ദിവ്യകാരുണ്യം മരണത്തിനുള്ള മറുമരുന്നോ?

മനുഷ്യരാണോ നാം ഒരുനാള്‍ മരിക്കും. എന്നാല്‍ എന്നുമരിക്കുമെന്ന് മാത്രം നമുക്ക് പറയാന്‍ കഴിയില്ല. എന്നിട്ടും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ നാം ആഗ്രഹിക്കുന്നു, മരണത്തില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

ഒരിക്കലും ഇല്ല. പക്ഷേ നിത്യമായി ജീവിക്കാന്‍, ജീവിച്ചിരിക്കാന്‍ നമുക്ക് മുന്നിലൊരു മാര്‍ഗ്ഗമുണ്ട്. അതാണ് ദിവ്യകാരുണ്യം. ആദിമക്രൈസ്തവര്‍ മരണത്തിനുള്ള മറുമരുന്നായിട്ടാണ് ദിവ്യകാരുണ്യത്തെ കണ്ടിരുന്നത്.

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് വിശ്വാസികള്‍ക്കെഴുതിയ കത്തില്‍ ദിവ്യകാരുണ്യം നമ്മെ നിത്യകാലം ജീവിച്ചിരിക്കാന്‍ കാരണമാകുന്നതായി എഴുതിയിട്ടുണ്ട്. എന്നാല്‍ അതൊരിക്കലും ഭൂമിയില്‍ നിത്യകാലം ജീവിച്ചിരിക്കലല്ല. ക്രിസ്തുവിലുളള നിത്യമായ ജീവിതമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത് സ്വര്‍ഗ്ഗീയജീവിതത്തിന് നമ്മെ അര്‍ഹമാക്കുന്നത് ദിവ്യകാരുണ്യസ്വീകരണമാണ്. വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ്.

യോഹന്നാന്‍ ശ്ലീഹ ആറാം അധ്യായം 53 മുതല്‍ 58 വരെയുളള തിരുവചനങ്ങളില്‍ ഇക്കാര്യം പറയുന്നുമുണ്ട്.

യേശു പറഞ്ഞു, സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ എന്റെ ശരീരം യഥാര്‍ത്ഥഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥപാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു. ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

ദിവ്യകാരുണ്യസ്വീകരണം നമുക്ക് നിത്യജീന്‍ നല്കുമെന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. അതുകൊണ്ട് യേശുവിനോടൊപ്പമുള്ള നിത്യജീവിതമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ നാം ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ടേയിരിക്കുക. അത് സ്വീകരിക്കാന്‍തക്ക വിശുദ്ധിയോടെ ഈ ലോകത്ത് ജീവിക്കുകയും ചെയ്യുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.