ ഇന്ന് മറ്റൊരു സിന്ധുകൂടി: പുസർല വെങ്കട്ട സിന്ധു എന്ന പി. വി. സിന്ധു. ബാഡ്മിന്റൺ മത്സരത്തിൽ ലോകചാമ്പ്യനായി ഇന്ത്യയുടെ അഭിമാനം ലോകരാജ്യങ്ങളുടെ മുൻപിൽ ഉയർത്തിയ ഈ ഇരുപത്തിനാലുകാരി ഇന്ന് ഭാരതീയരുടെ മനസ്സിൽ അഭിമാനവും സന്തോഷവും നിറച്ച് വിജയിച്ചൊഴുകുകയാണ് ഒരു നദിപോലെ… പകരം, ഈ മിടുക്കിയെത്തേടി ഇപ്പോൾ സമ്മാനങ്ങളും അംഗീകാരങ്ങളും പണവും നദിപോലെ ഒഴുകിവന്നുകൊണ്ടിരിക്കുന്നു. 

ലോകചാംപ്യൻറെ തിളക്കത്തിൽ നിൽക്കുമ്പോൾ, അതിന്‍റെ പിന്നിൽ സിന്ധു താണ്ടിയ കനൽ വഴികൾ കാണാതിരുന്നുകൂടാ. ഏതൊരാളുടെയും മനസ്സുമടുക്കാവുന്ന അവസ്ഥയിൽനിന്നാണ് ഈ പെൺകൊടി ലോകചാമ്പ്യൻ പാട്ടത്തിലേക്കു കുതിച്ചു കയറിയത്. ഇതിനു മുൻപ് പത്തു പ്രധാന മത്സരങ്ങളിലെ ഫൈനലുകളിൽ തോൽവി, ആളുകളുടെ പരിഹാസവും കുറ്റപ്പെടുത്തലും കടുത്ത വിമർശനങ്ങളും, തുടർച്ചയായ ‘ഫൈനൽ തോൽവി’കൾ ഉണ്ടാക്കിയ മാനസിക സമ്മർദ്ദം… എന്നിങ്ങനെ ഒത്തിരി കടമ്പകളെയാണ് ആഴവും പരപ്പുമുള്ള ഒരു നദിയുടെ കരുത്തോടെ പി. വി. സിന്ധു ഇത്തവണ ഫൈനലിൽ നേരിട്ട് തോൽപ്പിച്ചത്. തുടർച്ചയായ പരാജയങ്ങളുടെ മുൻപിലും ആത്‌മവിശ്വാസം കൈവിടാൻ തയാറാകാത്തവരെത്തേടി വിജയം ഒരുനാൾ വരും എന്നതിന് അടിവരയിടുന്നു ഈ മിടുക്കിയുടെ വിജയം. 

സിന്ധുവിന്റെ ഈ വിജയം, 1861 മുതൽ 1865 വരെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ -ൻറെ ജീവിതത്തെ ഓർമിപ്പിക്കുന്നു: അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുൻപ് തുടർച്ചയായ പത്തോളം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. തോൽവിയുടെ മുൻപിൽ മനസ്സുമടുക്കാതിരുന്ന അദ്ദേഹം അമേരിക്കൻ ഐക്യനാടുകളുടെ പരമോന്നത പദവിയിലെത്തി. ഇത്തരമൊരു മഹത്തായ സന്ദേശം കൂടി നൽകിയ സിന്ധുവിന്റെ വിജയത്തിന് സ്വർണ്ണത്തിന്റെയല്ല, രത്‌നത്തിന്റെ തിളക്കമാണ്.

സിന്ധുവിന്‍റെ വിജയത്തെയും പരാജയത്തിൽനിന്നു ഉയിർത്തെഴുന്നേൽക്കാനുള്ള മനോഭാവത്തെയും കണ്ട്, അവരെ ‘റോൾ മോഡൽ’ ആക്കാൻ ഉദ്ദ്യേശിക്കുന്നവർ, അവരുടെ കഠിനാദ്ധ്വാനത്തിന്റെ കാര്യം കൂടി അറിയണം. നീണ്ട സീറ്റുകൾ തുടർച്ചയായി കളിക്കുന്നതിനു വേണ്ട അസാധാരണ കായികശേഷി നേടുന്നതിനായി കഠിന പരിശ്രമവും സമർപ്പണവും നടത്തിയിരുന്നു, സിന്ധു. എന്നും രാവിലെ നാല് മണിക്ക് തുടങ്ങുന്ന പരിശീലനം, വർക്ക്ഔട്ടുകൾ, നവ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്, വാട്സ്ആപ്, ട്വിറ്റർ തുടങ്ങിയവയിൽ നിന്നുള്ള വിട്ടുനിൽക്കൽ, റിയോ ഒളിമ്പിക്സിന് മുൻപുള്ള ഒൻപതു മാസങ്ങൾ ഫോൺ പോലും പൂർണ്ണമായും ഒഴിവാക്കിയത് തുടങ്ങിയവയെല്ലാം തന്റെ ലക്ഷ്യത്തിനുവേണ്ടി അവർ നടത്തിയ അസാമാന്യ മനോബലത്തിന്റെയും ക്ഷമയോടെയുള്ള കാത്തിരിപ്പിൻറെയും ലക്‌ഷ്യം നേടുന്നതിനായി നടത്തിയ സ്വയം സമർപ്പണത്തിന്റെയും തെളിവാണ്. ‘ചെറിയ ചാട്ടങ്ങൾ കൊണ്ടൊന്നും വലിയ തോട് കടക്കാനാവില്ല’ എന്ന നാട്ടറിവിൻ്റെ ഇക്കാലത്തെ ഉദാഹരണമാണ് കുമാരി പി. വി. സിന്ധു. 

വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവർക്കും മറുപടി പറയേണ്ടത് വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൊണ്ടാണെന്നുകൂടി സിന്ധു ഓർമ്മിപ്പിക്കുന്നു. മുമ്പുനടന്ന ഫൈനലുകളിൽ തോറ്റപ്പോൾ വിമർശിച്ചവർക്കാർക്കും സിന്ധു വിശദീകരണമോ ചുട്ട മറുപടിയോ കൊടുത്തതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തുകണ്ടില്ല. തൻ്റെ സമയത്തിനായി അവൾ കഠിനാദ്ധ്വാനത്തോടെ കാത്തിരുന്നു. സമയം വന്നപ്പോൾ അവൾ തന്റെ റാക്കറ്റ് കൊണ്ട് മറുപടി പറഞ്ഞിരിക്കുന്നു, വായ് കൊണ്ട് പറയുന്ന ഏതു മറുപടിയെക്കാളും ഉച്ചത്തിൽ. നമ്മെയും വിമർശിക്കാനും കുറ്റപ്പെടുത്താനും ഏറെപ്പേരുണ്ടാകും, നിശബ്ദതയിലൂടെ അവരോടു പ്രതികരിക്കുകയും പ്രവൃത്തിയിലൂടെ പിന്നീട് അവരോടു മറുപടി പറയുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല പ്രതികാരമായി ലോകം വിലയിരുത്തുന്നത്. വിമർശനങ്ങളെ വിജയത്തിലേക്ക് ചവിട്ടിക്കയറാനുള്ള പടികളായും പരാജയത്തെ ഊർജ്ജമായും സ്വീകരിക്കുന്നവർ ഒരിക്കൽ വിജയിക്കുകതന്നെ ചെയ്യും. 
ഈ ദിവസങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം സിന്ധു വീണ്ടും കഠിന പരിശ്രമത്തിലേക്കും കളിക്കളങ്ങളിലേക്കും തിരിച്ചുപോകും. തുടർച്ചയായി വിജയിച്ചുനിൽക്കാൻ തുടർ പരിശീലങ്ങൾ ആർക്കും ആവശ്യമാണ്. ഇന്ത്യയുടെ ‘മിസൈൽ മാൻ’ എന്നറിയപ്പെട്ടിരുന്ന മുൻ പ്രസിഡണ്ട് ഡോ. എ. പി. ജെ. അബ്ദുൽ കലാം  ഒരിക്കൽ ഇങ്ങനെ ഓർമ്മിപ്പിച്ചു: “ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്, കാരണം പിന്നീട് തോറ്റാൽ ആളുകൾ പറയും, ആദ്യ വിജയം ഭാഗ്യം കൊണ്ട് കിട്ടിയതായിരുന്നുവെന്ന് .” തുടർച്ചയായ കഠിനാദ്ധ്വാനവവും സമർപ്പണവും ചെയ്യാനും വിജയങ്ങൾ നേടിയെടുക്കാനും പി. വി. സിന്ധു നമ്മുടെ മുൻപിൽ ഒരു ഉദാഹരണമാകുന്നു. 

സിന്ധു ഇന്ത്യയിലേക്ക് നേടിക്കൊണ്ടുവന്നത് ഒരു സ്വർണ്ണം മാത്രമല്ല,  സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ചില ജീവിത പാഠങ്ങൾ കൂടിയാണ്. അനേകർക്ക്‌ പ്രചോദനമാകാനും അസാധ്യവിജയങ്ങൾ നേടിയെടുക്കാനും വീണ്ടും ഇന്ത്യയെ അഭിമാനിതയാക്കാനും കളിക്കളത്തിലെ ഈ രാജകുമാരിക്ക് സാധിക്കട്ടെ. വിജയപീഠത്തിൽ അവരെ കണ്ടപ്പോൾ സത്യത്തിൽ ഇങ്ങനെ തോന്നുന്നു: ഒരു രത്‌നം, സ്വർണം കഴുത്തിലണിഞ്ഞു നിൽക്കുന്നു!

അനുഗ്രഹം നിറഞ്ഞ ഒരാഴ്ചയ്ക്കായി പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവ്വം, 

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.